
ദോഹ: ഖത്തര്‍ പരിസ്ഥിതിയുടെ സംരക്ഷണവും എല്ലാത്തരം മലിനീകരണങ്ങളില്‍ നിന്നും സ്വതന്ത്രമായി സൂക്ഷിക്കുന്നതും പൗരന്മാരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു. താമസക്കാര്‍, വിദ്യാര്‍ഥികള്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വെള്ളിയാ്‌ഴ്ച ഉച്ചക്കുശേഷം സിക്രീത് ബീച്ചില്‍ മന്ത്രാലയം സംഘടിപ്പിച്ച ശുചീകരണ കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്ലാസ്റ്റിക് ഇല്ലാത്ത കടല്‍’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ ദോഹ പരിസ്ഥിതി പ്രവര്‍ത്തന പദ്ധതി, അല്‍ മീര കമ്പനി, നിരവധി സ്‌കൂളുകള്‍ എന്നിവയുമായി സഹകരിച്ചായിരുന്നു കാമ്പയിന്‍. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
സ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, സിവില്‍ സൊസൈറ്റി എന്നിവയില്‍ നിന്നുള്ള പങ്കാളികളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടര്‍ച്ചയായി നടത്തിവരുന്ന കര്‍മ്മപദ്ധതികളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് കാമ്പയിന്‍. രാജ്യത്തിന്റെ പരിസ്ഥിതിയെ അതിന്റെ എല്ലാ ഘടകങ്ങളും സഹിതം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുവജനങ്ങളെയും സമൂഹത്തിലെ അംഗങ്ങളെയും ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
മലിനീകരണത്തില്‍ നിന്ന് ഖത്തറിന്റെ കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കുന്നതിന് മന്ത്രാലയം പ്രതിവര്‍ഷം നിരവധി സന്നദ്ധ, പതിവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പൊതു ശുചിത്വവുമായി ബന്ധപ്പെട്ട വകുപ്പ് ഏറ്റെടുത്തിട്ടുള്ള വലിയ ശ്രമങ്ങളെ പ്രശംസിക്കുന്നതായും മന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.