in , ,

ദീര്‍ഘകാല ചികിത്സാ പരിചരണം: പ്രത്യേക കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദാം സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്‌

ദോഹ: ആസ്പത്രികളിലല്ലാതെ, ദീര്‍ഘകാല ചികിത്സാ പരിചരണം ആവശ്യമുള്ള രോഗികള്‍ക്കായി പ്രത്യേക പരിചരണ കേന്ദ്രം തുറന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം നിര്‍വഹിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) കീഴില്‍ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് കേന്ദ്രം. ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരും ഉന്നതവ്യക്തിത്വങ്ങളും പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. കേന്ദ്രത്തില്‍ ലഭ്യമാക്കുന്ന ആരോഗ്യ പരിരക്ഷാസേവനങ്ങളെക്കുറിച്ചും അത്യാധുനിക സംവിധാനങ്ങളെയും സൗകര്യങ്ങളെയുംകുറിച്ചും അദ്ദേഹത്തോടു വിശദീകരിച്ചു.
ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, മറ്റ് മെഡിക്കല്‍, നഴ്‌സിംഗ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നുണ്ട്. രോഗികള്‍ക്ക് വീട് പോലെയുള്ള അന്തരീക്ഷമാണ് പ്രദാനം ചെയ്യുന്നത്. ഇനായ കേന്ദ്രങ്ങളുടെ ക്ലിനിക്കല്‍ ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ് പുതിയ കേന്ദ്രം.ദീര്‍ഘകാല ഇന്‍പേഷ്യന്റ് ചികിത്സാപരിചരണം ആവശ്യമായ രോഗികള്‍ക്കാകും ഇതിന്റെ പ്രയോജനം ലഭിക്കുക. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും സ്‌പോര്‍ട്‌സ് ആന്റ് സോഷ്യല്‍ ആക്ടിവിറ്റീസ് സപ്പോര്‍ട്ട് ഫണ്ടും(ദാം) സഹകരിച്ചാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ദാം സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍ എന്ന പേരിലാണ് പരിചരണകേന്ദ്രം പ്രവര്‍ത്തിക്കുക. നാലുനിലകളിലായാണ് പുതിയ കേന്ദ്രം.പ്രായമുള്ളവരെയാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. പക്ഷെ പ്രായപരിധിയില്ലാതെ അര്‍ഹതയുള്ള ആര്‍ക്കും പരിചരണം ഉറപ്പാക്കും. നിര്‍മാണത്തിന്റെ നൂറുശതമാനം ചെലവും ദാം സംഭാവനയായി നല്‍കുമെന്ന് അറിയിച്ചിരുന്നു.
എച്ച്എംസിയുടെ നിലവിലുള്ള ഇനായ പരിചരണകേന്ദ്രങ്ങള്‍ക്കൊപ്പമായിരിക്കും പുതിയ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം. പുതിയ കേന്ദ്രത്തില്‍ 68 കിടക്കകളാണ് ക്രമീകരിച്ചിരിക്കുന്നത്. 44 സ്വകാര്യ റൂമുകളുണ്ടാകും. താഴത്തെ നില യൂട്ടിലിറ്റി സേവനങ്ങള്‍ക്കായാണ്. നിലവിലെ ഇനായ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്്. നാല്‍പ്പത് മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിലൂടെ ഇനായ രണ്ട് കെട്ടിടവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇനായ ഒന്നിനെയും രണ്ടിനെയും പാലത്തിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മൂന്നു കെട്ടിടങ്ങളും പരസ്പരബന്ധിതമാണ്. ഇതിനുപുറമെ ആസ്പത്രി ചട്ടക്കൂടിനു പുറത്ത് ദീര്‍ഘകാല പരിചരണം ആവശ്യമായ രോഗികള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തും.
ഇന്‍പേഷ്യന്‍ പരിചരണ കേന്ദ്രത്തിലൂടെ രോഗികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സാപരിചരണം ലഭ്യമാക്കും. ആസ്പത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും അതേസമയം ദീര്‍ഘകാല പരിചരണം ആവശ്യമായി വരുകയും ചെയ്യുന്ന രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സുഖകരവും വീടിനു സമാനമായ അന്തരീക്ഷവുമാണ് രോഗികള്‍ക്കായി ഇവിടെ ഒരുക്കുക. ഉന്നത ഗുണനിലവാരത്തിലുള്ള രോഗീ കേന്ദ്രീകൃത ആരോഗ്യപരിചരണമാണ് ലക്ഷ്യംവയ്ക്കുന്നത്. 80 കട്ടിലുകളുമായി 2010-ല്‍ തുടങ്ങിയ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഇന്ന് കൂടുതല്‍ വിപുലീകൃതമായിട്ടുണ്ട്. 2015ല്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ പുതിയ സപെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍(ഇനായ) പ്രവര്‍ത്തനം തുടങ്ങി.
അത്യാധുനിക സാങ്കേതികസംവിധാനങ്ങളോടെ നിര്‍മിച്ച സെന്ററില്‍ സ്വദേശികളും വിദേശികള്‍ക്കും മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്നുണ്ട്. ഖത്തറിലും അറബ് ലോകത്തും ഇത്തരമൊരു കേന്ദ്രം ഇതാദ്യമാണ്. എല്ലാ വിഭാഗത്തിലും പെട്ട രോഗികള്‍ക്കും അവര്‍ക്കാവശ്യമായ ചികിത്‌സകളും ശുശ്രൂഷകളും ദീര്‍ഘ കാലയളവിലും ചെയ്യാന്‍ സെന്റര്‍ സജ്ജമാണ്. റൂമുകളില്‍ ടെലിവിഷനും കുടുംബങ്ങള്‍ക്കുള്ള താമസ സൗകര്യവും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ജിംനേഷ്യവും ഹെയര്‍ഡ്രെസ്സിംഗിനുള്ള സൗകര്യവുമെല്ലാം ഇനായ സ്‌പെഷ്യലൈസ്ഡ് സെന്ററിലുണ്ട്. ഇനായ 1, 2 സെന്ററുകളിലായി 150ലധികം കിടക്കകളുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് അത്യാധുനികമായ പരിചരണ കേന്ദ്രം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പുസ്തകോത്സവത്തിനു ഉജ്വല തുടക്കം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ