ഫോറങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുപ്രീംകമ്മിറ്റി ഐഎല്‍ഒയോടു വിശദീകരിച്ചു
തൊഴിലാളി ക്ഷേമ ഫോറങ്ങളുടെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കുന്നു

ദോഹ: 2022 ഫിഫ ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ തൊഴിലാളി ക്ഷേമ ഫോറങ്ങളുടെ പ്രവര്‍ത്തനം വിജയകരമെന്ന് ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം വിലയിരുത്തി. തൊഴിലാളി ക്ഷേമ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തൊഴിലാളികള്‍ക്കിടയില്‍ ഫോറം വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മന്ത്രാലയം വിശദമായി പഠിച്ചിരുന്നു.
ഫോറത്തിന്റെ അനുഭവങ്ങളെക്കുറിച്ച് സുപ്രീംകമ്മിറ്റി തൊഴില്‍മന്ത്രാലയത്തോടും രാജ്യാന്തര തൊഴില്‍ സംഘടന(ഐഎല്‍ഒ)യോടും വിശദീകരിക്കുകയും ചെയ്തു. ഫോറത്തിന്റെ മാതൃകയില്‍ സംയുക്ത കമ്മിറ്റി സംവിധാനം രാജ്യമൊട്ടാകെ നടപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം സുപ്രീംകമ്മിറ്റിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.
പരാതി പരിഹാരസംവിധാനമെന്നനിലയിലാണ് സുപ്രീംകമ്മിറ്റി പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി തൊഴിലാളി ക്ഷേമ ഫോറങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. 2015ലാണ് ഫോറത്തിന് തുടക്കംകുറിച്ചത്. ഈ ഫോറങ്ങളില്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തൊഴിലാളികള്‍ക്ക് അവസരമുണ്ട്.
തൊഴിലാളികള്‍ക്ക് തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതിന് ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് ഈ ഫോറങ്ങള്‍. ഫോറങ്ങള്‍ സ്വതന്ത്രവും സുതാര്യവും സ്വീകാരയോഗ്യവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കുന്നുണ്ട്. ബില്‍ഡിങ് ആന്റ് വുഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണല്‍, ഐഎല്‍ഒ എന്നിവയുടെ അംഗീകാരം ഈ തൊഴിലാളി ക്ഷേമ ഫോറങ്ങള്‍ക്കുണ്ട്. ഫോറങ്ങളിലേക്ക് 32 വിവിധ താമസസൗകര്യങ്ങളിലായി 62 തെരഞ്ഞെടുപ്പുകളാണ് ഇതുവരെയായി നടന്നത്.

21,000ലധികം തൊഴിലാളികള്‍ ഈ ഫോറങ്ങളുടെ പരിധിയില്‍ വരും. സുപ്രീംകമ്മിറ്റിയുടെ ആകെ തൊഴില്‍ശക്തിയുടെ 57ശതമാനത്തിലധികംപേരും ഇതിന്റെ ഭാഗമായിട്ടുണ്ട്. ഫോറം തെരഞ്ഞടുപ്പിലെ തൊഴിലാളികളുടെ വര്‍ധിച്ച പങ്കാളിത്തം ഇതിന്റെ വിശ്വാസ്യതയുടെ ഉദാഹരണമാണ്.
തൊഴിലാളികള്‍ക്കായി സുപ്രീംകമ്മിറ്റി നടപ്പാക്കിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇത്തരം ഫോറങ്ങളും. തൊഴിലാളി ക്ഷേമ ഫോറങ്ങള്‍ക്കായി തെരഞ്ഞെടുപ്പു നടത്തുന്നതിന് കരാറുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും സുപ്രീംകമ്മിറ്റി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഒട്ടുമിക്ക പ്രധാന കരാറുകാരുടെയും താമസ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്കായുള്ള ക്ഷേമ ഫോറങ്ങള്‍ ഇപ്പോള്‍ രൂപീകരിച്ചിട്ടുണ്ട്. ഫോറങ്ങളുടെ തെരഞ്ഞെടുപ്പ്, യോഗങ്ങള്‍ എന്നിവയെല്ലാം രാജ്യാന്തര തൊഴിലാളി സംഘടനയും ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയവും നിരീക്ഷണവിധേയമാക്കിയിരുന്നു.
തൊഴിലാളി ക്ഷേമ ഫോറങ്ങളുടെ നാലു തെരഞ്ഞെടുപ്പുകളിലും പത്ത് യോഗങ്ങളിലും മന്ത്രാലയത്തിന്റെയും ഐഎല്‍ഒയുടെയും പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട്, ഖത്തറിന്റെ തൊഴില്‍നിയമം അനുശാസിക്കുന്ന വിധത്തില്‍ സംയുക്ത കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി ഉള്‍ക്കാഴ്ച നേടുന്നതിനായാണ് മന്ത്രാലയം പ്രതിനിധികള്‍ ഈ തെരഞ്ഞെടുപ്പുകളിലും യോഗങ്ങളിലും പങ്കെടുത്തത്.
അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ സംയുക്ത കമ്മിറ്റികള്‍ ഖത്തറിലുടനീളം പ്രവര്‍ത്തനം തുടങ്ങും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലാളി ക്ഷേമ തെരഞ്ഞെടുപ്പുകള്‍ ചെലുത്തിയ സ്വാധീനത്തില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് സുപ്രീംകമ്മിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മഹ്മൂദ് ഖുത്തുബ് പറഞ്ഞു. ഫോറങ്ങളുടെ സ്വാധീനം പ്രകടമാക്കുന്നതിനായി മന്ത്രാലയം, ഐഎല്‍ഒ എന്നിവയിലെ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഖത്തറിലുടനീളം സമാനമായ ആശയം അവതരിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ സുപ്രീംകമ്മിറ്റിയുടെ തൊഴിലാളി ക്ഷേമഫോറം 14 ആയിരുന്നത് ഇപ്പോള്‍ 108 ആയി വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ നിന്നുള്ള പങ്കാളികളുമായി ചേര്‍ന്ന് സംയുക്ത കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയവും ഐഎല്‍ഒയും നിലവില്‍ മൂന്നുവര്‍ഷത്തെ സാങ്കേതിക സഹകരണ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
തൊഴിലാളി ക്ഷേമ ഫോറങ്ങള്‍ എങ്ങനെയാണ് വിജയിച്ചതെന്ന് മനസിലാക്കുന്നതിനായി സുപ്രീംകമ്മിറ്റിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.