in

നാഷണല്‍ ലൈബ്രറിയില്‍ അറബ്- യൂറോപ്പ് ചരിത്ര പ്രദര്‍ശനത്തിന് തുടക്കം

ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ ആരംഭിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഇറ്റലി പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍(ക്യുഎന്‍എല്‍) ആരംഭിച്ച ‘കിഴക്കും പടിഞ്ഞാറിനുമിടയില്‍: ദോഹയിലെ ബിബ്ലിയോടെക്ക ഏഞ്ചെലിക്ക’ പ്രദര്‍ശനം ഇറ്റലി പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി, ശൂറ കൗണ്‍സില്‍ അംഗവും ക്യുഎന്‍എല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് അംഗവുമായ ഡോ. ഹെസ്സ സുല്‍ത്താന്‍ അല്‍ജാബര്‍, ഖത്തറിലെ ഇറ്റലി അംബാസഡര്‍ അലസ്സാന്‍ഡ്രോ പ്രുനാസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
ഇറ്റലിയിലെ റോമിലെ ബിബ്ലിയോടെക്ക ഏഞ്ചെലിക്കയില്‍ നിന്നുള്ള അഞ്ച് കയ്യെഴുത്തുപ്രതികളും 16 അച്ചടിച്ച വാല്യങ്ങള്‍, പതിനാറാം നൂറ്റാണ്ടിലെ യാത്രികനായ പിയട്രോ ഡെല്ലാ വാലെ എഴുതിയ കത്ത് തടുങ്ങിയവ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യൂറോപ്പും അറബ് മേഖലയും തമ്മിലുള്ള ശാസ്ത്രീയവും സാംസ്‌കാരികവുമായ കൈമാറ്റം വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം.
യൂറോപ്യന്‍ എഴുത്തുകാരുടെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍, അറബി എഴുത്തുകാരുടെ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍, ഇറ്റാലിയന്‍, അറബ് സംസ്‌കാരങ്ങളും നാഗരികതകളും തമ്മിലുള്ള തീവ്രമായ സംഭാഷണം ഉയര്‍ത്തിക്കാട്ടുന്ന വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം, യാത്രകള്‍, ഫാല്‍ക്കണ്‍റി, കുതിരകള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
1604ലാണ് യൂറോപ്പിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയായ ബിബ്ലിയോടെക്ക ഏഞ്ചെലിക്ക സ്ഥാപിക്കപ്പെട്ടത്. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ അച്ചടിച്ച ഒരു ലക്ഷത്തിലധികം പുരാതന പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ ശേഖരം.
കയ്യെഴുത്തുപ്രതികളുടെ മനോഹാരിത, അവയുടെ മികവാര്‍ന്ന മുന്‍പേജുകള്‍, ബുക്ക് ബൈന്‍ഡിംഗിന്റെ മിടുക്ക്, കൈകൊണ്ട് നിര്‍മ്മിച്ച ചിത്രീകരണങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. ഫെബ്രുവരി 19 വരെ എക്‌സിബിഷന്‍ തുടരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കഴിഞ്ഞ വര്‍ഷം ഹുകൂമി വെബ് പോര്‍ട്ടല്‍ ഉപയോഗിച്ചത് 33 ലക്ഷം പേര്‍

എക്‌സ്പാറ്റ് സ്‌പോട്ടീവ് മാന്വല്‍ പ്രകാശനം ചെയ്തു