
ദോഹ: നൂതനമായ കണ്ടെത്തലുകള്‍ നടത്തിയ ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. ഐടെക്‌സ് മലേഷ്യ 2019ല്‍(ഇന്റര്‍നാഷണല്‍ ഇന്‍വെന്‍ഷന്‍, ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി എക്‌സിബിഷന്‍) ഖത്തര്‍ നാലു സ്വര്‍ണമെഡലുകളും രണ്ടു വെള്ളി മെഡലും സ്വന്തമാക്കി. ക്വാലാലംപൂര്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു പ്രദര്‍ശനം.
സിമൈസിമ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അല്‍വഖ്‌റ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, അമ്‌ന ബിന്‍ത് വഹാബ് സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ഗുവൈരിയ പ്രിപ്പറേറ്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നീ സ്‌കൂളുകളാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്.
ഹസന്‍ ബിന്‍ താബിത് സെക്കന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഖത്തര്‍ ടെക്‌നിക്കല്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് എന്നിവ വെള്ളി മെഡലുകള്‍ നേടി. വിവിധ ശാസ്ത്ര ഗവേഷണ പദ്ധതികളില്‍ ഖത്തര്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി.
ക്ഷീരഫാമുകള്‍ ശീതീകരിക്കുന്നതിനായി സൗരോര്‍ജം ഉപയോഗിക്കല്‍, നീന്തുമ്പോള്‍ തടസങ്ങള്‍ ഒഴിവാക്കുന്നതിനായി അന്ധര്‍ക്കായി സ്മാര്‍ട്ട് ഗ്ലാസുകള്‍ ഡിസൈന്‍ ചെയ്യല്‍, അല്‍ഷിമേഴ്‌സ് രോഗികളെ രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ സഹായിക്കുന്നതിനായി ഇലക്ട്രോമാഗ്നറ്റിക് ഗ്ലാസുകള്‍, സ്‌കൂള്‍ എമര്‍ജന്‍സി പ്രോഗ്രാം തുടങ്ങിയ ഗവേഷണങ്ങളിലാണ് ഖത്തര്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായത്. ശാസ്ത്ര ഗവേഷണ കണ്ടെത്തലുകള്‍ക്കായുള്ള ഏറ്റവും വലിയ രാജ്യാന്തര മത്സരങ്ങളിലൊന്നാണ് ഐടെക്‌സ്.