
ദോഹ: ദോഹ മെട്രോ യാത്രക്കാരുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെസ്റ്റ് ബേ മേഖലയിലെ മെട്രോ യാത്രക്കാര്‍ക്കായി ‘മെട്രോ എക്സ്പ്രസ് സര്‍വീസ്’ എന്ന പുതിയ സംവിധാനത്തിന് തുടക്കമായി. ഖത്തര്‍ റെയിലാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യ സര്‍വീസാണിത്. ഒരേ സമയം മറ്റുള്ളവര്‍ക്കും കയറാവുന്ന പരീക്ഷണ സര്‍വീസായാണ് മെട്രോ എക്സ്പ്രസ് വിഭാവനം ചെയ്തിരിക്കുന്നത്.
നിലവില്‍ വെസ്റ്റ് ബേ ക്യുഐസിയെയും ഡിഇസിസി സ്റ്റേഷന് മേഖലയെയും ബന്ധിപ്പിക്കുന്നതാണ് ഈ സൗകര്യം. മെട്രോ എക്സ്പ്രസ് സര്‍വീസ് ഉപയോഗെപ്പടുത്തിയാല് ഡിഇസിസി മെട്രോ സ്റ്റേഷനിലേക്കും വെസ്റ്റ് ബേ ക്യുഐസി മെട്രോ സ്റ്റേഷനിലേക്കും സൗകര്യപ്രദമായും വേഗത്തിലും എത്താന്‍ സാധിക്കും. വെസ്റ്റ്ബേ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രക്കും ഈ സൗജന്യസേവനം ഉപകാരപ്രദമായിരിക്കും.
ദോഹ മെട്രോ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം. ഖത്തര്‍ റെയിലുമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക. മെട്രോ യാത്രയില്‍ തിരക്കുള്ള സമയത്താണ് ഇത് ഉപയോഗിക്കാനാവുക. നിലവില്‍ ദോഹ മെട്രോ പ്രവര്‍ത്തിക്കുന്ന രാവിലെ ആറുമണി മുതല്‍ രാത്രി 11 വരെയാണ് മെട്രോ എക്സ്പ്രസ് സര്‍വീസും പ്രവര്‍ത്തിക്കുക.
ചയ പ്രത്യേക ആപ്പ് വഴി മെട്രോ എക്സ്പ്രസ് ബുക്ക് ചെയ്യാന്‍ കഴിയും. പല ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒരു മെട്രോ എക്സ്പ്രസ് വാഹനത്തില്‍ യാത്ര ചെയ്യാനാകും. ആപ്പ് വഴി ബുക്ക് ചെയ്യുന്നവരെ ഇടക്ക് നിര്‍ത്തി അവരെയും കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം സൗജന്യമായി തുടങ്ങുന്നത്.
മെട്രോ എക്സ്പ്രസ് സര്‍വീസിന്റെ ആവശ്യകതയേറുന്ന ഘട്ടത്തില്‍ വിപുലീകരിക്കും. വെസ്റ്റ്ബേ മേഖലയിലെ മറ്റ് ഗതാഗതകുരുക്കുകള്‍ കുറക്കാന്‍ പുതിയ സംവിധാനം ഉപകരിക്കും.
സ്വകാര്യകാറുകളുടെ എണ്ണവും കുറയും. യാത്രക്കാര്‍ക്ക് മറ്റ് വാഹനങ്ങള്‍ കാത്തുനിന്നുള്ള സമയ നഷ്ടവും ഒഴിവാക്കാം. യാത്രക്കാര്‍ക്ക് സംയോജിത യാത്രാസൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ റെയില്‍ പുതിയ സംവിധാനവും സജ്ജമാക്കുന്നത്.