
ദോഹ: ദോഹ ഡിബേറ്റസ് സംഘടിപ്പിക്കുന്ന അടുത്ത സംവാദം ജൂലൈ 24ന് സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ നടക്കും. ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങളും ഭാവിയും എന്ന വിഷയത്തിലായിരിക്കും സംവാദം.
2019 ടെഡ് ഉച്ചകോടിയോടനുബന്ധിച്ചാണ് ദോഹ ഡിബേറ്റ്‌സിന്റെ സംവാദം. ഇന്ത്യന്‍- അമേരിക്കന്‍ സിഇഒയും രാജ്യാന്തര സ്ട്രാറ്റജിസ്റ്റും എഴുത്തുകാരനുമായ പരാഗ് ഖന്ന, ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ സിസോന്‍കെ സിമാന്‍ഗ്, അമേരിക്കന്‍ ഗ്രാസ്സ്‌റൂട്ട്‌സ് അഡ്വക്കസി ഓര്‍ഗനൈസേഷന്‍ കോഡ്പിങ്ക് സഹ സ്ഥാപക മെദിയ ബെഞ്ചമിന്‍ എന്നിവര്‍ സംവാദത്തില്‍ പ്രഭാഷകരായി പങ്കെടുക്കും.
രാജ്യാന്തര മാധ്യമപ്രവര്‍ത്തക ഘിദ ഫഖ്‌റിയായിരിക്കും മോഡറേറ്റര്‍. അഫ്ഗാന്‍ അഭയാര്‍ഥിയും ഡോക്യുമെന്ററിസംവിധായകനും രാജ്യാന്തര മാധ്യമപ്രവര്‍ത്തകനുമായ നെലുഫര്‍ ഹിദായതായിരിക്കും സംവാദത്തിന്റെ ഡിജിറ്റല്‍ ഹോസ്റ്റ്.
ദോഹ ഡിബേറ്റ്‌സിന്റെ ട്വിറ്ററിലൂടെ തല്‍സമയ സംപ്രേഷണമുണ്ടാകും. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലും സ്‌ക്രീനിങ് സംഘടിപ്പിക്കും. ആഗോള അഭയാര്‍ഥി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങള്‍ എന്ന വിഷയം കേന്ദ്രീകരിച്ചായിരുന്നു ദോഹ ഡിബേറ്റ്‌സിന്റെ ആദ്യ സംവാദം ദോഹയില്‍ നടന്നത്.
സെപ്തംബര്‍ പത്തിന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലും ഒക്ടോബര്‍ 23ന് ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍ സിറ്റിയിലും നവംബര്‍ 11ന് പാരീസ് പീസ് ഫോറം ഫ്രാന്‍സിലും ദോഹ ഡിബേറ്റ്‌സിന്റെ തല്‍സമയ സംവാദപരിപാടികള്‍ അരങ്ങേറും.
14 വര്‍ഷം മുന്‍പ് തുടങ്ങിയ ദോഹ ഡിബേറ്റ്‌സ് രൂപഭാവ മാറ്റങ്ങളോടെയാണ് വീണ്ടും സംവാദത്തിന് തുടക്കമിട്ടത്. തല്‍സമയ സംവാദം, ഡിജിറ്റല്‍ വീഡിയോകള്‍, ടിവി സീരിസ്, ബ്ലോഗുകള്‍, പോഡ്കാസ്റ്റ്‌സ് എന്നിവയെല്ലാം പുതിയ സംവാദത്തിന്റെ ഭാഗമാണ്.