
ദോഹ: ഒന്‍പതാമത് ദേശീയ കായിക ദിനാഘോഷത്തോട് അനുബന്ധിച്ചു ഫെബ്രുവരി 11ന് കത്താറയില്‍ വിവിധ പരിപാടികള്‍ നടക്കും. ആയിരക്കണക്കിന് പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ വരവേല്‍ക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് കത്താറയില്‍ ഏര്‍പ്പെടുത്തുന്നത്.
17 കായിക ഫെഡറേഷനുകളും 15 മന്ത്രാലയങ്ങളും 14 ആരോഗ്യ സ്ഥാപനങ്ങളും ഭക്ഷ്യ കമ്പനികളും ഏഴു സ്വകാര്യ കമ്പനികളും ഉള്‍പ്പടെ 54 പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇത്തവണ കത്താറയിലെ കായികദിനാഘോഷങ്ങളില്‍ പങ്കെടുക്കും. കായിക ദിനാഘോഷത്തില്‍ പങ്കെടുക്കാനായി എല്ലാവരെയും കത്താറ സ്വാഗതം ചെയ്യുന്നതായും കായികദിനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും പരിപാടികളെന്നും കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും യോജിച്ചതും സമൂഹത്തിലെ വിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കാനുതകുന്നതുമാണ് പരിപാടികള്‍. കായികപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടുവരാനാകും.
കത്താറ കായികദിനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തരം കായികപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി തിരക്കേറിയ പ്രോഗ്രാമാണ് കത്താറ തയാറാക്കിയിരിക്കുന്നതെന്ന് പര്‍ച്ചേസിങ് വകുപ്പ് ഡയറക്ടറും സംഘാടകസമിതി ചെയര്‍മാനുമായ അബ്ദുല്‍റഹ്മാന്‍ അല്‍തമീമി പറഞ്ഞു. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ഭാഗമായി ആരോഗ്യമുള്ള ജീവിത ശൈലികളുടെ പ്രചരണം, ബോധവല്‍ക്കരണം എന്നിവയ്ക്കാണ് കായികദിനത്തില്‍ ഊന്നല്‍. എല്ലാ കായിക വിനോദങ്ങളിലും പങ്കെടുക്കാനുള്ള സൗകര്യം കത്താറയില്‍ ഒരുക്കുന്നുണ്ട്. ആരോഗ്യവും വിനോദവും നിറഞ്ഞ അന്തരീക്ഷമാണു കത്താറയില്‍ ക്രമീകരിക്കുന്നത്.
കായികദിനത്തിന്റെ ഒന്‍പതാം പതിപ്പില്‍ കത്താറയില്‍ സവിശേഷമായ പുതിയ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമായി ഖത്തര്‍ എയര്‍സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ എയര്‍ഷോ കത്താറയുടെ ആകാശത്തുണ്ടാകും. ഖത്തര്‍ ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന്‍ പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായി വിവിധങ്ങളായ പരിപാടികള്‍ നടത്തും.
കത്താറ ബീച്ചില്‍ സമുദ്ര മത്സരങ്ങളും മറ്റു ആകര്‍ഷകമായ പരിപാടികളും നടക്കും. ധാരാളം കായിക ഫെഡറേഷനുകളുടെ പങ്കാളിത്തത്തിലൂടെ കായികപ്രേമികള്‍ക്ക് വിവിധ ഗെയിമുകളിലും മത്സരങ്ങളിലും പങ്കാളികളാകാനാകും. ബോക്‌സിങ്, ഗുസ്തി, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, സെയ്‌ലിങ്, റോവിങ്, ടേബിള്‍ ടെന്നീസ്, റഗ്ബി എന്നിവയെല്ലാം നടക്കും. സ്‌കൗട്ട് ആന്റ് ഗൈഡ് അസോസിയേഷന്റെ മാര്‍ച്ചുമുണ്ടാകും. വാണിജ്യ വ്യവസായ മന്ത്രാലയം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം, കഹ്‌റമ, ഹമദ് ഫൗണ്ടേഷന്‍ എന്നിവയും കത്താറയിലെ കായികപരിപാടികളില്‍ പങ്കാളികളാകും. പതിനഞ്ച് ഹെല്‍ത്ത് സെന്ററുകളുടെ പങ്കാളിത്തവുമുണ്ടാകും.
പൊതുജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കും. ആരോഗ്യ അവബോധം വര്‍ധിപ്പിക്കല്‍, ആരോഗ്യ കണ്‍സള്‍ട്ടേഷനുകള്‍, പരിശോധനകള്‍ എന്നിവയുണ്ടാകും. കായികദിനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന്് കര്‍ശന നടപടികള്‍ സ്വീകരിക്കും. പരുക്കുകള്‍ ഒഴിവാക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും മിലിട്ടറി സ്‌പോര്‍ട്്‌സ് അസോസിയേഷന്റെയും പ്രത്യേക ടീമുകള്‍ കത്താറയിലുണ്ടാകും. ആരോഗ്യകരമായ കുടിവെള്ളം വിതരണം ചെയ്യും.
പ്രായമേറിയവര്‍ക്കും പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കും ഉള്‍പ്പടെ ഗതാഗത സൗകര്യത്തിനായി വാഹനങ്ങള്‍ സജ്ജമാക്കും.
വൈവിധ്യമാര്‍ന്ന പരിപാടികളുമായി
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി
ദോഹ: ഒന്‍പതാമത് ദേശീയ കായികദിനത്തില്‍ മുഷൈരിബ് പ്രോപ്പര്‍ട്ടീസുമായി ചേര്‍ന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.
ഇതിനായി ബറാഹത്ത് മുഷൈരിബില്‍ വിപുലമായ കായിക വില്ലേജ് സജ്ജമാക്കുന്നുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ കായിക വില്ലേജ് പ്രവര്‍ത്തിക്കും. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ കായിക മത്സരങ്ങളും പരിപാടികളുമാണ് ക്രമീകരിച്ചിരിക്കുന്നത്. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ്, ബോക്‌സിങ്, റെസ്‌ലിങ്, തായ്‌ക്വോണ്ടോ, കരാട്ടെ, ജൂഡോ എന്നിവയെല്ലാം നടക്കും. നിരവധി ഖത്തരി കായികതാരങ്ങളുടെ സാന്നിധ്യവുമുണ്ടാകും.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ ഫണ്‍റേസ് അരങ്ങേറും. ജിംനാസ്റ്റിക്‌സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നിവയില്‍ കായിക ശില്‍പ്പശാലകള്‍ നടക്കും. വനിതകള്‍ക്കായി പ്രത്യേക സെഷനുകളുണ്ടാകും. ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍, വിനോദ ഗെയിമുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഹൈജമ്പ് ലോക ചാമ്പ്യന്‍ മുതാസ് ബര്‍ഷിം ഉള്‍പ്പടെയുള്ള പ്രമുഖതാരങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കും.
കായികം, ശാരീരിക വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതത്തിനായി കായികം എന്ന പ്രമേയത്തിലാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ദേശീയ കായികദിനം ആഘോഷിക്കുന്നത്.