
ദോഹ: ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി) സംഘടിപ്പിക്കുന്ന ദോഹ വര്‍ക്കേഴ്സ് ക്രിക്കറ്റ് കപ്പ് ജൂലൈ 26വരെ മീസൈദിലെ എംഐസി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ കാണാന്‍ നിരവധി പേരാണ് എത്തിയത്. ക്യുഎന്ടിസിയും ക്യുസ്പോര്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഖത്തര്‍ വേനല്‍ ആഘോഷങ്ങളുടെ ഭാഗമാണ് ടി-12 ക്രിക്കറ്റ് ടൂര്‍ണമെന്റ്.
പന്ത്രണ്ട് ഓവര്‍ വീതമുള്ള മത്സരമാണ് ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങളെ കൂട്ടിയിണക്കുന്നതില്‍ കായികമേഖലയുടെ ശക്തി ഖത്തര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ക്യുഎന്‍ടിസിയുടെ മഷാല്‍ ഷഹ്ബിക് ചൂണ്ടിക്കാട്ടി. ഖത്തര്‍- ഇന്ത്യ സാംസ്കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണ് ദോഹ വര്‍ക്കേഴ്സ് ക്രിക്കറ്റ് കപ്പ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നാലു ഗ്രൂപ്പുകളിലായി പതിനാറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഒരു ടീമിന് മൂന്നു ഗ്രൂപ്പുമത്സരങ്ങളാണുള്ളത്.
എട്ടു ടീമുകള്‍ പ്ലേഓഫിന് യോഗ്യത നേടും. ജൂലൈ 26വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വൈകുന്നേരം 5.30നും 7.20നുമാണ് മത്സരങ്ങള്‍. ഫൈനല്‍ മത്സരവും പുരസ്കാരദാനവും ജൂലൈ 26ന് നടക്കും. ഒന്നാമതെത്തുന്ന ടീമിന് 15,000 റിയാലും മെഡലുകളും ടൂര്‍ണമെന്റ് ട്രോഫിയുമാണ് സമ്മാനം. ടൂര്‍ണമെന്റിലുടനീളം വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരങ്ങള്‍ക്കായി 20,000 റിയാലിന്റെ കാഷ്പ്രൈസും ട്രോഫികളും സമ്മാനിക്കുന്നുണ്ട്.
ഖത്തറില്‍ അവതരിപ്പിക്കുന്ന നൂതനമായ ടൂര്‍ണമെന്റാണ് ദോഹ വര്‍ക്കേഴ്സ് ക്രിക്കറ്റ് കപ്പെന്ന് ക്യുസ്പോര്ട്സ് വൈസ് ചെയര്മാന് ഗാനിം അല്‍മുഹന്നദി പറഞ്ഞു. വര്‍ക്കേഴ്സ് ക്രിക്കറ്റ് കപ്പിന്റെ രണ്ടാം എഡീഷനാണിത്. ദേശീയ ടൂറിസം കൗണ്‍സില്‍ പിന്തുണയ്ക്കുകയും സ്പോണ്സര് ചെയ്യുകയും ചെയ്യുന്നത് ഇതാദ്യമായിട്ടാണ്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള കമ്പനികളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ്. ഉന്നത മാനദണ്ഡങ്ങളോടെ പ്രൊഫഷണല്‍ നിലവാരത്തിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 40,000റിയാലിലധികമാണ് ആകെ പ്രൈസ്മണി.
ഭാവിയില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് വിപുലപ്പെടുത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.