
ദോഹ: പരിസ്ഥിതി സൗഹദ വികസനത്തിന്റെ സവിശേഷമായ മാതൃകയായി ഹമദ് തുറമുഖം മാറുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ ഏറ്റവും വലുതും നൂതനവുമായ തുറമുഖമെന്നതിനൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ വികസനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്.
സമുദ്രയാന വ്യവസായത്തിന്റെ ഹബ്ബായി അതിവേഗം മാറുന്ന തുറമുഖം പരിസ്ഥിതിക്കിണങ്ങുന്ന വികസനത്തിനൊപ്പമാണ് കുതിക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് തുറമുഖത്തില്‍ നടപ്പാക്കിയിരിക്കുന്നത്. തുറമുഖത്തിലെത്തുന്ന കപ്പലുകളുടെ എണ്ണത്തിലും ചരക്കുനീക്കത്തിലുമെല്ലാം വര്‍ധനവുണ്ടാകുന്നുണ്ട്.
ഖത്തറിന്റെ വ്യവസായ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരുപങ്കും ഹമദ് തുറമുഖത്തെ കേന്ദ്രീകരിച്ചാണ്. സുസ്ഥിരമാര്ഗങ്ങളുപയോഗിച്ചാണ് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഖത്തര്‍ തുറമുഖ പരിപാലന കമ്പനിയായ മവാനി ഖത്തര്‍ ഇതുസംബന്ധമായ വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് തുറമുഖത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മേഖലയിലെ തന്നെ ഏറ്റവും വലതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതിയാണ് ഹമദ തുറമുഖം. ഇതിലേറ്റവും സുപ്രധാനമെന്നത് പവിഴപ്പുറ്റുകളുടെ പുനര്‍വിന്യാസമാണ്. തുറമുഖത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി 12,500ലധികം കട്ടിയുള്ള പവിഴപ്പുറ്റുകളെയാണ് ഇവിടെനിന്നും മാറ്റി മറ്റു സുരക്ഷിത വാസകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ഹമദ് തുറമുഖത്തിന്റെ വികസനത്തിനൊപ്പം പരിസ്ഥിതി പരിപാലനത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. 14,300 സ്ക്വയര്‍മീറ്റര്‍ കടല്‍പ്പായല്‍, 31,700 സമുദ്രസസ്യവിത്തുകള്, അവിസീനയ മരങ്ങള്‍ എന്നിവയെല്ലാം സുരക്ഷിതമായി മാറ്റുകയും പരിപാലിക്കുകയും എണ്ണമറ്റ സമുദ്രജീവികളെ പോഷിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഹമദ് തുറമുഖം വികസിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച ഹരിത തുറമുഖങ്ങളിലൊന്നായി ഹമദിന് ഈ ജൂണില്‍ രാജ്യാന്തര അംഗീകാരം ലഭിച്ചിരുന്നു. ഹമദ് തുറമുഖത്തിന്റെ നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മവാനി ഖത്തര്‍ വ്യക്തമാക്കി. 2016 നവംബറില്‍ ഹമദ് തുറമുഖത്തിന് ഏറ്റവും വലിയ സ്മാര്‍ട്ട്- പരിസ്ഥിതി സൗഹൃദ പദ്ധതിക്കുള്ള രാജ്യാന്തര പുരസ്കാരവും തുറമുഖം നേടിയിരുന്നു.
ഹമദ് തുറമുഖത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ രാജ്യാന്തര സംഘടനകള്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഹമദ് തുറമുഖത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട് ലോക തുറമുഖ സുസ്ഥിരതാ പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.