in , , , ,

നല്ല പൂര്‍വികന്റെ മികച്ച പിന്‍ഗാമി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രധാനമന്ത്രി യുമായി ചര്‍ച്ച നടത്തുന്നു

ആര്‍ റിന്‍സ്
ദോഹ

നയതന്ത്ര, ഭരണതലത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തും മികവുമായാണ് ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഖത്തറിന്റെ പ്രധാനമന്ത്രി പദവിയിലേക്കെത്തുന്നത്. അമീറിനൊപ്പം ഏറെക്കാലമായി അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. 2014 നവംബര്‍ പതിനൊന്നു മുതല്‍ അമീരിദിവാന്‍ ചീഫായിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2013ല്‍ അധികാരമേറ്റതുമുതല്‍ അമീറിന്റെ ഓഫീസിന്റെ ഡയറക്ടറായിരുന്നു. 1968ല്‍ ദോഹയില്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ വിദ്യാഭ്യാസവും ഇവിടെയായിരുന്നു. 1993ല്‍ യുഎസില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി.

ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി സത്യപ്രതിജ്ഞ ചെയ്യുന്നു.

ഖത്തര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനി ലിമിറ്റഡില്‍ ജോലിയില്‍ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതം തുടങ്ങുന്നത്. 2002വരെ പ്രവര്‍ത്തനം ഈ കമ്പനിയിലായിരുന്നു. 2002 മുതല്‍ 2006വരെയുള്ള കാലയളവില്‍ ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രി- വിദേശകാര്യമന്ത്രിയുടെ ഓഫീസിലായിരുന്നു സേവനം അനുഷ്ടിച്ചത്. 2006 മാര്‍ച്ചില്‍ അദ്ദേഹം അമീരിദിവാനില്‍ ചേര്‍ന്നു. കിരീടാവകാശിയുടെ ഓഫീസിലായിരുന്നു സേവനം. 2006 ജൂലൈ 11ന് കിരീടാവകാശിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടറായും തുടര്‍ന്ന് 2007 ജനുവരി ഒന്‍പതിന് കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടറായും നിയമിതനായി. സ്‌പോര്‍ട്‌സ് ആന്റ് സോഷ്യല്‍ ആക്ടിവിറ്റീസ് സപ്പോര്‍ട്ട് ഫണ്ടിന്റെ(ദാം) ബോര്‍ഡിലും ശൈഖ് ഖാലിദ് അംഗമാണ്.
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിക്ക് ഖത്തറിനകത്തുനിന്നും പുറത്തുനിന്നും അഭിനന്ദനപ്രവാഹം. വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു പുറമെ സ്വദേശികളും പ്രവാസികളും പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു. വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്‍മാരും പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഒരു നല്ല പൂര്‍വികന്റെ മികച്ച പിന്‍ഗാമിയെന്നാണ് ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് നിയമിതനായ പുതിയ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫയെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജാബര്‍ അല്‍ഹറമി വിശേഷിപ്പിച്ചത്. സ്ഥാനമൊഴിഞ്ഞ മുന്‍പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി രാജ്യത്തിനായി നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ടുള്ള ട്വീറ്റുകളും സന്ദേശങ്ങളും പ്രമുഖരുള്‍പ്പടെ പങ്കുവെച്ചു. 2013 മുതല്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍. കഴിഞ്ഞ ഡിസംബറില്‍ റിയാദില്‍ നടന്ന ജിസിസി ഉ്ച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ നയിച്ചത് അദ്ദേഹമായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇസ്‌ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു

സവര്‍ക്കര്‍ക്കറുടെ അമര്‍ചിത്രകഥ വിതരണം ചെയ്തത് ദേശവിരുദ്ധം: സംഘടനാ നേതാക്കള്‍