നിരത്തുകളിലെ നീലനിറം താപനില കുറക്കുമെന്ന് പഠനം

ദോഹ: നിരത്തുകള്‍ക്കു നീലനിറം നല്‍കുന്ന പദ്ധതി വിപുലീകരിക്കുന്നത് പരിഗണനയില്‍. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയമാണെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ നിരത്തുകളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.
റോഡുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന താപത്തിന്റെ തോത് കുറക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. നിരത്തുകള്‍ നീല കളറില്‍ പെയിന്റ് ചെയ്യുന്നത് റോഡിലെ താപനില കുറക്കുമെന്നാണ് പഠനം.

പരീക്ഷണാടി സ്ഥാനത്തില്‍ ദോഹയിലെ സൂഖ് വാഖിഫിനു സമീപത്തുള്ള അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റിലെ 200 മീറ്റര്‍ ഭാഗത്ത് റോഡിന് നീല വര്‍ണ്ണം നല്‍കിയിട്ടുണ്ട്. റോഡുകളുടെ ടാറിങ് പ്രതലത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന താപനില കുറക്കുന്നതിന് കറുത്ത ടാറിങിന് പകരമായി ജപ്പാന്‍ ടെക്‌നോളജി ഉപയോഗിച്ച് നീല പ്രതലമാണ് നല്‍കിയിരിക്കുന്നത്. നീല പെയിന്റ് പൂശിയ റോഡ് കണ്ണിനും ആകര്‍ഷകമാണ്.
പദ്ധതിയുടെ ഭാഗമായി കത്താറയിലെ സൈക്കിള്‍ പാതക്കും നീല നിറത്തിലുള്ള ടാറിങാണ് നിര്‍വഹിച്ചിരിക്കുന്നത്. റോഡിലെ ചൂടിന്റെ തോത് നിര്‍ണയിക്കുന്നതിന് പ്രത്യേക സെന്‍സറും റോഡില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. സെന്‍സറില്‍ നിന്നുള്ള റീഡിംഗുകളായിരിക്കും പദ്ധതിയുടെ വിജയപരാജയം കണക്കാക്കുന്നതില്‍ നിര്‍ണായകമാകുക.
പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി 18 മാസം നീണ്ടുനില്‍ക്കും. പരീക്ഷണം വിജയകരമാകുകയാണെങ്കില്‍ കൂടുതല്‍ സമഗ്രമായ പഠനങ്ങള്‍ നടത്തും. തുടര്‍ന്ന് ഖത്തറിലെ പ്രധാന റോഡുകളെല്ലാം നീലവര്‍ണത്തിലേക്ക് മാറ്റാനാണ് ആലോചന. റോഡുകള്‍ക്ക് നീലനിറം നല്‍കുന്നതോടെ താപനില 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറക്കാനാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണം.

കറുത്ത ടാറിങ് ചൂടിനെ ആഗിരണം ചെയ്‌തെടുക്കുന്നതോടൊപ്പം അതേ അളവില്‍ വികിരണവും ചെയ്യുന്നതിനാലാണ് റോഡിലും സമീപ്രദേശങ്ങളിലും ചൂട് വര്‍ധിക്കുന്നതിന് പ്രധാന കാരണം. ഒരു മില്ലീമീറ്റര്‍ കനത്തിലുള്ള നീല ടാറിങില്‍ ചൂട് കുറക്കുന്നതിനുള്ള പ്രത്യേക വര്‍ണത്തോടൊപ്പം ഹോളോ സെറാമിക് േൈമക്രാസ്ഫിയറുകളും അടങ്ങിയിരിക്കുന്നു. ഇത് അള്‍ട്രാവയലറ്റ് രശ്മികളെയും സോളാര്‍ റേഡിയേഷനും കുറക്കുന്നതിന് കാരണമാകും.
ഒപ്പം റോഡുകള്‍ക്ക് സമീപത്തുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപനിലയിലും പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകും. കറുത്ത ടാറിങിലൂടെ സൂര്യപ്രകാശത്തിന്റെ താപനിലയില്‍ 80 മുതല്‍ 95 ശതമാനം വരെ പുറന്തള്ളപ്പെടുമ്പോള്‍ നീല ടാറിങിലൂടെ ഇത് 50 ശതമാനം മാത്രമേ പുറന്തള്ളപ്പെടുന്നൂള്ളൂ.
പുകമഞ്ഞിന് കാരണമാകുന്ന രാസ പ്രതിപ്രവര്‍ത്തനങ്ങള്‍ കുറക്കുന്നതിനും റസിഡന്‍ഷ്യല്‍ ഏരിയകളിലെ താപനിലയില്‍ കുറവ് വരുത്തുന്നതിനും കൂള്‍ പേവ്‌മെന്റ് പദ്ധതി സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ താപനില കുറക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വേനലില്‍ ലോസ് ആഞ്ചലസിലെ നിരത്തുകളില്‍ ചാരവും വെള്ളയും കലര്‍ന്ന കൂള്‍ സീല്‍ കോട്ടിങ് പതിച്ചത് മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.