
നൗഷാദ് പേരോട്
ദോഹ
ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി ഖത്തറിലെ പ്രവാസി മലയാളി. കഴിഞ്ഞ ദിവസം നടന്ന ഊരിദൂ മാരത്തണില്‍ പങ്കെടുത്ത തൃശൂര്‍ ചെന്ദ്രാപിനി സ്വദേശിയായ യൂസുഫ് ഇസ്മാഈലാണ് തന്റെ ഇടര്‍ച്ചയുള്ള കാലുകള്‍ക്ക് തളരാത്ത മനസ്സിന്റെ കരുത്തില്‍ വീല്‍ ചെയറിലിരുന്ന് സിഎഎക്കെതിരെ പ്രതിഷേധിച്ചത്.
‘നോ സിഎബി, നോ എന്‍ആര്‍സി ‘ എന്ന് എഴുതിയ പോസ്റ്റര്‍ വീല്‍ചെയറിന് പുറകില്‍ പതിച്ചാണ് വര്‍ഷങ്ങളായി വീല്‍ ചെയറില്‍ സഞ്ചിരിക്കുന്ന ഇസ്മാഈല്‍ മാരത്തണില്‍ പങ്കെടുത്തത്. പത്ത് കിലോമീറ്റര്‍ റൈസിങ് വിഭാഗത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. 1200ഓളം ആളുകളാണ് ഈ വിഭാഗത്തില്‍ മത്സരിച്ചത്. മാരണത്തണില്‍ വീല്‍ ചെയറില്‍ ഇരുന്ന് പങ്കെടുത്ത ഏക മലയാളി താനായിരുന്നുവെന്നും ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും ഇസ്്മാഈല്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.

തന്റെ വീല്‍ ചെയറിന് പിറകിലെ പ്രതിഷേധ പോസ്റ്റര്‍ കണ്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ഫോട്ടോ എടുക്കാനും സെല്‍ഫി എടുക്കാനും മുന്നോട്ട് വന്നു. ഖത്തര്‍ റെഡ്ക്രസന്റിന്‍െ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ പ്രോത്സാഹനവുമായി വന്നു. സിഎഎക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു പ്രതിഷേധരീതി സ്വീകരിച്ചത്. ഇന്ത്യയിലുള്‍പ്പെടെ പലരും മൗനത്തിലാണ്. പൗരത്വ നിയമം കേവലം മുസ്്‌ലിംകളുടെ പ്രശ്‌നമല്ല, ഇന്ത്യയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സമാധാനപരമായ കൂടുതല്‍ സമരങ്ങളും പ്രതിഷേധങ്ങളും ഈ വിഷയത്തില്‍ നടക്കേണ്ടതുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പ് ഖത്തറില്‍ വച്ചുണ്ടായ ഒരു അപകടത്തില്‍ നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ അരക്കുതാഴെ തളര്‍ന്നത്.
മുപ്പത്കാരനായ ഇദ്ദേഹം മൂന്ന് വര്‍ഷമായി ഖത്തര്‍ റെഡ്ക്രസന്റിന്റെ വളണ്ടിയറാണ്. ലോക യൂത്ത് ഒളിംബിക്‌സില്‍ വളണ്ടിയറായി പങ്കെടുക്കുന്നതിന് ഈമാസം 15ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കാനിരിക്കുകയാണ്. ഖത്തറില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് തുടങ്ങിയ കായിക ഇവന്റുകളിലെല്ലാം വളണ്ടിയറായി പങ്കെടുത്തിട്ടുണ്ട്. ഖത്തര്‍ ഒളിംബിക് കമ്മിറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ഡയബെറ്റിക് സെന്റര്‍, ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി എന്നിവയിലും വളണ്ടിയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഖത്തര്‍ മഞ്ഞപ്പട, ഖത്തര്‍ മല്ലു വളണ്ടിയര്‍ അസോസിയേഷന്‍ എന്നിവയിലെ സജീവ അംഗമായ ഇസ്്മാഈല്‍ ആറ് വര്‍ഷത്തോളമായി ഖത്തര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യം കമ്പനിയില്‍ ക്വാണ്ടിറ്റി സര്‍വ്വെയറായി ജോലി ചെയ്യന്നു.