
ദോഹ: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആസുരകാലത്ത് നന്മയുടെയും സഹോദര്യത്തിന്റെയും രാഷ്ട്രീയം മുറുകെ പിടിക്കാന്‍ നാം തയ്യാറാവണമെന്ന് ഖത്തര്‍ കെഎംസിസി സൗത്ത് സോണ്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലുമടക്കം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ആയിരക്കണക്കിനു സേവന പദ്ധതികള്‍ ഇത്തരം നന്മയുടെ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണെന്നും വിശുദ്ധ മാസത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
തുമാമ കെഎംസിസി ഓഫീസില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സലിം നാലകത്ത് റമദാന് സന്ദേശം നല്കി. ഇഫ്താര്‍ സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി സംസാരിച്ചു. പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. സിയാദ് കൊച്ചി, സജ്മല്‍ ഇടുക്കി എന്നിവരെ പുതിയതായി എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു. പി എ മുബാറക്ക്, കലാം പുനലൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി താഹിര്‍ തയ്യില്‍ സ്വാഗതവും സിറാജുദീന്‍ അടൂര്‍ നന്ദിയും പറഞ്ഞു.