in

ദോഹ മെട്രോ: പേപ്പര്‍ ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചു

ദോഹ മെട്രോ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍

ദോഹ: പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ റെയില്‍ ദോഹ മെട്രോയുടെ പേപ്പര്‍ ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലാസുകളിലെ പേപ്പര്‍ ടിക്കറ്റുകള്‍ക്കാണ് നിരക്ക് വര്‍ധന ബാധകം. പുതിയ നിരക്ക് പ്രകാരം ഒറ്റത്തവണ യാത്രക്ക് നിലവിലെ രണ്ടു റിയാലിന്റെ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് പേപ്പര്‍ ടിക്കറ്റിന് ഇന്ന് മുതല്‍ മൂന്നു റിയാലായിരിക്കും നിരക്ക്. ഒരു ദിവസം മുഴുവന്‍ പരിധിയില്ലാതെ യാത്ര ചെയ്യാനാകുന്ന ഡേ പാസിന്റെ നിരക്ക് ആറു റിയാലില്‍ നിന്ന് ഒന്‍പത് റിയാലായി വര്‍ധിപ്പിച്ചു. ഗോള്‍ഡ് ക്ലാസില്‍ ഒറ്റത്തവണ യാത്രക്ക് പത്ത് റിയാല്‍ ആയിരുന്നത് 15 റിയാലും ഗോള്‍ഡ് ക്ലാസിലെ ഡേ പാസ് നിരക്ക് 30 റിയാലില്‍ നിന്ന് 45 റിയാലുമായാണ് വര്‍ധിപ്പിച്ചത്. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം നിയന്ത്രിച്ച് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ ടിക്കറ്റുകളിലെ നിരക്ക് വര്‍ധന. അതേസമയം ടോപ് അപ് ട്രാവല്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് ബാധകമല്ല. ദിവസേന ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്കാണ് പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നത്.
ടോപ് അപ് യാത്രാ കാര്‍ഡുകളിലേക്ക് മാറാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം നിയന്ത്രിക്കാനാകുമെന്നാണ് ഖത്തര്‍ റെയില്‍ പ്രതീക്ഷിക്കുന്നത്. ടോപ്പ്അപ്പ് ചെയ്ത് ഉപയോഗിക്കാനാകുന്ന സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്ക്ലബ്ബ് യാത്രാ കാര്‍ഡ് നിരക്കുകള്‍ നിലവിലുള്ളതുപോലെ തുടരും. സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ് യാത്രാ കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ യാത്രക്കും നിരക്കുകള്‍ യഥാക്രമം 2, 10 റിയാല്‍ ആയി തുടരും. ട്രാവല്‍ കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ ഡേപാസ് നിരക്കും നിലവിലുള്ളതുപോലെ ആറു റിയാലായിരിക്കും. എല്ലാ ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും യാത്രാ കാര്‍ഡുകള്‍ ലഭിക്കും. ആവശ്യത്തിനനുസരിച്ച് ഇവ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വഖ്‌റ ആസ്പത്രിയില്‍ പുകവലി മോചന ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

വസ്മി ഫെസ്റ്റിവല്‍: ഉദ്യാനങ്ങള്‍ ആകര്‍ഷകം