
ദോഹ: ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ(ക്യുസിഎച്ച്) ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടല്പ്രകാരം ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് രണ്ടിനായിരിക്കും. ദുല്‍ഖഅദ 29ന്(ആഗസ്ത് 1) രാവിലെ 6.23നായിരിക്കും ഹിജ്റ വര്‍ഷം 1440ലെ ദുല്‍ഹജ്ജ് ചന്ദ്രപ്പിറവി. ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണകമ്മിറ്റിയായിരിക്കും ദുല്‍ഹിജ്ജയുടെ ആഗമനം സംബന്ധിച്ച തീരുമാനത്തിന് നിയമസാധുത നല്‍കുന്നത്.
ചന്ദ്രപ്പിറ കാണുന്ന ദിവസം ഖത്തറിന്റെ ആകാശത്ത് സൂര്യാസ്തമയ സമയത്ത് ദുല്‍ഹജ്ജ് 1440ന്റെ പുതിയ ചന്ദ്രക്കലയുടെ പ്രായം പന്ത്രണ്ട് മണിക്കൂറും ഏഴു മിനിട്ടുമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രവിദഗ്ദ്ധന് ഡോ.ബഷീര്‍ മര്‍സൂഖ് ചൂണ്ടിക്കാട്ടി. ജ്യോതിശാസ്ത്ര ദൂരദര്‍ശിനികളുടെ സഹായത്തോടെ മിക്ക അറബിക്, ഇസ്ലാമിക് രാജ്യങ്ങളിലും പുതിയ ചന്ദ്രക്കല നിരീക്ഷിക്കാനാകും.
ആഗസ്ത് ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം വെളിച്ചമോ പരിസ്ഥിതി മലിനീകരണമോ ഇല്ലാത്ത സ്ഥലങ്ങളിലും ചന്ദ്രക്കല ദര്‍ശിക്കാനാകും. അതുകൊണ്ടുതന്നെ ആഗസ്ത് ഒന്ന് വ്യാഴാഴ്ച ദുല്‍ഖഅദയുടെ അവസാനവും ആഗസ്ത് രണ്ട് വെള്ളിയാഴ്ച ദുല്‍ഹിജ്ജയുടെ തുടക്കവുമാകുമെന്നാണ് ക്യുസിഎച്ച് ചൂണ്ടിക്കാട്ടുന്നത്. ആഗസ്ത് പതിനൊന്നിന് വലിയ പെരുന്നാളാകാനാണ് സാധ്യത.