in ,

നിരത്തുകളില്‍ പരിസ്ഥിതി സൗഹൃദ ഹരിത കാറുകള്‍ വ്യാപകമാക്കാന്‍ കര്‍മപദ്ധതി

2022ല്‍ നിരത്തുകളില്‍ അഞ്ചു ശതമാനം ഇലക്ട്രിക് കാറുകള്‍ ലക്ഷ്യം

ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷന്‍

ദോഹ: നിരത്തുകളില്‍ പരിസ്ഥിതി സൗഹൃദ ഹരിത കാറുകള്‍(ഇലക്ട്രിക്കല്‍ കാറുകള്‍) വ്യാപകമാക്കാന്‍ സമഗ്ര കര്‍മപദ്ധതി ഖത്തര്‍ ഊര്‍ജ്ജിതമാക്കുന്നു. 2022ല്‍ നിരത്തുകളില്‍ അഞ്ചു ശതമാനം ഇലക്ട്രിക് കാറുകള്‍ എന്ന ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് കാറുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കുന്നത്. നിരത്തുകളില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ഊര്‍ജം പകര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. ഗ്രീന്‍ കാര്‍ സംരംഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായാണ് ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമാക്കിയത്.

2022നകം രാജ്യത്തൊട്ടാകെ 400 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുന്നതിനാണ് ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്റെ(കഹ്‌റമ) പദ്ധതിയിടുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ആദ്യ സ്റ്റേഷന്‍ തുമാമയിലെ കഹ്‌റമാ അവയര്‍നെസ് പാര്‍ക്കിലായിരുന്നു. ഒന്നാംഘട്ടത്തില്‍ രാജ്യത്ത് ഒന്‍പത് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 2018ല്‍ കഹ്‌റമാ പ്രധാന ആസ്ഥാനം, മര്‍സ മലാസ് കെംപിന്‍സ്‌കി, ദി സെന്റ് റജീസ് ഹോട്ടല്‍, അല്‍ ഫര്‍ദാന്‍ ടവേഴ്‌സ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരുന്നു.

ബസുകള്‍ക്കായി രണ്ടു ഇലക്ട്രിങ് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ മൂവസലാത്ത് ആസ്ഥാനത്ത് തുറന്നു. ഖത്തര്‍ സയന്റിഫിക് ക്ലബ്ബിലും സജ്ജമാക്കി. ഖത്തര്‍ ഫൗണ്ടേഷനില്‍ രണ്ടു ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍. രാജ്യത്തെ കാര്‍ബണ്‍ വികിരണം കുറക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹരിത വൈദ്യുതിയില്‍ ഓടുന്ന ഗ്രീന്‍ കാറുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

2022 ആകുമ്പോഴേക്കും ഖത്തര്‍ ദേശീയ വികസന നയം അനുസരിച്ച് എല്ലാ മേഖലകളിലും 17 ശതമാനം കാര്‍ബണ്‍ നിര്‍ഗമനം കുറക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. തര്‍ഷീദ്, സീമന്‍സ്, അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണവുമുണ്ട്. ഭാവി തലമുറയ്ക്ക് അനുയോജ്യവും ആരോഗ്യപ്രദമായതും സുരക്ഷിതവുമായ പരിസ്ഥിതി നല്കണമെന്ന തിരിച്ചറിവാണ് ഇത്തരമൊരു കരാറിന് കാരണം.

2030ല്‍ നിരത്തുകളില്‍ 10ശതമാനം ഇലക്ട്രിക് കാറുകള്‍ എന്ന ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക്കല്‍ കാറുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യവ്യാപകമായി ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും സംരംഭകരുമായും സഹകരിച്ച് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

അടിസ്ഥാന സൗര്യങ്ങള്‍ ലഭ്യമാക്കുന്നത് ഇലക്ട്രിക്കല്‍ കാറുകളുടെ വ്യാപനത്തിന് സഹായകമാകും. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും രാജ്യത്തെ വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കുന്നതിന് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്.

ഇതിനാവശ്യമായ നടപടികളും സ്വീകരിച്ചുവരുന്നു. ഇലക്ട്രിക്കല്‍ കാറുകള്‍ക്ക് നിരത്തുകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പേര്‍ ഈ മേഖലിയേക്കു വരും. ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഇറക്കുന്നതിന് ഗതാഗത മന്ത്രാലയം ആവശ്യമായ ശ്രമങ്ങള്‍ നടത്തും. ഇതിനായി ബന്ധപ്പെട്ട വിഭാഗങ്ങളെ മന്ത്രാലയം സഹായിക്കും.

നിര്‍മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും കാറുകള്‍ വിപണിയിലെത്തിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കും. ഖത്തറിലെ കാര്‍ ഏജന്‍സികള്‍, വിമാനത്താവളം, മുനിസിപ്പാലിറ്റികള്‍, ഷോപ്പിങ് മാളുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, കാര്‍ പാര്‍കിംഗുകള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുമായെല്ലാം സഹകരിച്ചായിരിക്കും പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുക.

ഊര്‍ജക്ഷമതയും സംരക്ഷണവും ലക്ഷ്യമിട്ടുള്ള മറ്റൊരു ദേശീയ പദ്ധതിയാണിത്. മറ്റു രാജ്യങ്ങളില്‍ ഇലക്ട്രിക്കല്‍ കാറുകള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍ഡക്‌സ് ഖത്തര്‍ പ്രദര്‍ശനം ഒക്ടോബറില്‍: കൗണ്ട്ഡൗണ്‍ തുടങ്ങി

പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച: പുതിയ കാമ്പയിനുമായി കാരിഫോര്‍