in ,

നാലാമത് ഫത്ഹുല്‍ ഖൈര്‍ യാത്ര ജൂലൈ പത്ത് മുതല്‍

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ നാലാമത് ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് ജൂലൈ പത്തിന് തുടക്കമാകും. യൂറോപ്പും വടക്കന്‍ ആഫ്രിക്കയുമാണ് ഇത്തവണ യാത്രാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. പതിനാറ് നാവികരാണ് യാത്രയില്‍ പങ്കെടുക്കുന്നത്. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ നിന്നാണ് യാത്ര തുടങ്ങുകയെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പറഞ്ഞു.

ഗ്രീസ്, അല്‍ബേനിയ, ക്രൊയേഷ്യ മുഖേന ഇറ്റലിയിലേക്കാണ് യാത്ര. ഇസ്താന്‍ബുളില്‍ നിന്നും ജിയോണ, മോണ്ടികാര്‍ലോ, നൈസ്, കാന്‍സ്, മാാര്‍സെയ്ല്ലിയസ്, സ്പപെയിനിലെ ബാര്‍സലോണ, മൊറോക്കോയിലെ ടാങ്ഗിയര്‍, അള്‍ജീരിയ, ടുണീഷ്യ എന്നിവയിലൂടെ യാത്ര തുടരും. മാസങ്ങള്‍ നീളുന്ന യാത്രക്കുതകുന്ന ആരോഗ്യാവസ്ഥയിലുള്ളവരെ ശാരീരിക പരിശോധനക്ക് ശേഷമാണ് തെരഞ്ഞെടുത്തത്. ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ചരിത്രയാത്രയാണ് ഫത്ഹുല്‍ ഖൈര്‍.

സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കുകയെന്നതും കൂടുതല്‍ പേരിലേക്ക് പ്രചാരണപരിപാടികള്‍ എത്തിക്കുകയെന്നതും യാത്രയിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഘട്ടമായാണ് യാത്രയെന്ന് ഫത്ഹുല്‍ ഖൈര്‍ ക്യാപ്റ്റന്‍ യൂസുഫ് മുഹമ്മദ് അല്‍സദ പറഞ്ഞു. ഒന്നാം ഘട്ടം തുര്‍ക്കിയില്‍ നിന്നും ഗ്രീസ്, അല്‍ബേനിയ, ക്രൊയേഷ്യ മുഖേന ഇറ്റലിയിലേക്കാണ്.

മെഡിറ്ററേനിയനിലെ ഗ്രീക്ക് ദ്വീപായ മെകനോസ്, സിസിലി എന്നിവിടങ്ങളില്‍ നങ്കൂരമിടും. രണ്ടാം ഘട്ടം 2020 ജൂണിനായിരിക്കും തുടങ്ങുക. ഫ്രാന്‍സ്, സ്‌പെയിന്‍ മുഖേനയാണ് യാത്ര. മൂന്നാം ഘട്ടം മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നിവിടങ്ങളിലൂടെയാണ് യാത്ര. പായ്ക്കപ്പല്‍ ഉപയോഗിച്ച് എങ്ങനെ സഞ്ചരിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കാനും ഖത്തറിന്റെ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിന്റെ പാരമ്പര്യവും തനിമയും വീണ്ടെടുക്കുന്നതിനായി ഉരുവിലൂടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ആദ്യ യാത്ര.

2013 നവംബര്‍ 22ന് തുടങ്ങിയ യാത്ര 27ദിവസങ്ങള്‍ക്കുശേഷം ഖത്തര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് 2015 ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയിലേക്ക് യാത്ര നടത്തി. ഒക്‌ടോബര്‍ 24ന് മുംബൈയിലും അവിടെനിന്ന് നവംബര്‍ 17ന് മടങ്ങിയെത്തുകയും ചെയ്തു. 2017 നവംബര്‍ 17ന് കുവൈത്ത്- ഒമാന്‍ രാജ്യങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചിരുന്നു. ഡിസംബര്‍ 17ന് മടങ്ങിയെത്തി. ദോഹയും ലോകവുമായുള്ള സാംസ്‌കാരിക ബന്ധത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് യാത്ര.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സായുധ സേനയും നൗഫര്‍ സെന്ററും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

രാജ്യാന്തര യോഗദിന പരിപാടികള്‍ ശ്രദ്ധേയമായി