
ദോഹ: ദേശീയ റോഡ് സുരക്ഷാ സ്റ്റാറ്റര്‍ജി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കോര്‍ഡിനേറ്റര്‍മാരുടെ ഏഴാമത് ഫോറം ഷറാട്ടണ്‍ ഹോട്ടലില്‍ നടന്നു. ‘പ്രത്യേകമായ ആസൂത്രണ ഫോറം’ എന്ന പേരില്‍ നടന്ന ഫോറം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.
ഗതാഗത വാര്‍ത്താവിതരണ മന്ത്രിയും ദേശീയ ഗതാഗത സുരക്ഷാ സമിതി വൈസ് ചെയര്‍മാനുമായ ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ട്രാഫിക് ഡയരക്ടര്‍ ജനറലും ദേശീയ ഗതാഗത സുരക്ഷാ സമിതി സെക്കന്റ്് ഡപ്യൂട്ടി ചെയര്‍മാനുമായ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി ഫോറം ഉദ്ഘാടനം ചെയ്തു.
ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങള്‍ റോഡപകട നിരക്ക് കുറക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നതായും വികസിത രാജ്യങ്ങളേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് വികസ്വര രാജ്യങ്ങളിലെ റോഡപകട മരങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും അല്‍ഖര്‍ജി പറഞ്ഞു.
ഇത് കാണിക്കുന്നത് വികസ്വര രാജ്യങ്ങള്‍ റോഡപകടങ്ങള്‍ കുറക്കുന്നതിന് കൂടതുല്‍ ശ്രമങ്ങള്‍ നടത്തണമെന്നാണ്. ട്രാഫിക് പോലീസിന്റെ പ്രവര്‍ത്തനം ശക്തമാക്കല്‍, ദേശീയ നയങ്ങള്‍ രൂപീകരിക്കല്‍, സ്മാര്‍ട് റോഡുകളുടെ രൂപകല്‍പ്പന, ബോധവത്കരണം വ്യാപിപ്പിക്കല്‍ എന്നിവയിലൂടെ വരും വര്‍ഷങ്ങളില്‍ അപകടം കുറച്ച് കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ദേശീയ ഗതാഗത സുരക്ഷാ സമിതി അംഗവുമായ ഡോ. ഇബ്രാഹിം അല്‍നുഐമി, പൊതുജനാരോഗ്യമന്ത്രാലയം ഡയരക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി, അശ്ഗാല്‍ പ്രൊജക്ട് മാനേജര്‍ എഞ്ചിനിയര്‍ യൂസുഫ് അബ്ദുറഹ്മാന്‍ അല്‍ഇമാദി, ദേശീയ ഗതാഗത സുരക്ഷാ സമിതി സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ എഞ്ചിനിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍മലികി, ദേശീയ റോഡ് സുരക്ഷാ ഓഫീസ് മാനേജര്‍ പ്രഫ. കിം ജ്രൈവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.