
ദോഹ: ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030(ക്യുഎന്‍വി) സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും സെന്‍സസെന്ന് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി(പിഎസ്എ). ജനസംഖ്യ. പാര്‍പ്പിടം, സ്ഥാപനങ്ങള്‍ എന്നിവയുടെ പൊതുസെന്‍സസ് 2020ന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സ്ഥിതിവിവരക്കണക്കുകള്‍ക്കു വേണ്ടി മാത്രമാണെന്നും പിഎസ്എ വ്യക്തമാക്കി.
വിവരവും ഡാറ്റയും സ്റ്റാറ്റിസ്റ്റിക്കല്‍ പട്ടികകളായി മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ, അതേസമയം ഔദ്യോഗിക സ്ഥിതിവിവരങ്ങള്‍ സംബന്ധിച്ച 2011ലെ രണ്ടാം നമ്പര്‍ നിയമപ്രകാരം വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി തുടരും. നവംബര്‍ 11 മുതല്‍ സര്‍വേയര്‍മാര്‍ തങ്ങളുടെ ഫീല്‍ഡ് ടൂറുകള്‍ ആരംഭിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് റെക്കോര്‍ഡുകളില്‍ ലഭ്യമായ ഡാറ്റ സ്ഥിരീകരിക്കുക, നഷ്ടമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നിവയാണ് ഫീല്‍ഡ് ടൂറിലൂടെ ലക്ഷ്യമിടുന്നത്. സര്‍വേയര്‍മാരുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും പിഎസ്എ അഭ്യര്‍ത്ഥിച്ചു. അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വീടുകളിലും കെട്ടിടങ്ങളിലും സര്‍വേയര്‍മാര്‍ സന്ദര്‍ശിക്കുമ്പോള്‍ അവരുമായി സഹകരിക്കണം. 2020ലെ സെന്‍സസ് ഖത്തര്‍ സെന്‍സസിന്റെ പുരോഗതിയില്‍ ഒരു കുതിച്ചുചാട്ടമായിരിക്കുമെന്ന് പിഎസ്എ വ്യക്തമാക്കി. ജനസംഖ്യ, പാര്‍പ്പിടം, കെട്ടിടങ്ങള്‍ എന്നിവയുടെ സമഗ്രമായ കേന്ദ്ര ഡാറ്റാ റെക്കോര്‍ഡ് തയാറാക്കുകയും അത്തരം ഡാറ്റ തല്‍ക്ഷണം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സിസ്റ്റവുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് സെന്‍സസിന്റെ ലക്ഷ്യം. ഇത് ക്രമേണ ഫീല്‍ഡ് സര്‍വേകളുടെ ആവശ്യകത കുറയ്ക്കുകയും സമയം, പരിശ്രമം, ചെലവ് എന്നിവ ലാഭിക്കുകയും ഖത്തറിനെ ഈ രംഗത്തെ ഒരു മുന്‍നിര രാജ്യമാക്കി മാറ്റുകയും ചെയ്യും. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി 2020ലെ സെന്‍സസിനെ പിഎസ്എ കണക്കാക്കുന്നു.
എല്ലാ തന്ത്രപരമായ മേഖലകളുടെയും വിജയം ഉറപ്പാക്കാന്‍ വ്യക്തവും സമഗ്രവും കൃത്യവുമായ സ്ഥിതിവിവരക്കണക്കുകള്‍ ഇതിനാവശ്യമാണ്. ബ്രിട്ടീഷ് സഞ്ചാരിയും ചരിത്രകാരനുമായ ജോണ്‍ ഗോര്‍ഡന്‍ ലോറിമര്‍ തന്റെ ‘ഗള്‍ഫ് ഗൈഡ്’ എന്ന പുസ്തകത്തില്‍ ഖത്തറിലെ ജനസംഖ്യയുടെ ആദ്യ കണക്കെടുപ്പ് നടത്തിയിട്ട് 111 വര്‍ഷമായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പിഎസ്എ ചൂണ്ടിക്കാട്ടി. 1970ല്‍ ഖത്തറിലെ ജനസംഖ്യയുടെ സാമ്പിള്‍ ഉപയോഗിച്ച് ആദ്യത്തെ സര്‍വേയും 1981 ഒക്ടോബറില്‍ സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകളെക്കുറിച്ച് മറ്റൊരു സര്‍വേയും നടത്തിയിരുന്നു. കുടുംബങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും ആദ്യത്തെ സമഗ്ര സെന്‍സസ് 1986 മാര്‍ച്ച് 16 ന് നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളില്‍ കൂടുതല്‍ സമഗ്രമായ സെന്‍സസും സ്ഥിതിവിവരക്കണക്കുകളും നടത്തിവരുന്നു. ഉയര്‍ന്ന യോഗ്യതയുള്ള 400 ഓളം ഫീല്‍ഡ് സര്‍വേയര്‍മാരുടെയും ഫീല്‍ഡ് ടീമുകളുടെ സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ 2020ലെ സെന്‍സസ് നടത്തും. ആദ്യ ഘട്ടം ഒരു മാസവും രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചിലും നടക്കും. സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ രണ്ട് വര്‍ഷത്തിലധികം നീണ്ടതായി പിഎസ്എ പ്രസ്താവനയില്‍ പറയുന്നു.