
ദോഹ: നാലാമത് പ്രാദേശിക ഈത്തപ്പഴ മേള 23 മുതല്‍ ആഗസ്ത് മൂന്നുവരെ സൂഖ് വാഖിഫില്‍ നടക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും സൂഖ് വാഖിഫിന്റെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എണ്‍പതിലേറെ പ്രാദേശിക ഈത്തപ്പഴ ഫാമുകളും ഹസ്സാദ് ഫുഡ് കമ്പനിയും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
സൂഖ് വാഖിഫില്‍ ഒരുക്കുന്ന വലിയ തമ്പില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം നടക്കുകയെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വിഭാഗം തലവന്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി വാര്‍ത്താ സമ്മേളനത്തില്‍ അറിയച്ചു. ഖലാസ്, അല്ശിശി, അല്ഖനിസി, അല്ബര്ഹി, അല്ഇര്ഖി, അല്സില്ജി, അല്സഖൈ, നബ്ത് സൈഫ്, അല്ലുലു, അല്റസീസി തുടങ്ങി പ്രാദേശിക ഈത്തപ്പഴങ്ങളുടെ വലിയ നിരയാണ് പ്രദര്‍ശനത്തിലുണ്ടാവുക.
വിളവെടുപ്പ് കാലത്ത് ഈത്തപ്പഴം ഉള്‍പ്പെടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കമ്പോള സൗകര്യം ഒരുക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ഖുലൈഫി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഈത്തപ്പന ഫാമുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനും വ്യത്യസ്തയിനം ഈത്തപ്പഴ ഉത്പാദനത്തിന് പിന്തുണയേകാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ആദ്യ വര്‍ഷത്തെ ഈത്തപ്പഴ പ്രദര്ശനത്തനെ അപേക്ഷിച്ച് നാലിരട്ടി പങ്കാളിത്തമാണ് ഇത്തവണതത്തെ മേളയിലുണ്ടാവുകയെന്നും അല്‍ഖുലൈഫി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 205 ടണ്ണിലേറെ ഈത്തപ്പഴമാണ് വില്‍പ്പന നടത്തിയത്.
54,000ത്തോളം സന്ദര്‍ശകര്‍ പങ്കെടുത്ത മേളയില്‍ 1.7 മില്യന്‍ റിയാലിന്റെ വില്പനയാണ് നടന്നത്. ആദ്യത്തെ മേളയില്‍ 23 ഫാമുകളില്‍ നിന്നായി 61 ടണ്‍ ഈത്തപ്പഴമാണ് വില്‍പ്പന നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാഭാവിക രുചിയും ഗന്ധവുമുള്ള ഈത്തപ്പഴം എല്ലാതരത്തിലുമുള്ള മികച്ച ഗുണമേന്മയുള്ളവയായിരിക്കും.
മാത്രമല്ല ഈത്തപ്പഴത്തിന്റെ സാംപിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ച് കീടനാശിനി മുക്തമാണെന്ന് ഉറപ്പുവരുത്തിയതുമായിരിക്കുമെന്നും പ്രദര്‍ശകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സൂഖ് വാഖിഫ് ഒരുക്കുമെന്നും ഡയറക്ടര്‍ മുഹമ്മദ് അല്‍സലീം പറഞ്ഞു.