in

നാലാമത് പ്രവാചക കവിതാമത്സരം: പുരസ്‌കാര പ്രഖ്യാപനം നാളെ

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ നാലാമത് പ്രവാചക കവിതാ മത്സരത്തിന്റെ പുരസ്‌കാരപ്രഖ്യാപനവും വിതരണവും നാളെ നടക്കും. പ്രാദേശിക കവിതാ, ക്ലാസിക്കല്‍ വിഭാഗങ്ങളിലായി അഞ്ചുപേര്‍ വീതമാണ് യോഗ്യത നേടിയത്. പ്രാദേശിക കവിതാ വിഭാഗത്തില്‍ സാലേഹ് മുഹമ്മദ് അല്‍മര്‍റി(ഖത്തര്‍), സാലേഹ് അലിഅല്‍ മുതൈരി(കുവൈത്ത്), മുഹമ്മദ് മുതൈബ് അല്‍അജ്മി(കുവൈത്ത്), ഫഹദ് മുത്‌ലാഖ് അല്‍അജ്മി(കുവൈത്ത്), ഹമൗദ് അബ്ദുല്ല അല്‍മുഖൈനി(ഒമാന്‍) എന്നിവരാണ് സെമിഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

ക്ലാസിക്കല്‍ വിഭാഗത്തില്‍ അല്‍സായിദ് അഹമ്മദ് അബു അല്‍വഫ(ഈജിപ്ത്), ഖാലിദ് അല്‍ഹസന്‍(ഇറാഖ്), മുഹമ്മദ് ഉരൈജ്(മൊറോക്കോ), ഹസന്‍ ആമിര്‍(ഈജിപ്ത്), മുഹമ്മദ് അല്‍സാഗ്(മൊറോക്കോ) എന്നിവരും യോഗ്യത നേടി. വെള്ളിയാഴ്ചയാണ് സമാപനചടങ്ങ്. ഇത്തവണ ക്ലാസിക്കല്‍ കവിതാ വിഭാഗത്തില്‍ 1082 അപേക്ഷകളും പ്രാദേശിക കവിതാ വിഭാഗത്തില്‍ 76 അപേക്ഷകളുമാണ് ലഭിച്ചത്.

കവിതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍മാര്‍, അക്കാഡമിക്‌സ്, വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെട്ട വിദഗദ്ധസമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തുന്നത്. രണ്ടു വിഭാഗങ്ങളിലെയും സെമിഫൈനല്‍ റൗണ്ടുകള്‍ക്കുശേഷം 27ന് പുരസ്‌കാരപ്രഖ്യാപനം നടക്കും. അറബ് ഐക്യം ശക്തിപ്പെടുത്തുന്നതില്‍ അറബിക് ഭാഷയുടേയും കവിതകളുടേയും പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് കവിതാമത്സരം.

ഇസ്‌ലാമിക കവിതകളുടെ പൈതൃകം പുനരുജ്ജീവിപ്പിക്കുകയും ഇസ്ലാമിക മൂല്യങ്ങളുമായി പുതിയ തലമുറയെ ബന്ധിപ്പിക്കുകയുമാണ് ഇതിലൂടെ കത്താറ വിഭാവനം ചെയ്യുന്നത്. പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മികച്ച അറബ് കവിതയ്ക്ക് ‘കത്താറ പ്രൈസ് ഫോര്‍ പ്രോഫെറ്റ്‌സ് പോയറ്റ്‌സ്’ എന്ന പേരിലായിരിക്കും പുരസ്‌കാരം നല്‍കുക. പ്രവാചകന്റെ പേരില്‍ നല്‍കുന്ന ഏറ്റവും വലുതും മികച്ചതുമായ പുരസ്‌കാരങ്ങളിലൊന്നാണിത്.

അറബ് മേഖലയില്‍ മത,സാഹിത്യരംഗത്ത് ഇത്രയും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്നത് ഇതാദ്യമായാണ്.തന്റെ കഴിവും പ്രാപ്തിയും ഭാഷയും സാഹിത്യബോധവും പ്രയോജനപ്പെടുത്തി പ്രവാചകനെ പ്രകീര്‍ത്തിക്കുന്ന ഏറ്റവും മികച്ച കവിത രചിക്കുന്ന വ്യക്തിയെ കണ്ടെത്തുകയെന്നതാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.

അറബി ഭാഷ ശൈലിയുടെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനൊപ്പം കവിതാരചനയിലേക്കും കവിതയിലേക്കും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനും ഇത്തരമൊരു മത്സരം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലാസിക്കല്‍ കവിതാ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്കായി 21 ലക്ഷം റിയാലാണ് സമ്മാനമായി നല്‍കുന്നത്.

ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് ഏഴ് ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് നാല് ലക്ഷം റിയാലുമാണ് സമ്മാനം. പ്രാദേശിക കവിതാ വിഭാഗത്തിലും ഇതേക്രമത്തിലാണ് സമ്മാനം നല്‍കുന്നത്. സമ്മാനാര്‍ഹമായ കവിതകള്‍ കത്താറയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കും. കത്താറയുടെ മറ്റു പദ്ദതികളിലും മറ്റും സമ്മാനാര്‍ഹമായ കവിത ഉപയോഗിക്കും.

സമ്മാനാര്‍ഹമായ കവിതകളുടെ സി.ഡി. കത്താറ സ്റ്റുഡിയോയിലും ലഭ്യമാക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന മുപ്പത് കവിതകള്‍ കത്താറ പബ്ലീഷിങ് ഹൗസ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക ചാമ്പ്യന്‍ഷിപ്പ് ഭാരദ്വഹനത്തില്‍ ഫരേസ് ഇബ്രാഹിമിന് വെള്ളി

അമീര്‍ യുഎന്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ച നടത്തി