in , , ,

ദേശീയ മ്യൂസിയത്തിന് രണ്ട് എല്‍സിഡി ബെര്‍ലിന്‍ പുരസ്‌കാരങ്ങള്‍

ഖത്തര്‍ ദേശീയ മ്യൂസിയം

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന് വിഖ്യാതമായ രാജ്യാന്തര പുരസ്‌കാരം. എല്‍സിഡി ബെര്‍ലിന്‍ അവാര്‍ഡ്‌സിലാണ് രണ്ടു അംഗീകാരങ്ങള്‍ മ്യൂസിയം സ്വന്തമാക്കിയത്. രണ്ടു ബെര്‍ലിന്‍ പുരസ്‌കാരങ്ങള്‍ നേടിയ ആഗോളതലത്തിലെ ഏക സാംസ്‌കാരിക കേന്ദ്രമെന്ന ഖ്യാതിയും ഇതോടെ ദേശീയ മ്യൂസിയത്തിന് ലഭിച്ചു. മിഡില്‍ഈസ്റ്റ് ആഫ്രിക്ക വിഭാഗത്തില്‍ പുതിയ സാംസ്‌കാരിക കേന്ദ്രം എന്ന പുരസ്‌കാരമാണ് ദേശീയ മ്യൂസിയത്തിന് ലഭിച്ചത്.
മികച്ച മ്യൂസിയം ഷോപ്പിനുള്ള പുരസ്‌കാരം ദേശീയ മ്യൂസിയത്തിന്റെ ഗിഫ്റ്റ് ഷോപ്പിനും ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും വളര്‍ന്നുവരുന്നതുമായ സാംസ്‌കാരിക ലക്ഷ്യസ്ഥാനങ്ങളെ എടുത്തുകാണിക്കുന്നതാണ് എല്‍സിഡി ബെര്‍ലിന്‍ അവാര്‍ഡ്‌സ്. ഇത്തവണത്തേത് ആറാമത്തെ പതിപ്പാണ്. സാംസ്‌കാരിക മേഖലയിലെ അസാധാരണമായ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരങ്ങളെ കണക്കാക്കുന്നത്. പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരജേതാവായ വിഖ്യാത ആര്‍ക്കിടെക്റ്റ് ജീന്‍ നൗവല്‍ രൂപകല്‍പ്പന നിര്‍വഹിച്ച ദേശീയ മ്യൂസിയം രാജ്യത്തിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും കഥ പറയുന്നു. ഗ്യാലറികളുടെ പ്രമേയപരവും കാലാനുസൃതവുമായ ഒരു ശ്രേണിയായാണ് ദേശീയ മ്യൂസിയത്തെ സംവിധാനിച്ചിരിക്കുന്നത്. സന്ദര്‍ശകനെ ഒന്നര കിലോമീറ്റര്‍ യാത്രയിലൂടെ ആഴത്തിലുള്ളതും മള്‍ട്ടി സെന്‍സറി അനുഭവങ്ങളിലൂടെയും കൊണ്ടുപോകുന്ന വിധത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ കൊട്ടാരത്തിന് ചുറ്റുമായി മരൂഭൂമിയിലെ റോസയുടെ രൂപത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത വ്യാസങ്ങളും വക്രതകളുമുള്ള ഇന്റര്‍ലോക്കിങ് ഡിസ്‌ക്കുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.
നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ദേശീയ മ്യൂസിയം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്്. സവിശേഷമായ രൂപകല്‍പ്പനയാണ് ദേശീയ മ്യൂസിയത്തിലെ ഗിഫ്റ്റ് ഷോപ്പുകളേടതും. വേറിട്ടതും നൂതനവും ക്രിയാത്മകവുമായ ഡിസൈനുകളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ദഹ്ല്‍ അല്‍മിസ്ഫിറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ടു ഗിഫ്റ്റ് ഷോപ്പുകളുടെ രൂപകല്‍പ്പന. ഖത്തറിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ദഹ്ല്‍ അല്‍ മിസ്ഫിര്‍(ഖത്തറിന്റെ ‘പ്രകാശ ഗുഹ’) മനോഹരമായ ഭൂഗര്‍ഭ സങ്കേതമാണ്. പ്രധാനമായും നാരുകളുള്ള ജിപ്‌സം പരലുകളില്‍ നിന്നാണ് ഇത് രൂപം കൊള്ളുന്നത്.
ഈ സ്വാഭാവിക രൂപീകരണം ദേശീയ മ്യൂസിയത്തിലെ രണ്ട് ഗിഫ്റ്റ് ഷോപ്പുകളുടെ രൂപകല്‍പ്പനയ്ക്ക് പ്രചോദനമായി. കൊയിച്ചി തകാഡ ആര്‍ക്കിടെക്റ്റാണ് രൂപകല്‍പ്പന നടത്തിയത്. ഗിഫ്റ്റ് ഷോപ്പുകളില്‍ വേറിട്ട സമ്മാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ പലതും ഖത്തറിന്റെ ചരിത്രം, പൈതൃകം, സംസ്‌കാരം എന്നിവയില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടവയാണ്.
കുട്ടികളുടെ സമ്മാന ഷോപ്പില്‍ വിദ്യാഭ്യാസപരമായ കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, പസിലുകള്‍, ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടെ പ്രാദേശികമായി രൂപകല്‍പ്പന ചെയ്ത സുവനീറുകളും സമ്മാന ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഗിഫ്റ്റ് ഷോപ്പുകളും മ്യൂസിയത്തിന്റെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബാലകൃഷ്ണന്‍ വള്ളിക്കുന്ന്; പ്രവാസികള്‍ക്കും പ്രചോദനമേകിയ കലാനിരൂപകന്‍

മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ പദ്ധതി ഈ വര്‍ഷം 100% പൂര്‍ത്തിയാകും