Monday, August 10ESTD 1934

ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിലും ഇന്നു മുതല്‍ സര്‍വീസ്‌

ദോഹ: ഖത്തറിന്റെ ഗതാഗതമേഖലയിലെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ദോഹ മെട്രോയുടെ ഒന്നാം ഘട്ടത്തിലെ പ്രവര്‍ത്തനം ഇന്നു മുതല്‍ പൂര്‍ണതോതില്‍. മെട്രോയുടെ ഗ്രീന്‍ ലൈനിലും ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. റെഡ് ലൈനിലെ അവശേഷിക്കുന്ന സ്‌റ്റേഷനുകളും ഇന്നു തുറക്കും. ഇതോടെ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 37 സ്റ്റേഷനുകളും ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. കിഴക്ക് അല്‍റിഫ മുതല്‍ പടിഞ്ഞാറ് അല്‍മന്‍സൂറ വരെയാണ് ഗ്രീന്‍ലൈന്‍(എജ്യൂക്കേഷന്‍ ലൈന്‍).
അല്‍മന്‍സൂറ, മുഷൈരിബ്(ഇന്റര്‍ചേഞ്ച്), അല്‍ബിദ (ഇന്റര്‍ചേഞ്ച്), ദ വൈറ്റ് പാലസ്, ഹമദ് ആസ്പത്രി, അല്‍ മെസ്സല, അല്‍റയ്യാന്‍ അല്‍ ഖ്വാദിം, അല്‍ഷഖബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജ്യൂക്കേഷന്‍ സിറ്റി, അല്‍ റിഫ(മാള്‍ ഓഫ് ഖത്തര്‍) എന്നിവയാണ് ഗ്രീന്‍ലൈനിലെ സ്റ്റേഷനുകള്‍. ദോഹയുടെ തെക്ക്-വടക്ക്, കിഴക്ക്-പടിഞ്ഞാറ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളാണ് മുഷൈരിബും അല്‍ബിദയും. ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയുമാണ് ദോഹ മെട്രോ സര്‍വീസ്.
തെക്ക് അല്‍വഖ്‌റ മുതല്‍ വടക്ക് ലുസൈല്‍ വരെയാണ് റെഡ് ലൈന്‍. അല്‍ബിദ (ഇന്റര്‍ചേഞ്ച്) കോര്‍ണിഷ്, ക്യുഐസി വെസ്റ്റ്ബേ, ഡിഇസിസി, കത്താറ, ലുസൈല്‍, ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍-1, ഖത്തര്‍ സര്‍വകലാശാല, അല്‍വഖ്‌റ, ഫ്രീ സോണ്‍, ഒഖ്മ ഇബ്ന്‍ നാഫി, അല്‍മതാര്‍ അല്‍ഖദീം, ഉംഗുവെയ്ലിന, അല്‍ദോഹ അല്‍ ജദീദ, മുശൈരിബ്(ഇന്റര്‍ചേഞ്ച്) എന്നിവയാണ് സ്‌റ്റേഷനുകള്‍. റാസ് അബു അബൗദ് മുതല്‍ അല്‍അസീസിയ വരെയാണ് ഗോള്‍ഡ് ലൈന്‍. റാസ് അബു അബൗദ്, നാഷണല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുഷൈരിബ്(ഇന്റര്‍ചേഞ്ച്), ബിന്‍ മഹ്മൂദ്, അല്‍സദ്ദ്, ജൊആന്‍, അല്‍സുഡാന്‍, അല്‍വാബ്, സ്പോര്‍ട്സ് സിറ്റി, അല്‍അസീസിയ എന്നിവയാണ് ഗോള്‍ഡ് ലൈനിലെ സ്‌റ്റേഷനുകള്‍. ഗോള്‍ഡ്, ഫാമിലി, സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് കോച്ചുകളാണ് മെട്രോയിലുള്ളത്. സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ ഒരു യാത്രയ്ക്ക് 2 റിയാല്‍. ഒരു ദിവസത്തേക്ക് 6 റിയാല്‍. ഗോള്‍ഡില്‍ ഒരു യാത്രക്ക് 6 റിയാല്‍. ഒരു ദിവസം മുഴുവനുമുള്ള യാത്രയ്ക്ക് 30 റിയാല്‍. ഒറ്റ യാത്ര അല്ലെങ്കില്‍ ഒരു മുഴുദിന യാത്ര, ഏത് വിഭാഗത്തില്‍ യാത്ര എന്നത് അനുസരിച്ചാണ് ലിമിറ്റഡ് യൂസ് കാര്‍ഡുകളുടെ നിരക്ക്. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധം.
നാലു വയസില്‍ താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ട. അഞ്ചു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് ഖത്തര്‍ റെയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 10, 50, 100 റിയാല്‍ നിരക്കുകളില്‍ ടോപ് അപ്പും ചെയ്യാം. മെട്രോയില്‍നിന്നും പുറത്തിറങ്ങിയാല്‍ രണ്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ യാത്രക്കാരെ എത്തിക്കാന്‍ മെട്രോ ലിങ്ക് ബസുകളുണ്ട്. എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഓരോ 12 മിനിറ്റിന്റെ ഇടവേളകളിലും ബസുകള്‍ സൗജന്യമായി സര്‍വിസ് നടത്തുന്നുണ്ട്.

error: Content is protected !!