
ദോഹ: ഹമദ് ജനറല്‍ ആസ്പത്രിയുടെ നവീകരിച്ച സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്(എസ്ഐസിയു) പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍കുവാരി ഉദ്ഘാടനം ചെയ്തു. 2013ലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ഹമദ് ജനറല്‍ ആസ്പത്രിയുടെ ഓപറേഷന് തിയറ്റര്‍ സ്യൂട്ടിനെയും പുതിയ സര്‍ജിക്കല്‍ സ്പെഷ്യലിറ്റി സെന്ററിനെയും നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ട്. ജീവനു ഭീഷണിയാകുന്ന ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിചരണമാണ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നല്‍കുന്നത്. ആരോഗ്യ ഇടപെടല്‍, ശ്വസനസഹായം ആവശ്യമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികള്‍, നിരന്തരമായ നിരീക്ഷണം എന്നിവ ആവശ്യമായിവരുന്ന സങ്കീര്‍ണ സാഹചര്യങ്ങളിലുള്ള രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പുനല്‍കുന്നുണ്ട്.

രോഗികളുടെ കാത്തിരിപ്പ് സമയം വലിയതോതില്‍ കുറയ്ക്കാനും സാധിക്കും. ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം പൊതുജനാരോഗ്യ മന്ത്രി സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സന്ദര്‍ശനം നടത്തി. സൗകര്യങ്ങള്‍ നോക്കിക്കണ്ടു. എസ്ഐസിയുവില് 27 ബെഡുകളാണുള്ളത്. നിലവില്‍ പതിനഞ്ചെണ്ണമായിരുന്നു. നാല് ഐസൊലേഷന്‍ റൂമുകള്‍, മൂന്ന് നെഗറ്റീവ് പ്രഷര്‍ റൂമുകള്‍, കുടുംബങ്ങള്‍ക്കുള്ള കാത്തിരിപ്പ് റൂമുകള്‍ എന്നിവയും ഉണ്ട്. ഇപ്പോഴുള്ളതിന്റെ ഇരട്ടി രോഗികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ജനറല്‍ സര്‍ജിക്കല്‍ സേവനങ്ങളെയും എസ്ഐസിയുവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ട്രോമകെയര്‍ രോഗികള്‍ക്ക് ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളും ഇതിലൂടെ ലഭിക്കും. 19 ബെഡുകള്‍ ഉള്ള ട്രോമ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ(ടിഐസിയു) പ്രവര്‍ത്തനം കൂടുതല്‍ വിശാലമാകും.
പുതിയ വികസനപദ്ധതികള്‍ നടപ്പായതോടെ 10,000 സ്ക്വയര്‍ മീറ്റര്‍ ഓപറേറ്റിങ് തിയറ്റര്‍ വിപുലീകരണ പദ്ധതികളാണ് യാഥാര്‍ഥ്യമായത്. ഇതില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള 20 സര്‍ജിക്കല്‍ തിയറ്ററുകള്‍, 19 ബെഡുകള്‍ ഉള്ള ടിഐസിയു, ഡാവിഞ്ചി സര്‍ജിക്കല്‍ റോബോര്‍ട്ട് സംവിധാനം എന്നിവയുമുണ്ട്. റിയല്‍ ടൈം ഇമേജിങ് ശേഷിയുള്ള സിടി, എംആര്‍ഐ, ബ്രെയിന്‍ ലാബ്, ആര്ടിസ് സീഗോ ഇമേജിങ് ടെക്നോളജി എന്നീ സൗകര്യങ്ങളും ഉള്‍ക്കാള്ളുന്നു. 2016ല്‍ പ്രധാനനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സര്‍ജിക്കല്‍ സേവന സൗകര്യത്തിന് തുടക്കംകുറിച്ചിരുന്നു.
എസ്ഐസിയു നവീകരണത്തോടെ സര്‍ജിക്കല്‍ സേവന സൗകര്യത്തിന്റെ വികസനവും പൂര്‍ത്തിയായി. പഴയ വിമന്‍സ് ഹോസ്പിറ്റല്‍ ബില്‍ഡിങില്‍ പുതിയ സ്പെഷ്യലൈസ്ഡ് സര്‍ജറി സെന്ററിന്റെ ആദ്യഘട്ടം നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ വര്‍ഷം എച്ച്എംസിയുടെ സര്‍ജിക്കല്‍ ശേഷി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുകയും സ്പെഷ്യലൈസ്ഡ് സര്‍ജിക്കല്‍ സേവനങ്ങളുടെ ലഭ്യത കൂട്ടുകയുമാണ് ലക്ഷ്യം. വര്‍ധിച്ചുവരുന്ന രാജ്യത്തെ ജനസംഖ്യക്ക് അനുസരിച്ച് സേവനങ്ങള്‍ വിപുലീകരിക്കുക എന്ന ദീര്‍ഘകാല പദ്ധതികള്‍ക്കനുസരിച്ചാണ് സര്‍ജിക്കല്‍ സേവനങ്ങളുടെ വിപുലീകരണം.
സര്‍ജിക്കല്‍, ട്രോമ, അടിയന്തര വിഭാഗം, അവയവദാന പദ്ധതികള്‍ തുടങ്ങിയവയും ലക്ഷ്യമിട്ടാണ് ഇത്തരം വിപുലീകരണ പദ്ധതികള്‍ നടത്തുന്നത്. ലോകത്തിലെ ഏറ്റവും മെച്ചെപ്പട്ട ചികില്‍സയും ആസ്പത്രികളും ഖത്തറില്‍ തന്നെ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.