in ,

നാലാമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സൂഖ് വാഖിഫില്‍ തുടക്കമായി

ദോഹ: നാലാമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സൂഖ് വാഖിഫില്‍ തുടക്കമായി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും സൂഖ് വാഖിഫിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് മൂന്നുവരെ തുടരും. എണ്‍പതിലേറെ പ്രാദേശിക ഈത്തപ്പഴ ഫാമുകളും ഹസ്സാദ് ഫുഡ് കമ്പനിയും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൂഖ് വാഖിഫില്‍ ഒരുക്കുന്ന വലിയ തമ്പില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.

ഖലാസ്, അല്‍ശിശി, അല്‍ഖനിസി, അല്‍ബര്‍ഹി, അല്‍ഇര്‍ഖി, അല്‍സില്‍ജി, അല്‍സഖൈ, നബ്ത് സൈഫ്, അല്‍ലുലു, അല്‍റസീസി തുടങ്ങി പ്രാദേശിക ഈത്തപ്പഴങ്ങളുടെ വലിയ നിരയാണ് പ്രദര്‍ശനത്തിലുള്ളത്. ഇടനിലക്കാരുടെ ഇടപെടലില്ലാതെ ഉന്നത ഗുണനിലവാരത്തിലുള്ള ഈത്തപ്പഴങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

സ്വാഭാവിക രുചിയും ഗന്ധവുമുള്ള ഈത്തപ്പഴം എല്ലാതരത്തിലുമുള്ള മികച്ച ഗുണമേന്‍മയുള്ളവയായിരിക്കും. മാത്രമല്ല ഈത്തപ്പഴത്തിന്റെ സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ച് കീടനാശിനി മുക്തമാണെന്ന് ഉറപ്പുവരുത്തും.

പ്രദര്‍ശകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സൂഖ് വാഖിഫ് ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ മുഹമ്മദ് അല്‍സലീം പറഞ്ഞു. വിളവെടുപ്പ് കാലത്ത് ഈത്തപ്പഴം ഉള്‍പ്പെടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കമ്പോള സൗകര്യം ഒരുക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഈത്തപ്പന ഫാമുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനും വ്യത്യസ്തയിനം ഈത്തപ്പഴ ഉത്പാദനത്തിന് പിന്തുണയേകാനുമാണ് മേളയിലൂടെ വിഭാവനം ചെയ്യുന്നത്.

ആദ്യ വര്‍ഷത്തെ ഈത്തപ്പഴ പ്രദര്‍ശനത്തെ അപേക്ഷിച്ച് നാലിരട്ടി പങ്കാളിത്തമാണ് ഇത്തവണ മേളയില്‍ പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വിഭാഗം തലവന്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 205 ടണ്ണിലേറെ ഈത്തപ്പഴമാണ് വില്‍പ്പന നടത്തിയത്.

54,000ത്തോളം സന്ദര്‍ശകര്‍ പങ്കെടുത്ത മേളയില്‍ 1.7 മില്യന്‍ റിയാലിന്റെ വില്‍പനയാണ് നടന്നത്. ആദ്യത്തെ മേളയില്‍ 23 ഫാമുകളില്‍ നിന്നായി 61 ടണ്‍ ഈത്തപ്പഴമാണ് വില്‍പ്പന നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബഹ്‌റൈനി പെണ്‍കുട്ടിക്ക് എച്ച്എംസിയില്‍ സങ്കീര്‍ണമായ മസ്തിഷ്‌ക ശസ്ത്രക്രിയ

ലോക ചാമ്പ്യന്‍ഷിപ്പ്; 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അല്‍ഖുലൈഫി നാലാമത്