in ,

നാലുവര്‍ഷത്തിനിടെ പബ്ലിക് ബസ് യാത്രക്കാരുടെ എണ്ണത്തില്‍ 40% വര്‍ധന

ദോഹ: 2015നും 2018നും ഇടയില്‍ മൂവസലാത്തിന്റെ കര്‍വ പൊതു ബസുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 40ശതമാനം വര്‍ധന. ബസ് സര്‍വീസ് ഉള്‍പ്പടെ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ആവശ്യകതയേറുന്നതിനനുസരിച്ച് വികസനപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്.

പൊതുബസുകളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന വിധത്തില്‍ ബന്ധപ്പെട്ട അതോറിറ്റികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ബസുകള്‍ക്കായി നാലു പുതിയ സ്ഥലസൗകര്യം വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അല്‍ഖസര്‍, അല്‍വഖ്‌റ, ലുസൈല്‍ സിറ്റി, എജ്യൂക്കേഷന്‍ സിറ്റി എന്നിവയിലായിരിക്കും സൗകര്യം സ്ഥാപിക്കുക. അല്‍സുദാന്‍ ഏരിയ, ലുസൈല്‍ സിറ്റി, അല്‍വഖ്‌റ, ഇന്‍ഡസ്ട്രിയല്‍ ഏരിയ, മുഷൈരിബ്, ഗരാഫ എന്നിവിടങ്ങളില്‍ അഞ്ചു പുതിയ ബസ് സ്റ്റോപ്പുകള്‍ സജ്ജമാക്കും. ബസ് സ്റ്റോപ്പുകള്‍, ബസ് പരിചരണ കേന്ദ്രങ്ങള്‍, ഓപ്പറേറ്റിങ് കമ്പനിയുടെ ജീവനക്കാര്‍ക്ക് പാര്‍പ്പിട, വിനോദസൗകര്യങ്ങള്‍ എന്നിവ സഹിതം നാലു പുതിയ ബസ് ഡിപ്പോകളും സ്ഥാപിക്കും.

ഇവക്കെല്ലാം പുറമെ 627 ഇലക്ട്രിക് ബസുകളും അനുബന്ധ ചാര്‍ജിങ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. 2020ല്‍ ഇവ പ്രവര്‍ത്തനസജ്ജമാകും. ഇത് നടപ്പാകുന്നതിലൂടെ പൊതുഗതാഗതത്തിനായി പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമായി ഖത്തര്‍ മാറും.

ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാനുള്ള തീരുമാനം സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പൊതുഗതാഗതത്തോടുള്ള മന്ത്രാലയത്തിന്റെ ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. 2030 ആകുമ്പോഴേക്കും ഖത്തറിലെ എല്ലാ പൊതുബസുകളും ഇലക്ട്രിക്കാകും.

കഴിഞ്ഞവര്‍ഷങ്ങളില്‍ പൊതുബസ് സര്‍വീസ് വികസിപ്പിക്കുന്നതിന് വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചു. അല്‍ഖോര്‍, പേള്‍ ഖത്തര്‍, വെസ്റ്റ്‌ബേ, അല്‍മതാര്‍ അല്‍ഖദീം, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവയെ ഹമദ് വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന അഞ്ചു പുതിയ എയര്‍പോര്‍ട്ട് ബസ് എക്‌സ്പ്രസ്സ് സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഹമദ് വിമാനത്താവളത്തിലേക്കും തിരിച്ചും ബസ് മുഖേന യാത്ര നടത്തിയവരുടെ എണ്ണത്തില്‍ 90ശതമാനത്തിലധികമാണ് വര്‍ധന. പത്തുലക്ഷത്തിലധികം യാത്രക്കാരാണ് ഈ റൂട്ടുകളില്‍ മാത്രം ബസ് സേവനം ഉപയോഗപ്പെടുത്തിയത്. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ പുതിയ റൂട്ടുകള്‍ അവതരിപ്പിച്ചതിനൊപ്പം നിലവിലുള്ളവ നവീകരിക്കുകയും ചെയ്തു. വെസ്റ്റ്‌ബേ, പേള്‍ ഖത്തര്‍, ലഗൂണ മാള്‍ എന്നിവയിലൂടെയെല്ലാം സര്‍വീസ് നടത്തുന്ന വിധത്തില്‍ പുതിയ റൂട്ടുകള്‍ ഇതിലുള്‍പ്പെടും.

കൂടുതല്‍ അനുയോജ്യമായ ടൈംടേബിള്‍, സ്മാര്‍ട്ട് കാര്‍ഡ് വാങ്ങുന്നതിനും ടോപ്അപ്പിനുമുള്ള മികച്ച സൗകര്യങ്ങള്‍, ബസ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങ്ള്‍ അറിയിക്കലും മാര്‍ക്കറ്റിങും, കര്‍വ ബസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കല്‍ എന്നിവയെല്ലാം നടപ്പാക്കി. ദോഹ മെട്രോ റെയില്‍ സര്‍വീസിനെ പിന്തുണക്കുന്നതിനായി ദോഹ മെട്രോ മെട്രോലിങ്ക് ഫീഡര്‍ബസ് റൂട്ടുകളും അവതരിപ്പിച്ചു.

വെസ്റ്റ്‌ബേ മുതല്‍ വഖ്‌റ വരെ മെട്രോയുടെ റെഡ്‌ലൈന്‍ സ്‌റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാരുടെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 24 പുതിയ റൂട്ടുകളാണ് തുടങ്ങിയത്. മറ്റു രണ്ടു മെട്രോ ലൈനുകള്‍ കൂടി സര്‍വീസ് തുടങ്ങുമ്പോള്‍ 25 അധിക റൂട്ടുകള്‍ കൂടി തുടങ്ങും. ഇതില്‍ പത്തെണ്ണം ഗ്രീന്‍ലൈനിലും 15 എണ്ണം ഗോള്‍ഡ്‌ലൈനിലുമായിരിക്കും.

സംയോജിത ഗതാഗത പരിഹാരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെസ്റ്റ്‌ബേ ഏരിയയില്‍ മെട്രോ എക്‌സ്പ്രസ്സ് സേവനവും അവതരിപ്പിച്ചു. വെസ്റ്റ്‌ബേ ക്യുഐസി, ഡിഇസിസി മെട്രോ സ്‌റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന സൗജന്യ ട്രയല്‍ റൈഡ് ഷെയറിങ് സര്‍വീസാണ് മെട്രോ എക്‌സ്പ്രസ്സ്. അടുത്തിടെ ബസ് സര്‍വീസുകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി മൂവസലാത്ത് ഒട്ടനവധി നടപടികളെടുത്തിരുന്നു.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ റൂട്ടുകള്‍ പരിഷ്‌കരിക്കുകയും പുതിയ സമയക്രമം നടപ്പാക്കുകയും ചെയ്തു. ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ബസുകള്‍ നിരത്തിലിറക്കുകയും ചെയ്തു. ദീര്‍ഘദൂര റൂട്ടുകളിലേക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്.

യാത്രക്കാര്‍ക്ക് ബാഗുകള്‍ വെക്കുന്നതിനുള്ള സൗകര്യവും ക്രമീകരിക്കാവുന്ന സീറ്റുകളുമായി ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ തരത്തില്‍ ആഡംബര സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് ആശ്വാസമായി മൂവസലാത്ത് ബസ് സര്‍വീസുകള്‍

ദോഹ: ജീവിതച്ചെലവിലെ വര്‍ധനയ്ക്കിടെ സാധരണക്കാര്‍ക്ക് ആശ്വാസമായി പൊതുഗതാഗത സംവിധാനമായ മൂവസലാത്തിന്റെ ബസ് സര്‍വീസുകള്‍. ദോഹയ്ക്കുള്ളിലും പുറത്തും ഗതാഗതത്തിനായി ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് യാത്രയാണ് പലരും തെരഞ്ഞെടുക്കുന്നത്. നേരത്തെ തൊഴിലാളികള്‍ ഉള്‍പ്പടെ താഴെത്തട്ടിലുള്ളവരായിരുന്നു ബസുകളെ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ കുടുംബങ്ങളും ഇടത്തരക്കാരും കൂടുതലായി ബസുകളെ ആശ്രയിക്കുന്നുണ്ട്.

ബസ് യാത്രക്ക് ബസ് കാര്‍ഡ് അഥവാ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുണ്ടാകണം. ബസ് യാത്രയ്ക്ക് ആവശ്യമായ തുക റീചാര്‍ജ് ചെയ്ത സ്മാര്‍ട് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ബസില്‍ യാത്ര ചെയ്യാം. ദോഹക്കുള്ളില്‍ സഞ്ചരിക്കാനായി ടാക്‌സിയേക്കാള്‍ ഏറ്റവും ചെലവ് കുറവ് ബസ് യാത്രയാണ്.

മൂവസലാത്തിന്റെ പ്രധാന ബസ് സ്റ്റേഷനായ ഓള്‍ഡ് ഗാനിമില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍നിന്നും സ്മാര്‍്ട് കാര്‍ഡ് ലഭിക്കും. ഉരീദുവിന്റെ സ്വയം പ്രവര്‍ത്തന ബൂത്തുകളില്‍ നിന്നും കാര്‍ഡ് ടോപ്പ് അപ്പ് ചെയ്യാനാവും. പുതിയ സ്മാര്‍ട്ട് കാര്‍ഡിന് മുപ്പത് റിയാലാണ് ഈടാക്കുന്നത്. ഇതില്‍ 20 റിയാല്‍ യാത്രയ്ക്കായി ഉപയോഗിക്കാം.

സ്മാര്‍ട്ട് കാര്‍ഡില്ലാതെയാണ് കയറുന്നതെങ്കില്‍ പത്ത് റിയാല്‍ നല്‍കി ഡ്രൈവറുടെ പക്കല്‍ നിന്നും 24മണിക്കൂര്‍ സമയത്തേക്കുള്ള താല്‍ക്കാലിക കാര്‍ഡ് വാങ്ങണം. ബസില്‍ യാത്ര ചെയ്യുന്നതിനു മുമ്പ് ഏതൊക്കെ റൂട്ടുകളിലൂടെയാണ് ബസ് സഞ്ചരിക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. യാത്രക്ക് ഏറ്റവും സൗകര്യപ്രദം ബസാണെന്നാണ് ഭൂരിപക്ഷംപേരുടെയും അഭിപ്രായം.

ഓഫീസ് പ്രവര്‍ത്തന ദിനങ്ങളില്‍ കൂടുതല്‍ സമയം ബസിനായി കാത്തുനില്‍ക്കേണ്ടി വരുന്നുവെന്ന പരാതിയെ തുടര്‍ന്ന് കൃത്യസമയം പാലിച്ചുകൊണ്ട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. തൊഴിലാളി പാര്‍പ്പിട മേഖലകളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടി.

കൂടുതല്‍ ഓഫീസുകളും മന്ത്രാലയങ്ങളും സ്ഥിതിചെയ്യുന്ന, രാജ്യത്തിന്റെ വാണിജ്യ സിരാകേന്ദ്രമായ വെസ്റ്റ് ബേയിലിലേക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ആഡംബര ഷട്ടില്‍ സര്‍വീസും നടപ്പാക്കുന്നുണ്ട്. ബസ് സ്‌റ്റോപ്പുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും മേല്‍ക്കൂരയോടെയുള്ള ബസ് സ്‌റ്റോപ്പുകള്‍ കൂടുതലായി സ്ഥാപിക്കണമെന്നും യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

ബസ് സ്റ്റോപ്പുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മൂവസലാത്ത് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. കൂടുതല്‍ എസി ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. ഇക്കാര്യത്തില്‍ അധികൃതരുടെ ഇടപെടലുണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ്ജ പാനലുകളുടെ സഹായത്തോടെയുള്ള ബസ് സ്‌റ്റോപ്പുകളുണ്ട്. ടാക്‌സിയെ അപേക്ഷിച്ച് ചെലവു കുറവാണെങ്കിലും ബസ് യാത്രയ്ക്കുള്ള ചില പോരായ്മകളും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സമയക്രമം തെറ്റുന്നതും ബസിനായി സ്റ്റോപ്പുകളില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്നുവെന്നതുമാണ് പലരുടെയും പരാതി.

അശാസ്ത്രീയമായ റൂട്ടുകള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. എങ്കില്‍ത്തന്നെയും യാത്രക്കായി ബസ് മാര്‍ഗം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അണ്ടര്‍-18 ബാസ്‌ക്കറ്റ്‌ബോള്‍: യുഎഇക്കെതിരെ ഖത്തറിന് വിജയം

ഗലീലിയോ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി