
ദോഹ: നവജാത ശിശുക്കള്‍ക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം ലഭ്യമാക്കുന്നതില്‍ ലോകോത്തര നിലവാരമുള്ള കേന്ദ്രമായി സിദ്ര മെഡിസിന്‍ ഉയരുന്നു. സുപ്രധാന ശസ്ത്രക്രിയ ആവശ്യമുള്ള നവജാത ശിശുക്കള്‍ക്ക് ലോകനിലവാരത്തിലുള്ള പരിചരണവും ചികിത്സാ സേവനങ്ങളുമാണ് സിദ്ര മെഡിസിന്‍ ലഭ്യമാക്കുന്നത്.
ചില ശസ്ത്രക്രിയാ നടപടിക്രമങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍സ്ഥാപനങ്ങളെ വെല്ലുന്ന മികവ് കൈവരിക്കാന്‍ സിദ്രക്കായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദഗ്ദ്ധരായ നിയോനാറ്റോളജിസ്റ്റുകള്‍, അനസ്‌തെറ്റിസ്റ്റുകള്‍, നഴ്‌സുമാര്‍, ശസ്ത്രക്രിയാവിദഗ്ദ്ധര്‍ എന്നിവരടങ്ങിയ വിദഗ്ദ്ധ ടീമാണ് ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഗുരുതരമായ ശസ്ത്രക്രിയാ സാഹചര്യങ്ങളോടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ അതിനെ അതിജീവിക്കുന്നതിനും മികച്ച പരിചരണം ലഭ്യമാക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച പരിചരണം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന ആത്മവിശ്വാസം മാതാപിതാക്കള്‍ക്ക് നല്‍കുന്നതിനും ഈ വിദഗ്ദ്ധ ടീം പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സിദ്രയില്‍ നവജാതശിശു തീവ്രപരിചരണ വിഭാഗം(നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്-എന്‍ഐസിയു) പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിനുശേഷം ഇതുവരെയായി 94 നവജാത ശിശുക്കളെയാണ് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ഈ കുഞ്ഞുങ്ങളില്‍ 140ലധികം ശസ്ത്രക്രിയകളാണ് നടത്തിയത്. പ്രവേശിപ്പിച്ച കുഞ്ഞുങ്ങളിലധികവും അകലാത്തില്‍ ജനിച്ചവരും ഒരു കിലോയില്‍ താഴെ ഭാരമുള്ളവരുമായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ദുര്‍ബലവുമായ രോഗികളാണ് ഇത്തരം കുഞ്ഞുങ്ങള്‍.
അതുകൊണ്ടുതന്നെ അവരെ ചികിത്സിക്കുകയെന്നത് കൂടുതല്‍ സങ്കീര്‍ണമാണ്. ഗുരുതരമായ രോഗം ബാധിച്ച നവജാത ശിശുക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌പെഷ്യലിസ്റ്റ് പരിചരണം ലഭ്യമാക്കുന്നതിനായാണ് ലോകോത്തരമായ എന്‍ഐസിയു സേവനം തുടങ്ങിയതെന്ന് സിദ്ര മെഡിസിന്‍ നിയോനാറ്റോളജി ഡിവിഷന്‍ ചീഫ് ഡോ.ഹെല്‍മറ്റ് ഹംലര്‍ പറഞ്ഞു.
ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി വിദഗ്ദ്ധരടങ്ങിയ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ബഹുതലസ്പര്‍ശിയായ ചികിത്സാപരിചരണമാണ് ലഭ്യമാക്കുന്നത്. ഈ ടീമില്‍ ശസ്ത്രക്രിയാ വിദഗ്ദ്ധര്‍, അനസ്‌തേഷ്യോളജിസ്റ്റുകള്‍, ഓപ്പറേറ്റിങ് റൂം ജീവനക്കാര്‍, അനുബന്ധ ആരോഗ്യവിദഗ്ദ്ധര്‍, റേഡിയോളജി, ലബോറട്ടറി സേവന വിദഗ്ദ്ധര്‍, നിയോനാറ്റോളജിസ്റ്റുകള്‍, നിയോനാറ്റല്‍ നഴ്‌സുമാര്‍ എന്നിവരെല്ലാം ഉള്‍പ്പെടും.
എന്‍ഐസിയുവിന്റെ ആദ്യ പന്ത്രണ്ട് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലപ്രാപ്തി കൈവരിക്കായിട്ടുണ്ട്. ജീവന് ഭീഷണിയായ സാഹചര്യങ്ങളോടെ ജനിച്ച 99ശതമാനം കുഞ്ഞുങ്ങള്‍ക്കും ശസ്ത്രക്രിയയെത്തുടര്‍ന്ന് ഏറ്റവും ഗുരുതരമായ 30ദിവസത്തെ കാലയളവിനെ അതിജിവിക്കാന്‍ കഴിഞ്ഞു. ലോകത്തെ മുന്‍നിര ആസ്പത്രികളെപ്പോലും മറികടക്കുന്ന നേട്ടമാണിത്.
ഈ കണക്കുകള്‍ മികച്ചതാണെന്ന് സിദ്രയിലെ പീഡിയാട്രിക് മെഡിസിന്‍ എക്‌സിക്യുട്ടീവ് ചെയര്‍ പ്രൊഫ. സിയാദ് എം ഹിജാസി പറഞ്ഞു. ഓരോ ജീവിതവും സുപ്രധാനമാണ്. നവജാതശിശുക്കള്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാന്‍ ടീം കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച ഫലങ്ങള്‍ കൈവരിക്കാനാകുന്നത് അസാധാരണമായ ടീം വര്‍ക്കിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ദ്ധ പരിശീലനം ലഭിച്ച 200ഓളം നഴ്‌സിങ് ജീവനക്കാരാണ് എന്‍ഐസിയു ടീമിലുള്ളത്. ഇസിഎംഒ എന്നറിയപ്പെടുന്ന കൃത്രിമ ശ്വാസകോശ യന്ത്രത്തിന്റെ സഹായത്തോടെഅടിവയര്‍, ശ്വാസകോശം, ഡയഫ്രം എന്നിവയില്‍ സുപ്രധാന ശസ്ത്രക്രിയകള്‍ നടത്തുന്നുണ്ട്.
സിദ്രയുടെ മറ്റേണല്‍ ഫീറ്റല്‍ മെഡിസിന്‍ യൂണിറ്റിലെ വിദഗ്ദ്ധരുടെ പിന്തുണയും എന്‍ഐസിയു യൂണിറ്റിന് ലഭിക്കുന്നുണ്ട്. ലോകോത്തരനിലവാരമുള്ളവരാണ് ശസ്ത്രക്രിയാ വിദഗ്ദ്ധരെന്ന് സിദ്ര മെഡിസിന്‍ സര്‍ജറി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ഡോ.മന്‍സൂര്‍ അലി പറഞ്ഞു.
മുന്‍കാലങ്ങളില്‍ നവജാത ശിശുക്കളിലെ ജീവന്‍രക്ഷാ ശസ്ത്രക്രിയക്കായി പുറംരാജ്യങ്ങളിലേക്ക് പോയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇവിടെതന്നെ നിര്‍വഹിക്കാനാകുന്നുണ്ട്. സങ്കീര്‍ണ സാഹചര്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സിദ്ര മെഡിസിനാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഐസിയുവില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് നിയോനാറ്റല്‍ സര്‍ജറി ഡയറക്ടര്‍ ഡോ.ബാസം ഖലീല്‍ പറഞ്ഞു. ഈ ഫലം ശ്രദ്ധേയമായ നേട്ടമാണെന്ന് സിദ്ര മെഡിസിന്‍ ആക്ടിങ് സിഇഒ ഡോ.റോബര്‍ട്ട് ക്രോണ്‍ പറഞ്ഞു.പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ ലോകച്ചിലെ മികച്ച ആസ്പത്രികള്‍ക്കു തുല്യമായി മാറാന്‍ സിദ്രക്ക് കഴിഞ്ഞിട്ടുണ്ട്.