in

ദേശീയ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണ്‍; മികച്ച നേതൃപാടവം

ആര്‍ റിന്‍സ്
ദോഹ

ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണാണ് ഇക്ബാല്‍ ഹുസൈന്‍ ചൗധരി. സ്റ്റേഡിയത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും വിസ്മയിപ്പിക്കുന്നതിനൊപ്പം മികച്ച നേതൃപാടവവുമാണ് ഈ 30കാരന്റെ കരുത്ത്. അടുത്തിടെ ഖത്തറില്‍ നടന്ന ടി10ലീഗില്‍ കിരീടം നേടിയ ഫാല്‍ക്കണ്‍ ഹണ്ടേഴ്‌സിന്റെ ക്യാപ്റ്റനും ഇക്ബാല്‍ ചൗധരിയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം ഹാഷിം അംലയും പാകിസ്താന്റെ സല്‍മാന്‍ ബട്ടുമെല്ലാം ഉള്‍പ്പെട്ട ടീമിനെയാണ് ലീഗില്‍ ഇക്ബാല്‍ ചൗധരി നയിച്ചത്. പാകിസ്താന്റെ രാജ്യാന്തര താരം അബ്ദുല്‍റസാക്കായിരുന്നു പരിശീലകന്‍. ലീഗില്‍ ഫാല്‍ക്കണ്‍ ഹണ്ടേഴ്‌സിന്റെ കിരീടനേട്ടത്തില്‍ ചൗധരിയുടെ പങ്ക് സുപ്രധാനമായിരുന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സാണ് വേണ്ടിയിരുന്നത്. ചൗധരി നേരിട്ട ആദ്യ പന്തില്‍തന്നെ സിക്‌സര്‍ നേടി വിജയവും കിരീടവും ഉറപ്പാക്കുകയായിരുന്നു.
ഐസിസിയുടെ ടി20 ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടാനായതിന്റെ അമ്പരപ്പ് താരത്തിന് ഇനിയും വിട്ടുമാറിയിട്ടില്ല. 2019ലെ ബൗളിംഗ് കണക്കുകള്‍ തന്നെ ഞെട്ടിച്ചതായും മുന്‍നിര ചാര്‍ട്ടുകളില്‍ ഇടം നേടിയെന്നത് തനിക്കറിയുമായിരുന്നില്ലെന്നും നേട്ടത്തെക്കുറിച്ച് പ്രതികരിക്കവെ ചൗധരി പറഞ്ഞു. തീര്‍ച്ചയായും വലിയ പ്രോത്സാഹനമാണ്. പ്രകടനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ലോകത്തിലെ മികച്ച കളിക്കാര്‍ക്കിടയില്‍ എന്റെ പേര് കണ്ടെത്തുന്നത് സംതൃപ്തി മാത്രമല്ല. രാജ്യാന്തര താരമെന്ന നിലയില്‍ കരിയറിനും ഭാവിയിലേക്കും വലിയ ഉത്തേജനം നല്‍കുന്നു- ചൗധരി പറഞ്ഞു. എന്റെ ബൗളിംഗും പുരോഗതിയും ജനങ്ങള്‍ നിസ്സംശയം ശ്രദ്ധിക്കും. ഇത് ഒരു തരത്തില്‍ ലോക വേദിയില്‍ മികച്ച ക്രിക്കറ്റ് കളിക്കാന്‍ പ്രചോദനമാകും. ഖത്തര്‍ ടി10ലീഗ് കിരീടം നേടാനായതും മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഹാഷിം അംല ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനയതിലെ സന്തോഷവും പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലീഗുകളില്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിനായും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ക്യാപ്റ്റന്‍ ഇനാമുല്‍ ഹഖ് വ്യക്തിഗത ആവശ്യാര്‍ഥം ടീമില്‍ നിന്നും പിന്‍മാറിയപ്പോഴാണ് വൈസ് ക്യാപ്റ്റനായ ചൗധരിക്ക് ഖത്തര്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നത്. ടീമിലെ അഞ്ചു മുന്‍നിരതാരങ്ങള്‍ക്ക് ഔദ്യോഗിക ജോലി സംബന്ധമായി ടീമിന്റെ ഭാഗമാകാന്‍ കഴിയാതെ വന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
കൂടുതല്‍ യുവരക്തങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ തയാറാക്കേണ്ടിവന്നത്. കഴിഞ്ഞ സെപ്തംബറില്‍ മലേഷ്യയില്‍ നടന്ന ഐസിസി മെന്‍സ് സിഡബ്ല്യുസി ചലഞ്ച് ലീഗ് ഗ്രൂപ്പ് എയില്‍ ഒട്ടും അനുഭവസമ്പത്തില്ലാതിരുന്ന ടീമായിട്ടും അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാനായി. ഈ മാര്‍ച്ചില്‍ മലേഷ്യയില്‍ നടക്കുന്ന അതേ ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ വീണ്ടും മത്സരിക്കുന്നുണ്ട്. മികച്ച ഫലം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് യൂസഫ് ജെഹാം അല്‍കുവാരിയുടെ കീഴിലുള്ള ക്യുസിഎ മാനേജ്മെന്റ് ടീമിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. സൗകര്യങ്ങളോ അവസരങ്ങളോ പ്ലാറ്റ്ഫോമോ ആകട്ടെ ഏറ്റവും മികച്ചതാണ് ക്യുസിഎ ടീമിന് ലഭ്യമാക്കുന്നത്.
ടീമിന്റെ നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന എന്തും ചെയ്യാന്‍ അദ്ദേഹം തയ്യാറാണെന്നും ചൗധരി ചൂണ്ടിക്കാട്ടി. ഖത്തര്‍ ടീമിനെ നയിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. ടി20യില്‍ ലോകത്ത് 80-ാം റാങ്കുള്ള ഒരു കാലമുണ്ടായിരുന്നു. ക്രിക്കറ്റ് കളിക്കുന്ന 109 രാജ്യങ്ങളില്‍ ഇപ്പോള്‍ 22-ാം സ്ഥാനത്തെത്താനായിട്ടുണ്ട്. റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരും-ചൗധരി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ട്വി20 ബൗളിങില്‍ നാഴിക്കക്കല്ല് സ്വന്തമാക്കി ഖത്തറിന്റെ ഇക്ബാല്‍ ചൗധരി

മലബാര്‍ ഗോള്‍ഡ് ഉദ്ഘാടന വിജയി