in ,

പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നതായി മന്ത്രാലയം

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിസ്ഥിതി സംരക്ഷണ പ്രകൃതി വിഭവ വന്യജീവി സംരക്ഷണ വകുപ്പ് 2019ല്‍ പിടികൂടിയത് 393 പരിസ്ഥിതി ലംഘനങ്ങള്‍. പരിസ്ഥിതി നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരോധിത സ്ഥലങ്ങളില്‍ ഒട്ടകങ്ങളെ മേക്കുന്നത് സംബന്ധിച്ചതുള്‍പ്പടെയുള്ള നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വേട്ട നിയമവും നിരവധി പേര്‍ ലംഘിച്ചിട്ടുണ്ട്. അനുമിതിയില്ലാത്ത സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുക, നിയമവിരുദ്ധമായി മരം മുറിക്കുക, നിരോധിത പക്ഷികളെ വേട്ടയാടുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മലിനജലം ഒഴുക്കിക്കളയുക, നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ നിര്‍മാണാവശിഷ്ടങ്ങള്‍ പുറന്തള്ളുക തുടങ്ങിയ ലംഘനങ്ങളും കൂടുതലായി രജിസ്റ്റര്‍ ചെയ്തു. വിവിധ സ്‌കൂളുകളുമായി സഹകരിച്ച് നിരവധി ശുചീകരണ കാമ്പയിനുകളും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാ വകുപ്പുകളുമായും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിയമലംഘനങ്ങള്‍ തടയുന്നതിന് പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പരിസ്ഥിതിക്ക് ഹാനികരമാകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
നിയമലംഘനം തടയുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെന്നും കാമ്പയിന്‍ ഊര്‍ജിതമായി നടപ്പാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ 217 മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൈറ്റസുമായി ബന്ധപ്പെട്ട് മൂന്നു പിടിച്ചെടുക്കലും കല്ല് പൊട്ടിക്കലുമായി ബന്ധപ്പെട്ട് 11 നിയമലംഘനങ്ങളും പിടികൂടി. പരിസ്ഥിതിയും ഹരിതസ്ഥലവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തൊട്ടാകെ പ്രത്യേക പട്രോളിങ് ടീമിനെ വിന്യസി്ച്ചിട്ടുണ്ട്.
എന്തെങ്കിലും വിധത്തിലുള്ള പാരിസ്ഥിതിക നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 998 എന്ന ഹോട്ട്‌ലൈനില്‍ വിളിച്ച് അധികൃതരെ അറിയിക്കാം. നിയമലംഘനങ്ങള്‍ കണ്ണില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് പ്രവാസികളോടും സ്വദേശികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാരിസ്ഥിതിക സുരക്ഷയും പരിപാലനവും ഉറപ്പാക്കുന്നതിനായി ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ എട്ടു പട്രോളിങ് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്ന് വകുപ്പ് ഡയറക്ടര്‍ ഉമര്‍ സലേം അല്‍നുഐമി വ്യക്തമാക്കി. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയെന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സംരക്ഷണമെന്നത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണം. മാലിന്യങ്ങള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രമായിരിക്കണം നിക്ഷേപിക്കേണ്ടത്.
രാജ്യത്തിന്റെ ഹരിതാഭ കാത്തുസൂക്ഷിക്കുന്നതില്‍ ഓരോരുത്തരും അവരുടേതായ സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന് മന്ത്രാലയം വലിയ പ്രാധാന്യവും പരിഗണനയും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വൈകല്യവും വികസനവും: രാജ്യാന്തര സമ്മേളനത്തിന് തുടക്കമായി

എരഞ്ഞോളി മൂസ കലാ പുരസ്‌കാരം കണ്ണൂര്‍ ശരീഫിന്‌