in , , , , ,

നാദവിസ്മയം തീര്‍ത്ത് നാദിര്‍ അബ്ദുസ്സലാം

ദോഹ: ഹയാത്തി യാ ഖത്തര്‍ ഇന്‍തീ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അറബ് സംഗീതരംഗത്തെ മലയാളി നാദിര്‍ അബ്ദുസ്സലാം ഒരുക്കിയ ഗാനമാണിത്. ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ രണ്ടുഗാനങ്ങളും ഖത്തരി സമൂഹം ഏറ്റെടുത്ത സന്തോഷത്തിലാണ് നാദിര്‍.
2015ല്‍ മതാര്‍ അലി അല്‍കുവാരിയുടെ സംഗീതത്തില്‍ അസീല്‍ ഹമീം ആലപിച്ച അതേ ഗാനം തന്നെയാണ് റീമിക്‌സ് ചെയ്ത് ദേശീയ ദിനത്തില്‍ നാദിര്‍ അവതരിപ്പിച്ചത്. സംഗീതമൊരുക്കി ഗാനം ആലപിച്ച നാദിറിനെ സംഗീത സംവിധായകന്‍ അലി അല്‍ കുവാരി നേരില്‍ വിളിച്ച് അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അടുത്ത പാട്ട് പാടാന്‍ നാദിറിനെ ക്ഷണിക്കുകയും ചെയ്തു. അലി അല്‍ കുവാരി തന്നെയാണ് പാട്ടിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചത്.
ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഖത്തര്‍ മ്യൂസിക് അക്കാദമി ഈ ഗാനം അക്കാദമിയുടെ പേരില്‍ ഇറക്കുവാനുള്ള പരിശ്രമത്തിലാണ്. ഖത്തര്‍ മ്യൂസിക് അക്കാദമിയില്‍ നിന്ന് അറബ് സംഗീതത്തില്‍ പരിശീലനം നേടിയ നാദിര്‍ അബ്ദുല്‍സലാം ആറു വര്‍ഷം അക്കാദമിയുടെ അംബാസഡര്‍ കൂടിയായിരുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ചു നാദിറിന്റെ സംഗീതത്തില്‍ പുറത്തിറക്കിയ രണ്ടാമത്തെ ഗാനത്തിന്റെ ആലാപനവും രചനയും നിര്‍വഹിച്ചത് ഖലീല്‍ അല്‍ ശബ്റമിയാണ്. പരമ്പരാഗത ഖലീജി ശൈലിയിലാണ് രണ്ടു ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഖലീല്‍ അല്‍ ശബ്റമി പാടിയ ഗാനം ഖത്തരികളുടെ പരമ്പരാഗത വാള്‍ നൃത്തം അര്‍ദയ്ക്കു വേണ്ടിയാണ് തയ്യാറാക്കിയത്. നിലവില്‍ അലി അബ്ദുല്‍ സത്താറിന് വേണ്ടി ഇന്‍ഡോ അറബ് ശൈലിയിലുള്ള ഗാനത്തിന്റെ പണിപ്പുരയിലാണ് നാദിര്‍.
24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന് വേണ്ടി ഖത്തര്‍ ടീമിനെ പ്രശംസിച്ചു നാദിര്‍ സംഗീതം നല്കി പുറത്തിറക്കിയ ‘കായിദ യല്‍മആലി’ എന്ന പരമ്പരാഗത ഖലീജി ഗാനം ഹിറ്റായതോടെ അറബ് സംഗീത സംവിധാന രംഗത്ത് വലിയ അവസരങ്ങളാണ് തേടിയെത്തുന്നത്. അല്‍കാസ് ചാനലാണ് ഈ ഗാനം സംപ്രേഷണം ചെയ്തത്. ഗാനം പുറത്തിറങ്ങിയ ഉടന്‍ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താാനി ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇത് പങ്കുവെക്കുകയും ആദ്യ ദിനത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പാട്ട് ആസ്വദിക്കുകയും ചെയ്തു. ‘ഷെല്ല’ എന്ന പരമ്പരാഗത അറബ് ശൈലിയിലുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയത് ഒരു മലയാളിയാണെന്നത് പക്ഷെ അറബ് സമൂഹം അത്ഭുതത്തോടെയാണ് കണ്ടത്. അറബ് സംഗീതോപകരണമായ ഊദ് അനായാസമായി കൈകാര്യം ചെയ്യുന്ന നാദിര്‍ 2006ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ഖത്തറിന്റെ ദേശീയഗാനമാലപിക്കാന്‍ അറബ് ഗായകരോടൊപ്പം അവസരം ലഭിച്ച ഏക ഇന്ത്യക്കാരനാണ്.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം ആരംഭിച്ച നാദിര്‍ നാലാം ക്ലാസു മുതല്‍ പ്ലസ് ടൂ വരെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. മലേഷ്യയിലെ ലിംകോക് വിങ് സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെ റെക്കോര്‍ഡിങ് ആര്‍ട്‌സില്‍ ബിരുദമെടുത്ത നാദിറിനെ സര്‍വകലാശാല അംബാസിഡര്‍ സ്ഥാനം നല്‍കി ആദരിച്ചിരുന്നു. 2013ല്‍ ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫിന്റെ മ്യൂസിക് ലാബല്‍ ‘അന്‍ഡാന്റെ റെക്കോഡ്സ്’ മായി കരാറില്‍ ഒപ്പുവെച്ചു. ബിരുദ പഠനത്തിന് ശേഷം ദോഹയില്‍ തിരിച്ചെത്തിയ നാദിര്‍ ഖത്തറിന്റെ ആസ്ഥാന ഗായകന്‍ അലി അബ്ദുല്‍ സത്താറുമായി സഹകരിച്ചാണ് അറബ് സംഗീത സംവിധാനത്തിലേക്ക് പ്രവേശിച്ചത്.
കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലാമിന്റെയും ബല്‍ക്കീസിന്റെയും മൂത്ത മകനാണ് നാദിര്‍ അബ്ദുസ്സലാം. ഒന്‍പത് സഹോദരങ്ങളുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മെയ്ഡ് ഇന്‍ ഖത്തര്‍

അമീറിന് ആശംസ; സന്ദേശ പ്രവാഹം