in ,

ദേശീയ മ്യൂസിയത്തിന്റെ ഗിഫ്റ്റ് ഷോപ്പുകള്‍ക്ക് രാജ്യാന്ത പുരസ്‌കാരങ്ങള്‍

രാജ്യാന്തര പുരസ്‌കാരം നേടിയ ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഗിഫ്റ്റ് ഷോപ്പ്‌

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ രണ്ടു ഗിഫ്റ്റ് ഷോപ്പുകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി നാലു രാജ്യാന്തര പുരസ്‌കാരങ്ങള്‍. വേറിട്ടതും നൂതനവും ക്രിയാത്മകവുമായ ഡിസൈനുകളിലാണ് മ്യൂസിയത്തിലെ ഗിഫ്റ്റ് ഷോപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നതാണ് ഈ ഷോപ്പുകള്‍.
കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ദേശീയ മ്യൂസിയം വാസ്തുവിദ്യാ മികവിന്റെ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്. പ്രാദേശിക കലാകാരന്‍മാരും ഡിസൈനര്‍നമാരുമായുള്ള സഹകരണത്തിലൂടെ അദ്വിതീയവും ആധികാരികവുമായ ഗിഫ്റ്റ് ഷോപ്പ് ശേഖരമാണ് മ്യൂസിയം സൃഷ്ടിച്ചിരിക്കുന്നത്. റീട്ടെയില്‍, ഇന്റീരിയര്‍ ഡിസൈന്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലാണ് ഷോപ്പുകള്‍ പുരസ്‌കാരം നേടിയത്. അമേരിക്കയില്‍ മികച്ച ഇന്റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ മാസ്റ്റര്‍പ്രൈസ് ടിഎം(എഎംപി) പുരസ്‌കാരങ്ങളും യുകെയില്‍ വേള്‍ഡ് ഇന്റീരിയേഴ്‌സ് ന്യൂസ് അവാര്‍ഡും നേടി.
നൂതനവും ക്രിയാത്മകവുമായ കെട്ടിട ഇന്റീരിയര്‍ക്കുള്ള ഓസ്‌ട്രേലിയയിലെ ഡ്രൈവന്‍ എക്‌സ് ഡിസൈന്‍ 2019 സിഡ്‌നി ഡിസൈന്‍ പുരസ്‌കാരവും ഗിഫ്റ്റ് ഷോപ്പ് നേടി. വിവിധ രാജ്യങ്ങളിലായി മറ്റു സുപ്രധാന പുരസ്‌കാരങ്ങള്‍ക്കും ദേശീയ മ്യൂസിയത്തിന്റെ ഗിഫ്റ്റ് ഷോപ്പുകള്‍ക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഈ ഷോപ്പുകള്‍ക്ക് ഒന്നിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേശീയ മ്യൂസിയം അറിയിച്ചു. ദഹ്ല്‍ അല്‍മിസ്ഫിറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ടു ഗിഫ്റ്റ് ഷോപ്പുകളുടെ രൂപകല്‍പ്പന.
ഖത്തറിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ദഹ്ല്‍ അല്‍ മിസ്ഫിര്‍(ഖത്തറിന്റെ ‘പ്രകാശ ഗുഹ’) മനോഹരമായ ഭൂഗര്‍ഭ സങ്കേതമാണ്. പ്രധാനമായും നാരുകളുള്ള ജിപ്‌സം പരലുകളില്‍ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. ഈ സ്വാഭാവിക രൂപീകരണം ദേശീയ മ്യൂസിയത്തിലെ രണ്ട് ഗിഫ്റ്റ് ഷോപ്പുകളുടെ രൂപകല്‍പ്പനയ്ക്ക് പ്രചോദനമായി.
കൊയിച്ചി തകാഡ ആര്‍ക്കിടെക്റ്റാണ് രൂപകല്‍പ്പന നടത്തിയത്. പ്രകൃതിയെ വാസ്തുവിദ്യയിലേക്ക് തിരികെ കൊണ്ടുവരിക, രൂപകല്‍പ്പനയിലൂടെ ജനങ്ങളെയും പ്രകൃതിയെയും ബന്ധിപ്പിക്കുന്ന ബന്ധങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണ് ഡിസൈന്‍. ഗിഫ്റ്റ് ഷോപ്പുകളില്‍ വേറിട്ട സമ്മാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ പലതും ഖത്തറിന്റെ ചരിത്രം, പൈതൃകം, സംസ്‌കാരം എന്നിവയില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടവയാണ്.
കുട്ടികളുടെ സമ്മാന ഷോപ്പില്‍ വിദ്യാഭ്യാസപരമായ കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, പസിലുകള്‍, ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടെ പ്രാദേശികമായി രൂപകല്‍പ്പന ചെയ്ത സുവനീറുകളും സമ്മാന ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഗിഫ്റ്റ് ഷോപ്പുകളും മ്യൂസിയത്തിന്റെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. മ്യൂസിയം പ്രവര്‍ത്തന സമയങ്ങളില്‍ ഇവയും പൊതുജനങ്ങള്‍ക്കായി തുറക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപരോധത്തിന്റെ 1000 ദിവസങ്ങള്‍: നേതൃത്വത്തെയും ജനങ്ങളുടെ ഐക്യത്തെയും പ്രശംസിച്ച് ശൂറാ കൗണ്‍സില്‍

മൂന്നാമത് ചെറുകിട ഇടത്തരം സംരഭകത്വ സമ്മേളനത്തിന് തുടക്കമായി