
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്ക്(ക്യുഎസ്ടിപി) പത്താംവാര്‍ഷിക നിറവില്‍. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സാങ്കേതിക വിദ്യയുടെ വ്യാപനവും ഖത്തറില്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് ക്യുഎസ്ടിപിയുടെ ലക്ഷ്യം.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലയളവിനിടയില്‍ പ്രായോഗിക ഗവേഷണം, സാങ്കേതിക നൂതനത, ഇന്‍കുബേഷന്‍, വ്യവസായ സംരംഭകത്വം എന്നിവക്കായുള്ള രാജ്യാന്തര ഹബ്ബായി ക്യുഎസ്ടിപി മാറിയിട്ടുണ്ട്. ഇക്കാലയളവില്‍ മികവുറ്റ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഈ പ്രസ്ഥാനത്തിന് സാധിച്ചു.

സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണത്തെ പിന്തുണക്കുന്നതിനായാണ് ക്യുഎസ്ടിപി ആത്യന്തികമായി പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര മേഖലാ- ബിസനിസ് പാര്‍ക്കായാണ് വര്‍ത്തിക്കുന്നത്. പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ വിധത്തിലുള്ള പുതിയ ഹൈടെക് ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുടെ കേന്ദ്രം കൂടിയാണ് ക്യുഎസ്ടിപി.
ഖത്തരി സ്ഥാപനങ്ങളായ ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്(ഗോര്‍ഡ്), ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍, മീസ, ബഹുരാഷ്ട്ര കമ്പനികളായ കോണ്‍കോ ഫിലിപ്പ്‌സ്, സിസ്‌കോ, സീമന്‍സ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പതിനേഴ് രാജ്യങ്ങളില്‍നിന്നായി 108 കമ്പനികളാണ് ക്യുഎസ്ടിപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നത്.
ക്യുഎസ്ടിപിയുടെ പ്രധാന ഘടകമെന്നത് ലോകോത്തര ഇന്‍കുബേഷന്‍ സെന്ററാണ്. സാങ്കേതിക വിദ്യയിലൂന്നിയുള്ള പന്ത്രണ്ട് മാസത്തെ പ്രോഗ്രാമാണ് സെന്റര്‍. ഖത്തര്‍ കേന്ദ്രമായ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായാണ് പ്രവര്‍ത്തിക്കുന്നത്. 66 വ്യവസായ സംരംഭകര്‍ നടത്തുന്ന 20 പ്രാദേശിക കമ്പനികള്‍ക്ക് പിന്തുണ ലഭ്യമാക്കാനായി.
അറബ് ഇന്നവേഷന്‍ അക്കാഡമിയാണ് ക്യുഎസ്ടിപിയുടെ മറ്റൊരു നിര്‍ണായകവശം. ഗവേഷണം, വികസനം, നൂതനത എന്നിവ ഖത്തറിന്റെ സുസ്ഥിരതക്കും പുനസ്ഥാപനത്തിനും അവിഭാജ്യമാണെന്നും ഈ കാരണത്താലാണ് രാജ്യത്തിന്റെ അജണ്ടയില്‍ മുന്‍ഗണന നല്‍കുന്നതെന്നും ക്യുഎസ്ടിപി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂസുഫ് അബ്ദുല്‍റഹ്മാന്‍ സാലിഹ് പറഞ്ഞു. കഴിഞ്ഞപത്തുവര്‍ഷത്തിനിടെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.