in , , , , ,

നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചത് 6.77ലക്ഷത്തിലധികം പുസ്തകപ്രേമികള്‍

ദോഹ:ഈ വര്‍ഷം ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചത് 6.77ലക്ഷത്തിലധികം പുസ്തകപ്രേമികള്‍. ഈ കാലയളവില്‍ ലൈബ്രറിയില്‍ നിന്നും 7,10,012 പുസ്തകങ്ങളാണ് വായനയ്ക്കായി പുറത്തേക്ക് കൊണ്ടുപോയത്. ഇതില്‍തന്നെ നല്ലൊരുപങ്ക് പുസ്തകങ്ങളും ചില്‍ഡ്രന്‍സ് ലൈബ്രറിയിലേതാണ്.
ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ ശേഖരത്തിലുള്ള മിക്ക പുസ്തകങ്ങളും ഒരു തവണയെങ്കിലും വായനയ്ക്കായി പുറത്തേക്ക് എടുക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ വായനാശീലം വളര്‍ത്താനും വായനാസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്. ലൈബ്രറിയില്‍ പുതിയതായി 37,467 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവരേക്കാളധികം പേരാണ് ഇക്കാലയളവില്‍ ലൈബ്രറി സന്ദര്‍ശിച്ചത്. 2019ല്‍ മാത്രം 6,77,023പേര്‍ ലൈബ്രറി സന്ദര്‍ശിച്ചു.
അംഗോള പ്രസിഡന്റ് ജോവോ ലൗറെന്‍കോ, അര്‍മേനിയ പ്രസിഡന്റ് അര്‍മെന്‍ സര്‍കിസ്സിയന്‍, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജാനെ മുഹമ്മദ് ഉള്‍പ്പടെ നിരവധി വിഐപി അതിഥികളും ലൈബ്രറിയിലെത്തി. ലൈബ്രറിയുടെ ഓണ്‍ലൈന്‍ സ്രോതസ്സുകളും ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറിക്ക് 1.76 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. ഖത്തറിനെയും ഗള്‍ഫിനെയും സംബന്ധിച്ച 15ലക്ഷത്തിലധികം ചരിത്രരേഖകള്‍ ഡിജിറ്റലില്‍ ലഭ്യമാണ്. നേരത്തെ ബ്രിട്ടീഷ് ലൈബ്രറിയിലാണ് ഇവയുണ്ടായിരുന്നത്.
രണ്ടു ലൈബ്രറികള്‍ തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തില്‍ ലോകത്തെവിടെന്നിന്നും പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ ചരിത്രരേഖകള്‍ പ്രയോജനപ്പെടുത്താനാകും.
ഇതുവരെയായി ഒട്ടേറെ പൊതുപരിപാടികളും സംഘടിപ്പിച്ചു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പുതിയ ദേശീയ ലൈബ്രറിയായ ഖത്തര്‍ നാഷണല്‍ ലൈബ്രറി ഇത്തരം സവിശേഷമായ പരിപാടികളിലൂടെ ഒരു ലൈബ്രറി എന്തായിരിക്കണമെന്ന് പുനര്‍നിര്‍വചിക്കുകയാണ് ചെയ്യുന്നത്.
പുസ്തകങ്ങള്‍, ജേര്‍ണലുകള്‍, ഇലക്ട്രോണിക് സ്രോതസ്സുകള്‍ എന്നിവയുള്‍പ്പെടെ ധാരാളം വിഭവങ്ങള്‍ ആസ്വദിക്കുന്നതിനും മനസിലാക്കുന്നതിനും അവസരമൊരുക്കുകയാണ് ലൈബ്രറി. 2019ല്‍ മാത്രം 806 പരിപാടികളാണ് ലൈബ്രറിയില്‍ ക്യുറേറ്റ് ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജെയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ദോഹ പതിപ്പായിരുന്നു.ഖത്തറിലെ ആദ്യ അന്തര്‍ദേശീയ സാഹിത്യോത്സവമായിരുന്നു ഇത്. പൊതു ലൈബ്രറിയിലും പൈതൃക ലൈബ്രറിയിലുമായി 422 ടൂറുകളാണ് നടത്തിയത്. 3608 പേര്‍ പങ്കെടുത്തു.
ഗവേഷകര്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും വേണ്ടിയുള്ള പ്രോഗ്രാമുകള്‍ക്കൊപ്പം, പിഞ്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ള എല്ലാ പ്രായക്കാര്‍ക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളാണ് ലൈബ്രറിയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പൈതൃക ലൈബ്രറിയില്‍ അപൂര്‍വമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് സൗജന്യ പ്രവേശനവും ക്രമീകരിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ അപൂര്‍വശേഖരവും മികച്ച സൗകര്യങ്ങളും നൂതനമായ ക്രമീകരണങ്ങളും നാഷണല്‍ ലൈബ്രറിയെ പുസ്തകപ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.
കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെ നീണ്ടശേഖരവും ഇവിടെയുണ്ട്. ക്യുഎന്‍എല്‍ പൈതൃക ലൈബ്രറിയിലെ അറബ്, ഇസ് ലാമിക് സംസ്‌കാരവും നാഗരികതയുമായി ബന്ധപ്പെട്ട അപൂര്‍വയിനം പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു.
കൈയ്യെഴുത്ത് പ്രതികള്‍, ആദ്യകാല പുസ്തകങ്ങള്‍, ചരിത്രഭൂപടങ്ങള്‍, ഗ്ലോബുകള്‍, ശാസ്‌ത്രോപകരണങ്ങള്‍ എന്നിവയും പൈതൃക ലൈബ്രറിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജനുവരിയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

എജ്യൂക്കേഷന്‍ സിറ്റിയിലെ പൈതൃക ശേഷിപ്പുകള്‍ സംരക്ഷിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍