
ദോഹ: നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ(നാറ്റോ) 70-ാമത് വാര്‍ഷികാഘോഷത്തില്‍ അമീരി വ്യോമസേന പങ്കെടുത്തു. യുകെയിലെ ഫെയര്‍ഫോര്‍ഡ് എയര്‍ബേസിലായിരുന്നു ആഘോഷചടങ്ങുകള്‍ നടന്നത്. വായുവും ബഹിരാകാശവും- അടുത്ത തലമുറയിലെ വ്യോമസേനക്ക് പ്രചോദനം എന്ന മുദ്രാവാക്യത്തിലായിരുന്നു പരിപാടികള്‍. റോയല്‍ എയര്‍ഷോയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഏകദേശം 245 എയര്‍ക്രാഫ്റ്റുകളും ഫൈറ്റര്‍ ജെറ്റുകളും പങ്കെടുത്തു.
നാറ്റോ അംഗരാജ്യങ്ങളില്‍ നിന്നും സൗഹൃദ സഖ്യരാജ്യങ്ങളില്‍ നിന്നുമായാണ് എയര്‍ക്രാഫ്റ്റുകള്‍ പങ്കെടുത്തത്. അമീരി വ്യോമസേനയുടെ തന്ത്രപ്രധാന ഗതാഗത എയര്‍ക്രാഫ്റ്റാണ് വാര്‍ഷികാഘോഷത്തില്‍ പങ്കാളിയായത്. സന്ദര്‍ശകര്‍ക്കിടയില്‍ മികച്ച പ്രതികരണവും താല്‍പര്യവുമാണ് ഖത്തര്‍ എയര്‍ക്രാഫ്റ്റ് ഉളവാക്കിയത്.
ചടങ്ങില്‍ നാറ്റോയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കാളിത്ത രാജ്യങ്ങളുടെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമീരി വ്യോമസേനയുടെ തന്ത്രപ്രധാന ഗതാഗത വിമാനങ്ങളായ സി17 ഗ്ലോബ് മാസ്റ്റര്‍, സി-130/ജെ-30 സൂപ്പര്‍ ഹെര്‍ക്കുലീസ് എന്നിവയാണ് റോയല്‍ എയര്‍ഷോയില്‍ പങ്കെടുത്തത്.
ഷോയില്‍ പങ്കെടുത്ത ഖത്തരി സമാധാന പരിപാലന വിമാനം മികച്ച എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. റോയല്‍ എയര്‍ഷോയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ തങ്ങളുടെ വിമാനശേഷികളും തല്‍സമയ എയര്‍ഷോകളും യുദ്ധവിമാനങ്ങളും അവതരിപ്പിച്ചു.