in ,

നാലാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന് വര്‍ണാഭമായ തുടക്കം

ദോഹ: രാജ്യത്തെ ഏറ്റവും വലിയ വ്യാപാര വാണിജ്യോത്സവം ഷോപ്പ് ഖത്തറിന് വര്‍ണാഭമായ തുടക്കം. ബറഹത്ത് മുഷൈരിബില്‍ ഫാഷന്‍, വിനോദ പരിപാടിയോടെയാണ് 25 ദിവസം നീളുന്ന ഷോപ്പിങ് ആഘോഷത്തിന് തുടക്കമായത്. ഖത്തരി ഫാഷന്‍ മേഖലയിലെ പ്രശസ്തയായ ഹിന്ദ് അല്‍റുമൈഹിയാണ് ഫാഷന്‍ ഷോ അവതരിപ്പിച്ചത്.
ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷത്തോടനുബന്ധിച്ച് ഫ്രഞ്ച് ഫാഷന്‍ പരിപാടിയും നടന്നു. പരമ്പരാഗത ചൈനീസ് ലയണ്‍ ഷോയും ആകര്‍ഷകമായി. വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക വിനോദ പരിപാടികളാണ് വരുംദിവസങ്ങളില്‍ വിവിധ മാളുകളിലായി അരങ്ങേറുന്നത്. ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
വിദേശ നയതന്ത്രപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യമേഖലയിലെ പ്രമുഖര്‍, ഫെസ്റ്റിവല്‍ പങ്കാളികള്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഷോപ്പ് ഖത്തറിന്റെ ഈ പതിപ്പ് സാംസ്‌കാരിക ആധികാരികതയെ ആഡംബരവുമായി സംയോജിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
ഖത്തറിന്റെ ലോകോത്തര ചില്ലറ വിനോദ ഓഫറുകള്‍ തനതുശൈലിയില്‍ ഷോപ്പ് ഖത്തറില്‍ അവതരിപ്പിക്കുന്നുണ്ട്. ആഗോളപ്രശസ്തരായ കലാകാരന്‍മാര്‍, വിനോദമേഖലയിലെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ഷോപ്പ് ഖത്തറിന്റെ ഭാഗമായി ഖത്തറിലെത്തും.
മൂന്നാഴ്ചകളിലായി മുപ്പതോളം പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കലയുടെയും ഫാഷന്റെയും കേന്ദ്രമെന്നറിയപ്പെടുന്ന ഫ്രാന്‍സില്‍നിന്നുള്ള ഏറ്റവും മികച്ചവ ഷോപ്പ് ഖത്തറില്‍ പ്രദര്‍ശിപ്പിക്കും.
ഷോപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയില്‍ റീട്ടെയില്‍ വിനോദം, സംസ്‌കാരം എന്നിവയിലുടനീളം വൈവിധ്യമാര്‍ന്ന ഓഫറുകളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
മാളുകളില്‍ സംഗീത വിനോദപരിപാടികളും ക്രമീകരിച്ചിരിക്കുന്നു. കുട്ടികള്‍ക്കായി മാഷാ ദി ബിയര്‍, ഷോണ്‍ ദി ഷീപ്പ് പരിപാടികളുമുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്രയുമായി ചേര്‍ന്നുള്ള ഡിസ്‌നി സംഗീതപരിപാടി ആസ്വദിക്കാനാകും. ദലാല്‍ അല്‍റിഫായിയുടെ നേതൃത്വത്തില്‍ സൗജന്യ മേക്കപ്പ്് ശില്‍പ്പശാലയുമുണ്ടാകും.
ജനുവരി 31വരെ ഷോപ്പ് ഖത്തര്‍ തുടരും. ഷോപ്പ് ഖത്തറിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഇരുപത് ലക്ഷം ഖത്തര്‍ റിയാല്‍ വരെ സമ്മാനങ്ങളും ആഡംബര കാറുകളും സമ്മാനങ്ങളായി ലഭിക്കും. സന്ദര്‍ശകര്‍ക്കായി ഫാഷന്‍ ഷോകളും നിരവധി വിനോദ പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്. വാണിജ്യോത്സവത്തില്‍ ബോളിവുഡ് സിംഗിങ് സെന്‍സേഷന്‍ സോനു നിഗമിന്റെ സംഗീതപരിപാടിയും അരങ്ങേറും.
നിരവധി തല്‍സമയ സംഗീതപരിപാടികളും വിനോദ വിജഞാന ഷോകളും ഷോപ്പ് ഖത്തറിനോടനുബന്ധിച്ച് അരങ്ങേറും. കുടുംബ സൗഹൃദ വിനോദപരിപാടികളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പുസ്തകോത്സവത്തിനു ഇന്ന് തുടക്കമാകും

ടീ ബാഗുകള്‍ക്കുള്ളില്‍വെച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു