in

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അടച്ചുപൂട്ടില്ല; സാധാരണനിലയില്‍ പ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍

ദോഹ: പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിന്റെ(ഡിഎംഐഎസ്) പ്രവര്‍ത്തനം സാധാരണയെന്ന പോലെ തുടരുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. 2019-2020 തങ്ങളുടെ അവസാന അധ്യയന വര്‍ഷമായിരിക്കുമെന്ന് കഴിഞ്ഞദിവസം മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ച ഇന്ത്യന്‍ സ്‌കൂള്‍ ഇന്നലെ ആ സന്ദേശം പിന്‍വലിച്ചു. സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ തുടരുമെന്ന് മാതാപിതാക്കള്‍ക്ക് ഇന്നലെ അയച്ച പുതിയ സന്ദേശത്തില്‍ അറിയിച്ചു. താലെബ് ഗ്രൂപ്പാണ് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ് ചെയ്യുന്നത്. ഒക്ടോബര്‍ മുപ്പതിലെ എസ്എംഎസിന്റെ ഫലമായുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് ആ സന്ദേശം പിന്‍വലിക്കുകയും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണപോലെ പുരോഗമിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ എസ്എംഎസില്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തോളം കുട്ടികളുള്ള ഈ സ്‌കൂള്‍ നിലവിലെ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ അടച്ചുപൂട്ടാനുള്ള കടുത്ത തീരുമാനം എടുക്കാന്‍ കാരണമായതെന്തുകൊണ്ടാണെന്നോ അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിച്ചുവെന്നോ വ്യക്തമല്ലെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പുതിയ സന്ദേശം ആശ്വാസകരമാണെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കാരണമായത് എന്താണെന്നതില്‍ മിക്കവരും ആശ്ചര്യം പ്രകടിപ്പിച്ചു. പ്രശ്‌നം എന്തായാലും അത് ശാശ്വതമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മിക്ക ഇന്ത്യന്‍ സ്‌കൂളുകളും നിറഞ്ഞിരിക്കുന്നതിനാല്‍ ഉയര്‍ന്ന ക്ലാസുകളിലുള്‍പ്പടെ പ്രവേശനം എങ്ങനെ കൈകാര്യം ചെയ്യാമെന്നതില്‍ തങ്ങള്‍ ഭയപ്പെട്ടിരുന്നതായും ഒരു രക്ഷകര്‍ത്താവ് പെനിന്‍സുലയോട് പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകളോടു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം ലഭ്യമല്ല. പ്രശ്നം പരിഹരിച്ചതായും സന്ദേശം ശരിയാണെന്നും സ്‌കൂളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. 2,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം കൊണ്ട് അവസാനിപ്പിക്കുന്നുവെന്ന ഒക്ടോബര്‍ മുപ്പതിലെ സന്ദേശം വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നുവെന്നതിനൊപ്പം അടുത്ത വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം തേടണമെന്നായിരുന്നു ആ സന്ദേശം. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട രക്ഷിതാക്കള്‍ക്ക് മാനേജ്മെന്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്‌കൂള്‍ ഫീസ് വര്‍ധന സംബന്ധിച്ച അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചാല്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്നാണ് മറുപടി ലഭിച്ചതെന്ന് രക്ഷിതാക്കളില്‍ ചിലര്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. വിഷയത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെയായിരുന്നു പുതിയ സന്ദേശം സ്‌കൂള്‍ അയച്ചത്. 2005 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളില്‍ കെജി 1 മുതല്‍ 12-ാം ഗ്രേഡ് വരെയാണുള്ളത്. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് സ്‌കൂള്‍ പിന്തുടരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊച്ചി ചോദിക്കുന്നു: ഖത്തറേ കളിക്കാന്‍ വരുമോ

പെട്രോളിനും ഡീസലിനും വില മാറില്ല