
ദോഹ: അല്‍വജ്ബ യുദ്ധത്തിന്റെ അടയാളമോ സൂഖ് വാഖിഫിന്റെ ചരിത്രമോ നഗരചത്വരത്തില്‍ കലാരൂപങ്ങളിലൂടെ പ്രത്യക്ഷപ്പെടാന്‍ ഇനി മാസങ്ങള്‍ മാത്രം. ഖത്തറിന്റെ ദേശീയതയും പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന ഇത്തരം അമൂല്യ കലാസൃഷ്ടികള്‍ ദോഹ നഗരത്തെ ചാരുതയുള്ളതാക്കും. 2021 ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തീകരിക്കാനിരിക്കുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക. നഗര സൗന്ദര്യവത്കരണത്തിനായി പ്രത്യേകമായി രൂപീകരിച്ച സുപ്രീം കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷന്‍ ഓഫ് റോഡ്‌സ് ആന്റ് പബ്ലിക് പ്ലൈസസ് എന്ന സമിതിയുടെ കീഴില്‍ ഖത്തരി കലാകാരന്മാരടങ്ങുന്ന പ്രത്യേക സംഘം നേതൃത്വം നല്‍കും. സെന്‍ട്രല്‍ ദോഹ വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ കലാ പദ്ധതിയില്‍ പ്രവാസി കലാകാരന്മാര്‍ക്കും പങ്കാളികളാകാം.
ഖത്തര്‍ നാഷനല്‍ മ്യൂസിയത്തില്‍ നടന്ന ദോഹ സൗന്ദര്യവല്‍കരണ ആര്‍ട് വര്‍ക്‌സ് സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. ഖത്തറിന്റെ ഐഡന്റിറ്റി കലാസൃഷ്ടികളില്‍ ഉണ്ടാവേണ്ടതുണ്ടെന്നും പൈതൃകവും സംസ്‌കാരവും പതിഫലിപ്പിച്ചുകൊണ്ടുള്ള കലാസൃഷ്ടികള്‍ ഓരോ പ്രദേശത്തിന്റേയും ചരിത്രം കൂടി ഉള്‍ച്ചേരണമെന്നും പ്രമുഖ ഖത്തരി കലാകാരന്‍ സല്‍മാന്‍ അല്‍മാലിക് അറിയിച്ചു. റോഡ്‌പൊതുസ്ഥലങ്ങളുടെ സൗന്ദര്യവല്‍ക്കരണ മേല്‍നോട്ട കമ്മിറ്റിയുടെ കീഴിലുള്ള ആര്‍ട് വര്‍ക് സാങ്കേതിക കമ്മിറ്റി 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായാണ് ചുമര്‍ ചിത്രങ്ങളും സ്മാരക ശില്‍പങ്ങളും സ്ഥാപിക്കുക.

ഖത്തര്‍ മ്യൂസിയം അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍), നഗരസഭ പരിസ്ഥിതി മന്ത്രാലയം, സാംസ്‌കാരിക കായിക മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ആര്‍ട് വര്‍ക്ക് സാങ്കേതിക കമ്മിറ്റി. 4 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഖത്തര്‍ മ്യൂസിയം അതോറിറ്റി നല്‍കുന്ന കലാസൃഷ്ടികള്‍ അഷ്ഗാല്‍ നേരത്തെ നിശ്ചയിച്ച ഇടങ്ങളില്‍ സ്ഥാപിക്കും.
നഗരത്തിലെ പ്രധാന ഹോട്ടല്‍ പാര്‍ക്ക്, അബ്ദുല്ല ബിന്‍ താനി സ്ട്രീറ്റ് ഗേറ്റ്, അല്‍ മീന സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍, അല്‍ ഖുബൈബ് മോസ്‌ക് പ്ലാസ, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കലാസൃഷ്ടികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സ്ഥലങ്ങള്‍. ഖത്തരി, പ്രവാസി കലാകാരന്മാര്‍ക്ക് പങ്കാളികളാകാവുന്ന പദ്ധതിയില്‍ 2 രീതിയിലാണ് കലാകാരന്മാരുടെ തിരഞ്ഞെടുപ്പ്.
പ്രാദേശിക തലത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരെ കമ്മിറ്റി നേരിട്ട് തിരഞ്ഞെടുക്കും. കൂടാതെ സ്വദേശീ, പ്രവാസി കലാകാരന്മാര്‍ സമര്‍പ്പിക്കുന്ന ആശയങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം ഏറ്റവും മികച്ച കലാകാരന്മാരെ അതില്‍ നിന്നും തെരെഞ്ഞെടുക്കും. 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വേേു:െ//മൃംേീൃസ.മവെഴവമഹ.ഴീ്.ൂമഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും അധികൃതര്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന സമ്മേളനത്തില്‍ പൊതുമരാമത്ത് വകുപ്പ് നഗര സൗന്ദര്യവത്കരണ സമിതിയുടെ ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് അറുഖൂബ് അല്‍ഖാലിദി, ഖത്തര്‍ മ്യൂസിയംസ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് മൂസ അല്‍നംലഹ്, വിഷ്വല്‍ ആര്‍ട് സെന്റര്‍ ഡയരക്ടര്‍ സല്‍മാന്‍ ഇബ്രാഹിം അല്‍മാലിക്, ഖത്തര്‍ മ്യൂസിയംസ് പബ്ലിക് ആര്‍ട് വിഭാഗം മേധാവി എഞ്ചിനീയര്‍ അബ്ദുര്‍റഹിമാന്‍ അല്‍ഇസ്്ഹാഖ്, എഞ്ചിനീയര്‍ മുബാറക് അല്‍നുഐമി എന്നിവര്‍ പങ്കെടുത്തു.