
ദോഹ: 2019ല്‍ ഇസ്ലാമിക് യുവത്വത്തിന്റെ തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തതിന്റെ ഭാഗമായുള്ള ദോഹ ഇസ്ലാമിക് യൂത്ത് ഫോറത്തില്‍ പങ്കെടുത്തവരില്‍ മികച്ച പ്രതിഭകളെ സാംസ്കാരിക കായിക മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂലൈ ഏഴു മുതല്‍ പതിനൊന്നുവരെയായിരുന്നു പരിപാടികള്‍. രാജ്യത്തിന്റെ ശക്തി യുവത്വം എന്ന മുദ്രാവാക്യത്തിലായിരുന്നു പരിപാടി. ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റസിന്റെ മേല്‍നോട്ടത്തിലും സംഘാടനത്തിലുമായിരുന്നു പരിപാടികള്‍. മികവിനുള്ള അംഗീകാരത്തിനായി മൂന്നു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് തെരഞ്ഞെടുത്തത്.
ഖത്തറിന്റെ അഹമ്മദ് അല്‍മുഹന്നദി, ഇന്തോനേഷ്യ, കാമറൂണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള യുവ പ്രതിനിധികള്‍ എന്നിവരെയാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍ജീരിയ, മൊറോക്കോ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നും ഓരോന്നുവീതംപേരെയാണ് തെരഞ്ഞെടുത്തത്.
ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് പ്രോത്സാഹനമെന്ന നിലയിലാണ് ഇസ്ലാമിക് യൂത്ത്ഫോറത്തിന്റെ വിശിഷ്ടമായ പേരുകള്‍ മന്ത്രാലയം പ്രഖ്യാപിച്ചത്. ദോഹ ഇസ്ലാമിക് യൂത്തിന്റെ തലസ്ഥാനം 2019 സമാപന ചടങ്ങില്‍ ഫോറത്തിലെ മികച്ച യുവജനങ്ങളെ സംഘാടകസമിതി ആദരിക്കും.
ദോഹ ഇസ് ലാമിക് യൂത്ത് ഫോറത്തിലെ മികവുറ്റ പങ്കാളിത്തത്തിന് മൂന്നു വീതം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തെരഞ്ഞെടുത്തത് ഈ യുവജനങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണെന്ന് ടെക്നിക്കല്‍ കമ്മിറ്റിയുടെ മേധാവി ഡോ.ഇസ്സ അല്‍ഹര്‍ പറഞ്ഞു.
യുവജനങ്ങള്‍ക്കിടയില്‍ നല്ല ഭരണവും സുതാര്യതയും, സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം, യുവജനങ്ങളും സോഷ്യല്‍ മീഡിയയും, ഡിപ്ലോമാറ്റിക് സിമുലേഷന്‍സ് തുടങ്ങിയ വിവിധ വിഷയങ്ങളാണ് ഫോറത്തില്‍ ചര്‍ച്ച ചെയ്തത്. നല്ല ഭരണ സംസ്കാരം സ്ഥാപിക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക്, യുവജന സ്ഥാപനങ്ങളിലെ മാനവ, സാമ്പത്തിക വിഭവങ്ങളുടെ നടത്തിപ്പ്, സംസ്്കാരത്തിന്റെ സമഗ്രതയും പ്രോത്സാഹനവും, അഴിമതി ഉപേക്ഷിക്കാനുള്ള സംസ്കാരം വര്‍ധിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന നിരവധി ശില്‍പ്പശാലകളും നടന്നു.
18നും 30 വയസിനുമിടയില്‍ പ്രായമുള്ള യുവജനങ്ങളാണ് ഫോറത്തില്‍ പങ്കെടുത്തത്. ഒമാന്‍, കുവൈത്ത്, അറബ് രാജ്യങ്ങള്‍, ഇന്തോനേഷ്യ, മലേഷ്യ ഉള്‍പ്പടെ 57 ഒഐസി അംഗരാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ടായിരുന്നു. അംഗമല്ലാത്ത 58 രാജ്യങ്ങളില്‍നിന്നും പങ്കാളിത്തമുണ്ടായി. ഖത്തറില്‍ നിന്നും 20 യുവജനങ്ങളാണ് പങ്കെടുത്തത്.