
ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ ദോഹ ദക്ഷിണ മലിനജല ശുദ്ധീകരണപദ്ധതിക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ഓറക്കിളിന്റെ കണ്‍സ്ട്രക്ഷന്‍ ആന്റ് എന്‍ജിനിയറിങ് എക്‌സലന്‍സ് പുരസ്‌കാരമാണ് പദ്ധതിക്ക് ലഭിച്ചത്. പ്രോസസ്സ് കാര്യക്ഷമത, വിഭവ വിനിയോഗം, റെക്കോര്‍ഡ് മാനേജുമെന്റ്, മെച്ചപ്പെട്ട സഹകരണം എന്നിവയ്ക്കുള്ള പ്രാഥമിക തന്ത്രമായി ഡിജിറ്റല്‍ എന്‍ജിനിയറിങ് ഉപയോഗിച്ചതിനാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ദോഹയില്‍ നടന്ന വാര്‍ഷിക പുരസ്‌കാരദാന ചടങ്ങില്‍ അശ്ഗാലിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ്‌സ് ആന്റ് ടിഎസഇ നെറ്റ്‌വര്‍ക്ക് പ്രൊജക്റ്റ്‌സ് വിഭാഗം മേധാവി എന്‍ജിനിയര്‍ ഖാലിദ് മഹെര്‍ അല്‍ഖാതമി പുരസ്‌കാരം ഏറ്റുവാങ്ങി.
എന്‍ജിനിയറിങ് ന്യൂസ് റെക്കോര്‍ഡിന്റെ(ഇഎന്‍ആര്‍) ആഗോളതലത്തിലെ ഏറ്റവും മികച്ച പദ്ധതിക്കുള്ള പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം അശ്ഗാലിന്റെ ഈ പദ്ധതി സ്വന്തമാക്കിയിട്ടുണ്ട്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കുന്നതിനായി ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ഖത്തറിന്റെ താല്‍പര്യത്തിന്റെ ഭാഗമാണ് ഈ സുപ്രധാന പദ്ധതി.
റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ആക്‌സിഡന്റ്‌സ്(ആര്‍ഒഎസ്പിഎ) ഗോള്‍ഡ് പുരസ്‌കാരം, സിവില്‍ എന്‍ജിനിയറിങ് പാരിസ്ഥിതിക ഗുണനിലവാര വിലയിരുത്തല്‍ പുരസ്‌കാര സ്‌കീം(സീക്വല്‍) എന്നിവയും ഈ പദ്ധതി നേടിയിരുന്നു. ദോഹ ദക്ഷിണ മലിനജല ശുദ്ധീകരണപദ്ധതിയുടെ ഭാഗമായി അശ്ഗാല്‍ മെയിന്‍ ട്രങ്ക് സ്യുവറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തീകരിച്ചിരുന്നു. ദോഹയുടെ തെക്ക് ഭാഗങ്ങളില്‍ ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ആ ഭാഗങ്ങളില്‍ സേവനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജേക്കബ്‌സാണ് പദ്ധതിയുടെ രാജ്യാന്തര മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്.
ദോഹയുടെ തെക്ക് ഭാഗങ്ങളില്‍ ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ആ ഭാഗങ്ങളില്‍ സേവനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എംടിഎസില്‍ മൂന്നു ശാഖകളാണ് പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. വടക്ക്, പടിഞ്ഞാറ്, കിഴക്ക് എന്നിവ. ആകെ ദൈര്‍ഘ്യം ഏകദേശം 16 കിലോമീറ്ററാണ്. പദ്ധതിയിലെ വടക്കന്‍ മേഖല റൗദത്ത് അല്‍ഖയ്ല്‍, നുഐജ പ്രദേശങ്ങളിലൂടെ ഏകദേശം നാലു കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മീസൈമീര്‍, അല്‍മാമൂറ മുതല്‍ ഫരീദ് അല്‍സൗദാന്‍ വരെ ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പടിഞ്ഞാറന്‍ മേഖല.
ഇ-റിങ് റോഡ് മുഖേന അല്‍തുമാമ മുതല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് വരെ ഏഴു കിലോമീറ്ററാണ് കിഴക്കന്‍ മേഖലയുടെ ദൈര്‍ഘ്യം. ഈ ശാഖകള്‍ ഗുരുത്വാകര്‍ഷണ അധിഷ്ഠിത തുരങ്കങ്ങളാണ്. മലിനജലം ഒഴുകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം കുറക്കുന്നതിനും മലിനജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലൂടെ ദുര്‍ഗന്ധം നിയന്ത്രിക്കുന്നതിനും മലിനജല സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിനും പരിപാലത്തിനുമുള്ള ചെലവു കുറക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്.