
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പ്രധാന തെരുവുകളിലും ദേശീയപാതകളിലും ഇലക്ട്രോണിക് പാനലുകള്‍ മുഖേന കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാക്കും. ഇതിനായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാലും ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റിയും(ക്യുസിഎഎ) സഹകരിച്ചു പ്രവര്‍ത്തിക്കും. പ്രവര്‍ത്തനരീതികള്‍ വികസിപ്പിക്കുന്നതിനും കാലാവസ്ഥാ മേഖലയില്‍ ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള ക്യുസിഎഎയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഈ സഹകരണത്തിലൂടെ റോഡ് ഉപയോക്താക്കള്‍ക്ക് ക്യുസിഎഎ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക പ്രതിദിന റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള കാലാവസ്ഥയും റെക്കോര്‍ഡു ചെയ്യപ്പെട്ട താപനിലയും ഈര്‍പ്പം നിരക്കുകളും അറബിയിലും ഇംഗ്ലീഷിലും അറിയാനാകും.
കാലാവസ്ഥാ മുന്നറിയിപ്പുകളും മനസിലാക്കാനാകും. കാലാവസ്ഥാ നിരീക്ഷണത്തിന് ക്യുസിഎഎ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. അത്യാധുനിക സാങ്കതികസംവിധാനങ്ങളും ഡിവൈസുകളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ വിദഗ്ദ്ധരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ക്യുസിഎഎ അടുത്തിടെ ക്യു വെതര്‍ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കിയിരുന്നു. ഖത്തറിലെ കാലാവസ്ഥാ സംബന്ധമായ എല്ലാ ഔദ്യോഗിക വിശദാംശങ്ങളും ഈ ആപ്പില്‍ ലഭ്യമായിരിക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ആപ്പിലുണ്ട്. ലോകത്തിലെ പ്രധാന നഗരങ്ങളിലെ പ്രതിമാസ കാലാവസ്ഥാ റിപ്പോര്‍ട്ടുകളും കാലാവസ്ഥാ സാഹചര്യങ്ങളും ആപ്പിലുണ്ടാകും.