
ദോഹ: പനാമ കനാലിലൂടെ യാത്ര നടത്തി ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ഖത്തര്‍ ഗ്യാസ്. പനാമ കനാലിലൂടെ കടന്നുപോകുന്ന ആദ്യത്തെ ക്യുഫ്ളെക്സ് ടൈപ്പ് എല്‍എന്‍ജി കപ്പലും കാര്‍ഗോ ശേഷിയുടെ കാര്യത്തില്‍ ഏറ്റവും വലിയ എല്‍എന്‍ജി കപ്പലുമെന്ന ചരിത്ര നേട്ടം ഖത്തര്‍ ഗ്യാസിന്റെ അല്സഫ്ലിയ കപ്പല്‍ സ്വന്തമാക്കി.
2,10,000 ക്യുബിക് മീറ്റര്‍ ദ്രവീകൃത പ്രകൃതിവാതകവുമായാണ്(എല്‍എന്‍ജി) അല്സഫ്ലിയ പനാമ കനാല്‍ പിന്നിട്ടത്. 315 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ മെയ് 12നാണ് 82 കിലോമീറ്റര്‍ പനാമ കനാല്‍ ദൂരം വിജയകരമായി പിന്നിട്ട് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. ചരിത്രപരമായ നാഴികക്കല്ലാണ് പിന്നിട്ടതെന്ന് ഖത്തര്‍ ഗ്യാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ഗ്യാസ് കൈവരിച്ച ഈ നേട്ടത്തില്‍ അത്യധികമായ അഭിമാനമുണ്ടെന്ന് ഊര്‍ജ കാര്യസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അല്‍കഅബി പറഞ്ഞു. സുരക്ഷിതവും വിശ്വാസയോഗ്യവുമായ എല്‍എന്‍ജി കമ്പനിയെന്ന നിലയില്‍ കമ്പനിയുടെ ശേഷിയുടെ കാര്യത്തില്‍ മറ്റൊരു അളവുകോലാണ് ഈ നേട്ടം. ഈ ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചതില്‍ ഖത്തര്‍ ഗ്യാസിനെയും പനാമ കനാല്‍ അതോറിറ്റിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ പ്രൗഢമായ പാരമ്പര്യമാണ് ഖത്തര്‍ ഗ്യാസിനുള്ളതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ഖത്തര്‍ ഗ്യാസിന്റെയും വെസ്സല്‍ ഓപ്പറേറ്ററായ പ്രോണവ് ഷിപ്പ് മാനേജ്മെന്റിന്റെയും മാസങ്ങള്‍ നീണ്ട ശ്രദ്ധയോടെയുള്ള ആസൂത്രണത്തിന്റെയും പനാമ കനാല്‍ അതോറിറ്റിയുമായുള്ള അടുത്ത സഹകരണത്തിന്റെയും ഫലമാണ് ഈ നേട്ടം.