
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ നാലാമത് പ്രവാചക കവിതാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പ്രാദേശിക കവിതാ, ക്ലാസിക്കല്‍ വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലത്തിയവര്ക്ക് കത്താറയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
പുരസ്കാരദാന ചടങ്ങില്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹമൂദ്, ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രി ഡോ.ഗെയ്ത് ബിന്‍ മുബാറക്ക് അല്‍കുവാരി, നീതിന്യായമന്ത്രിയും ക്യാബിനറ്റ്കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമി, സഹമന്ത്രി ഡോ.ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരി, ഡോ.മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ, ശൈഖുമാര്‍. അംബാസഡര്‍മാര്‍ പങ്കെടുത്തു. ക്ലാസിക്കല്‍ വിഭാഗത്തില്‍ മുഹമ്മദ് ഉരൈജ്(മൊറോക്കോ), ഹസന് ആമിര്‍(ഈജിപ്ത്), അല്‍സായിദ് അഹമ്മദ് അബു അല്‍വഫ(ഈജിപ്ത്) എന്നിവരാണ് ആദ്യ മൂന്നുസ്ഥാനങ്ങളില്‍.
പ്രാദേശിക കവിതാ വിഭാഗത്തില്‍ സാലേഹ് മുഹമ്മദ് അല്‍മര്‍റി(ഖത്തര്‍), മുഹമ്മദ് മുതൈബ് അല്‍അജ്മി(കുവൈത്ത്), ഹമൗദ് അബ്ദുല്ല അല്‍മുഖൈനി(ഒമാന്‍) എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയത്.ക്ലാസിക്കല്‍ കവിതാ വിഭാഗത്തില്‍ 1082 അപേക്ഷകളും പ്രാദേശിക കവിതാ വിഭാഗത്തില്‍ 76 അപേക്ഷകളുമാണ് ലഭിച്ചത്. അറബ് ഐക്യം ശക്തിപ്പെടുത്തുന്നതില്‍ അറബിക് ഭാഷയുടേയും കവിതകളുടേയും പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് കവിതാമത്സരം.
ഇസ്ലാമിക കവിതകളുടെ പൈതൃകം പുനരുജ്ജീവിപ്പിക്കുകയും ഇസ്ലാമിക മൂല്യങ്ങളുമായി പുതിയ തലമുറയെ ബന്ധിപ്പിക്കുകയുമാണ് ഇതിലൂടെ കത്താറ വിഭാവനം ചെയ്യുന്നത്. അറബി ഭാഷ ശൈലിയുടെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനൊപ്പം കവിതാരചനയിലേക്കും കവിതയിലേക്കും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനും ഇത്തരമൊരു മത്സരം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലാസിക്കല്‍ കവിതാ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്ക്കായി 21 ലക്ഷം റിയാലാണ് സമ്മാനമായി നല്‍കിയത്.
ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് ഏഴ് ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് നാല് ലക്ഷം റിയാലുമാണ് സമ്മാനം. പ്രാദേശിക കവിതാ വിഭാഗത്തിലും ഇതേക്രമത്തിലാണ് സമ്മാനം. സമ്മാനാര്‍ഹമായ കവിതകള്‍ കത്താറയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കും. കത്താറയുടെ മറ്റു പദ്ദതികളിലും മറ്റും സമ്മാനാര്‍ഹമായ കവിത ഉപയോഗിക്കും.
സമ്മാനാര്‍ഹമായ കവിതകളുടെ സി.ഡി. കത്താറ സ്റ്റുഡിയോയിലും ലഭ്യമാക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന മുപ്പത് കവിതകള്‍ കത്താറ പബ്ലീഷിങ് ഹൗസ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.