in ,

നാളെ മുതല്‍ ജൂണ്‍ നാല് വരെ മെട്രോ ഇല്ല; പെരുന്നാളവധിക്ക് കൂടുതല്‍ സമയം സര്‍വ്വീസ്

ദോഹ: മെയ് മുപ്പത് മുതല്‍ ജൂണ്‍ മൂന്നു വരെ ദോഹ മെട്രോ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് ദോഹ മെട്രോയുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദോഹ മെട്രോയുടെ കൂടുതല്‍ സ്‌റ്റേഷനുകളും ലൈനുകളും തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നതിനായാണ് അഞ്ചു ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്.

അതേസമയം പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ നാലു മുതല്‍ ഒന്‍പതുവരെ വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നുവരെയായിരിക്കും സര്‍വീസ്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ രാത്രി പതിനൊന്നുവരെയായിരിക്കും സര്‍വീസ്. മെയ് എട്ടു മുതലാണ് ദോഹ മെട്രോയുടെ റെഡ് ലൈനില്‍ പ്രാഥമികാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയത്.

ഈ ലൈനിലെ 18 സ്‌റ്റേഷനുകളില്‍ പതിമൂന്നെണ്ണത്തിലൂടെയാണ് സര്‍വീസ് തുടരുന്നത്. മെട്രോയുടെ റെഡ്‌ലൈനിലെ മറ്റു സ്‌റ്റേഷനുകളായ കത്താറ, ഹമദ് രാജ്യാാന്തര വിമാനത്താവളം, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ലുസൈല്‍ എന്നിവയിലേക്കും ഉടന്‍ സര്‍വീസ് വിപുലീകരിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഞ്ചുദിവസം സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്.

നിലവില്‍ വാരാന്ത്യങ്ങള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നുവരെയാണ് സര്‍വീസ്. അതേസമയം ദോഹ മെട്രോയുടെ എല്ലാ ലൈനുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രിക്കുശേഷം ഒരു മണിവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ ഒന്‍പതു മുതല്‍ അര്‍ധരാത്രി ഒരു മണിവരെയുമായിരിക്കും സര്‍വീസെന്ന് ഖത്തര്‍ റെയിലിന്റെ ബ്രോഷറില്‍ വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജൂണ്‍ മൂന്നിന് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

പെരുന്നാള്‍: ഹമദില്‍ സമയമാറ്റം