
റെഡ്ലൈന്‍ സൗത്തില്‍ നാളെ മുതല്‍ പ്രാഥമിക സര്‍വീസ്
ദോഹ: ദോഹ മെട്രോയുടെ തെക്ക് റെഡ് പാത (റെഡ്ലൈന്‍ സൗത്ത്) പൊതുജനത്തിന് തുറന്നുകൊടുക്കുന്നു. റെഡ്ലൈന്‍ സൗത്തില്‍ നാളെ(മെയ് എട്ട് ബുധന്‍) മുതല്‍ പൊതുജനങ്ങള്‍ക്കായി പ്രാഥമിക സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ദോഹ മെട്രോയുടെ ആദ്യഘട്ട പ്രവര്‍ത്തനമാണ് മെയ് എട്ടിന് തുടങ്ങുക. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയാണ് ഈ പാതയില്‍ മെട്രോ സര്‍വീസ് ഉണ്ടാവുക.
അല്‍ ഖസര്‍ മുതല്‍ അല്‍ വഖ്റ വരെയാണ് റെഡ്ലൈന്‍ സൗത്ത് പാതയിലുള്ളത്. ആകെയുള്ള 18 റെഡ് ലൈന്‍ സ്റ്റേഷനുകളിലെ 13 സ്റ്റേഷനുകളാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്. അല്‍ ഖസര്‍, ഡിഇസിസി, ക്യുഐസി വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ബിദ (ഇന്റര്‍ചേഞ്ച് സ്റ്റേഷന്), മുശൈരിബ് (ഇന്റര്‍ചേഞ്ച് സ്റ്റേഷന്), അല്‍ ദോഹ അല്‍ ജദീദ, ഉമ്മു ഗവലിന, അല്‍ മതാര്‍ അല്‍ ഖദീം, ഉഖ്ബ ഇബ്ന് നഫീ, ഫ്രീ സോണ്‍, റാസ് അബു ഫൊന്താസ്, അല്‍ വഖ്റ എന്നിവയാണ് ഈ സ്റ്റേഷനുകള്‍.
തീരദേശ മെട്രോയെന്നും റെഡ്ലൈനിനെ വിശേഷിപ്പിക്കുന്നുണ്ട്. ദക്ഷിണഭാഗത്ത് അല്‍വഖ്റ മുതല്‍ വടക്ക് ലുസൈല്‍ വരെ നീളുന്നതാണ് റെഡ് ലൈന്‍. ലോകകപ്പ് സ്റ്റേഡിയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണിത്. റെഡ് ലൈനില്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഈ പാതയിലൂടെ മെട്രോ ട്രെയിനുകള്‍ പരീക്ഷണ ഓട്ടം നടത്തി കാര്യക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ട്. പരമാവധി വേഗതയിലുള്പ്പടെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. റെഡ്ലൈനിന്റെ ഭൂഗര്‍ഭ പാതയിലെ പുക പരിശോധന വിജയകരമായി നടത്തിയിരുന്നു.
റെഡ് ലൈന്‍ സൗത്തിലെ തുരങ്കപാതയിലെ ഫാനുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമതയും വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയായിരന്നു ഇത്. തുരങ്കപാതയിലെ പുക നിയന്ത്രണ സംവിധാനത്തിന്റെ ഉള്‍പ്പടെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിനായി സജ്ജമായ അല്‍വഖ്റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മെയ് പതിനാറിനാണ്. അതിന്റെ മുന്നോടിയായിക്കൂടിയാണ് റെഡ്ലൈന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്.