
ദോഹ: അപൂര്‍വും വംശനാശ ഭീഷണി നേരിടുന്നതുമായ രണ്ട് അതിഥികളെ ദോഹ മൃഗശാലയില്‍ അടുത്തിടെ സ്വാഗതം ചെയ്തു. മൂങ്ങ കുരങ്ങന് എന്നറിയപ്പെടുന്ന നൈറ്റ് മങ്കിയും(നിശാ കുരങ്ങന്), കറുത്ത താടിയുള്ള മാര്‍മോസെറ്റ് കുരങ്ങനുമാണ് മൃഗശാലയില്‍ ജന്മം നല്‍കിയത്.
അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ രണ്ടു കുരങ്ങുകളുടെ ജനനം അടുത്തിടെ മൃഗശാലയില്‍ നടന്നതായി മുനിസിപ്പാലറ്റി പരിസ്ഥിതിമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇവയുടെ പ്രജനനം, ഭക്ഷണം, അനുയോജ്യമായ അന്തരീക്ഷം എന്നിവക്കായി മന്ത്രാലയം പ്രത്യേക കര്‍മ്മപദ്ധതിയും പരിപാടിയും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
അപൂര്‍വയിനം ജന്തുജാലങ്ങളെയും വംശനാശ ഭീഷണിനേരിടുന്നവയെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മന്ത്രാലയം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇവ കാണപ്പെടുന്ന ദക്ഷിണഅമേരിക്കയിലെ സ്വാഭാവിക പരിസ്ഥിതിക്ക് സമാനമായി താപനിലയും ഈര്പ്പനിയന്ത്രണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സമീപകാലത്ത് സെനഗലീസ് ബുഷ് കുരങ്ങ്, ഫെറൈറ്റ് കുരങ്ങ്, സിക്ക മാന്‍, മൊറോക്കന്‍ ആട്ടുകൊറ്റന് എന്നിവയും മൃഗശാലയില്‍ ജനിച്ചിരുന്നു. സുപ്രധാന നവീകരണത്തിനായി ദോഹ മൃഗശാല നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.