
ദോഹ: നിരവധി ആഗോള കായിക മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനാല്‍ വരുംമാസങ്ങളില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്ന വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ വരവിന് കാരണമാകും.
അടുത്ത നാലുമാസത്തിനുള്ളില്‍ ഇരുപത് സുപ്രധാന രാജ്യാന്തര കായിക മത്സരങ്ങള്‍ക്കാണ് ഖത്തര്‍ വേദിയാകുന്നത്. അതുകൊണ്ടുതന്നെ ഓരോ കായികപ്രേമിയും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമായി ദോഹ മാറുന്നു. അടുത്ത നാലു മാസ സീസണിലെ ഏറ്റവും സുപ്രധാന ചാമ്പ്യന്‍ഷിപ്പുകളെന്നത് സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കുന്ന ഐഎഎഎഫ് രാജ്യാന്തര അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പാണ്. താരങ്ങളും പരിശീലകരും ഒഫീഷ്യല്‍സുമടക്കം 3500ലധികം
കായികതാരങ്ങളാണ് അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ കായിക സീസണിലെ മറ്റൊരു പ്രധാന ഇനം ഫിഫ ക്ലബ്ബ് ലോകകപ്പാണ്. ലോകഫുട്‌ബോളിലെ മുന്‍നിരതാരങ്ങളുടെ സാന്നിധ്യമാണ് ക്ലബ്ബ് ലോകകപ്പിന്റെ സവിശേഷത.
വിവിധ ലീഗുകളിലെ ചാമ്പ്യന്‍ ക്ലബ്ബുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഏഴു ടീമുകള്‍ പങ്കെടുക്കുന്ന ക്ലബ്ബ് ലോകകപ്പ് ഡിസംബര്‍ 11 മുതല്‍ 21വരെയാണ്. തടസങ്ങളെല്ലാം ഒഴിവാക്കി കമ്യൂണിറ്റികളെ ബന്ധിപ്പിക്കുകയും ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന സാര്‍വത്രികഭാഷയാണ് സ്‌പോര്‍ട്‌സ്.
ഒളിമ്പിക് ഗെയിംസ്, ലോകകപ്പ് പോലെയുള്ള കായികമത്സരങ്ങള്‍ ആതിഥേയ രാജ്യങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ടൂറിസം മേഖലക്കും വലിയ സംഭാവനകളാണ് നല്‍കുന്നതെന്ന് ക്യു സ്‌പോര്‍ട്‌സ് ബിസിനസ് ഡെവലപ്‌മെന്റ് യൂണിറ്റ് മേധാനി അയ കസബ് ദി പെനിന്‍സുലയോടു പ്രതികരിച്ചു. അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റീസ്(അനോക്) ആതിഥ്യം വഹിക്കുന്ന പ്രഥമ അനോക് ലോക ബീച്ച് ഗെയിംസ് ഒക്ടോബര്‍ 12 മുതല്‍ 16വരെ ദോഹയില്‍ നടക്കുന്നുണ്ട്.
ലോകോത്തര താരങ്ങളാണ് ഈ ഗെയിംസിലും മത്സരിക്കുന്നത്. വരാനിരിക്കുന്ന കായിക ഇനങ്ങളുടെ വലിയ ഗുണഭോക്താവായിരിക്കും ഹോസ്പിറ്റാലിറ്റി മേഖല. ഈ പരിപാടികള്‍ ആയിരക്കണക്കിന് ആസ്വാദകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കും. അവര്‍ ഹോട്ടലുകളില്‍ താമസിക്കുകയും ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യും. സാമ്പത്തികവളര്‍ച്ചയക്കും ടൂറിസം വികസനത്തിനും കാരണമാകും.