
ദോഹ: ദോഹ മെട്രോയില്‍ സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യുന്നതിനായി മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ റെയില്‍. യാത്രക്കാര്‍ മെട്രോയിലെ സീറ്റുകള്‍ ശരിയായി ഉപയോഗിക്കണമെന്നും ട്രെയിന്‍ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ ഡോറുകള്‍ ബ്ലോക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഖത്തര്റെയില് നിര്‍ദേശിച്ചു.
മെട്രോയില്‍ എല്ലാവര്ക്കും തൃപ്തികരമായി യാത്ര ചെയ്യാനാകാണം. സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണതകള്‍ സൃഷ്ടിക്കാന്പാടില്ല. മെട്രോ യാത്രയില്‍ ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഉപദേശ നിര്‍ദേശങ്ങള്‍ ഖത്തര്‍ റെയില്‍ ട്വിറ്ററിലൂടെ പുറപ്പെടുവിക്കുന്നുണ്ട്. മെയ് എട്ടിനാണ് ദോഹ മെട്രോയുടെ റെഡ് ലൈനില്‍ സര്‍വീസ് തുടങ്ങിയത്. അല്‍ഖസര്‍ മുതല്‍ വഖ്റ വരെയാണ് സര്‍വീസ്. യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് മെട്രോയില്‍ അനുഭവപ്പെടുന്നുണ്ട്.
നിരവധിപേര്‍ സ്ഥിരമായി മെട്രോ സേവനം പ്രയോജനപ്പെടുത്തിവരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട്ാകുന്ന വിധത്തില്‍ തടസങ്ങളോ അസൗകര്യങ്ങളോ സൃഷ്ടിക്കരുതെന്ന് ഖത്തര്‍ റെയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദോഹ മെട്രോയില്‍ യാത്ര ചെയ്യുന്ന എല്ലാവര്ക്കും സുഖകരമായ അനുഭവം ലഭിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ദോഹ മെട്രോ ലുസൈല്‍ ട്രാം ട്വിറ്റര്‍ പേജ് വ്യക്തമാക്കി. സഹയാത്രികരുടെ കംഫര്‍ട്ടിനെ ബഹുമാനിക്കണം. മെട്രോയില്‍ ബാഗുകള്‍ വെച്ച് സീറ്റുകളില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയോ നില്‍ക്കുകയോ ഉറങ്ങുകയോ ചെയ്യരുത്.
സ്റ്റേഷനുകളില്‍ മെട്രോ എത്തിയാല്‍ ഡോറുകളില്‍ തടസങ്ങള്‍ സൃഷ്ടിക്കരുത്. സഹയാത്രികര്‍ക്ക് സുരക്ഷിതമായി മെട്രോയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കണം. മെട്രോയിലെ സീറ്റുകള്‍ ഇരിക്കുന്നതിനു മാത്രമുള്ളതാണെന്ന് ഖത്തര്‍ റെയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ സീറ്റുകളില്‍ എഴുന്നേറ്റുനില്ക്കുകയും മുതിര്‍ന്ന യാത്രികരില്‍ ചിലര്‍ സീറ്റിലിരുന്ന് ഭക്ഷണം കഴിക്കുകയും ചിലര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തില്‍ സീറ്റിലിരുന്ന് ഉറങ്ങുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഖത്തര്‍ റെയില്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഒരു സാഹചര്യത്തിലും കുട്ടികളെ സീറ്റില്‍ നിന്നു യാത്രചെയ്യാന്‍ അനുവദിക്കരുതെന്നു രക്ഷിതാക്കള്‍ക്ക് ഖത്തര്‍ റെയില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ട് ലെഗേജുകള്‍ മാത്രമായിരിക്കും ഒരു യാത്രക്കാരന് മെട്രോ ട്രെയിനില്‍ അനുവദിക്കുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ ബാഗുകള്‍ക്ക് പുറമേയാണിത്. ഓരോ ലഗേജും 85സെ.മീ- 60സെ.മീ-30സെ.മീ വലുപ്പത്തില്‍ കൂടരുത്.
പുഷ്ചെയറുകള്, വീല്‍ചെയറുകള്‍ തുടങ്ങിയ വലിയ സാധനങ്ങളുമായി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും എലിവേറ്ററുകളോ ലിഫ്റ്റുകളോ ഉപയോഗിക്കണം. നിര്‍ദേശങ്ങളില്‍ പറഞ്ഞതിനപ്പുറം വലുപ്പമുള്ളതോ സുരക്ഷിതമല്ലെന്ന് തോന്നുന്നതോ ആയ ബാഗേജുകള്‍ ആണ് യാത്രക്കാരന്റെ കൈവശമുള്ളതെന്ന് തോന്നിയാല്‍ അത്തരക്കാര്‍ക്ക് മെട്രോ യാത്ര നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ റെയില്‍ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.