in , ,

ദേശീയദിനം: ദര്‍ബ് അല്‍സായിയില്‍ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു

ദര്‍ബ് അല്‍സായിയിലെ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതിന്റെ ദൃശ്യം

ദോഹ: ഖത്തറിന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളുടെ മുഖ്യവേദിയായ ദര്‍ബ് അല്‍സായിയില്‍ തയാറെടുപ്പുകളും ക്രമീകരണങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 70ശതമാനത്തിലധികം ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
ദര്‍ബ് അല്‍സായിയിലെ പരിപാടികള്‍ക്ക് ഡിസംബര്‍ പന്ത്രണ്ടിന് തുടക്കമാകും. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം അല്‍സദ്ദിലെ ദര്‍ബ് അല്‍സായിയാണ്. ഖത്തരികളുടെയും പ്രവാസി സമൂഹത്തിന്റെയും വര്‍ധിച്ച പങ്കാളിത്തം ഇത്തവണയും പ്രതീക്ഷിക്കുന്നു. ഡിസംബര്‍ ഇരുപത് വരെയായിരിക്കും ദര്‍ബ് അല്‍സായിയിലെ ആഘോഷങ്ങള്‍. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെയെല്ലാം പവലിയനുകള്‍ ഇവിടെയുണ്ടാകും. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ വിനോദ വിജ്ഞാന പരിപാടികളാണ് ക്രമീകരിക്കുന്നത്. ആഘോഷങ്ങള്‍ക്കായി നിരവധി ടെന്റുകളും സജ്ജമാക്കും. ഇത്തവണ ആദ്യമായി നിരവധി സ്ഥാപനങ്ങളും സംഘടനകളും പങ്കെടുക്കുന്നുണ്ട്. ഖത്തരി പതാകകള്‍ ആഘോഷവേദികളിലെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ദിനമായ 12ന് ഉച്ചക്കുശേഷം മൂന്നു മുതലാണ് പ്രവേശനം. 3.30 മുതല്‍ രാത്രി പതിനൊന്നുവരെ പ്രവര്‍ത്തിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രണ്ടു ഷിഫ്റ്റുകളിലായാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നു വരെയും ഉച്ചയ്ക്കുശേഷം മൂന്നു മുതല്‍ രാത്രി പത്തുവരെയും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പതിനൊന്നുവരെയാണ് പ്രവേശനം.
13നും 15നും ദേശീയ ദിനമായ 18നും 20നും പൊതുജനങ്ങള്‍ക്കും 14ന് കുടുംബങ്ങള്‍ക്കുമാണ് പ്രവേശനം. 16ന് രാവിലെ കുടുംബങ്ങള്‍ക്കും ഉച്ചക്കുശേഷം പൊതുജനങ്ങള്‍ക്കും 17ന് രാവിലെ കുടുംബങ്ങള്‍ക്കുമായിരിക്കും പ്രവേശനം. 17ന് ഉച്ചക്കുശേഷം വനിതകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. 19ന് രാവിലെ കുടുംബങ്ങള്‍ക്കും ഉച്ചക്കുശേഷം പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം. സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിപുലമായ സൗകര്യമുണ്ടാകും. അംഗപരിമിതര്‍ക്ക് പാര്‍ക്കിങിന് പ്രത്യേക സൗകര്യമുണ്ടാകും. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ബസുകള്‍ക്കും പ്രത്യേക പാര്‍ക്കിങ് സ്ഥലം നിശ്ചയിക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നിരവധി ആരോഗ്യസ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യ സേവനങ്ങളും ആംബുലന്‍സുകളും സംഘാടകസമിതി സജ്ജമാക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീറിന്റെ അധ്യക്ഷതയില്‍ ഉന്നത സാമ്പത്തിക സമിതി ചേര്‍ന്നു

ചാലിയാര്‍ ദോഹ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു