
ആര്‍ റിന്‍സ്
ദോഹ
പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട് സിറ്റിയാക്കി എജ്യൂക്കേഷന്‍ സിറ്റിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ട്രാം സര്‍വീസ് നടപ്പാക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിര വികസനമാണ് എജ്യൂക്കേഷന്‍ സിറ്റി ലക്ഷ്യമിടുന്നത്. ഊര്‍ജം ലാഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ട്രാം ഏറെ പ്രയോജനം ചെയ്യും. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ ട്രാം സിസ്റ്റമാണ് ഇവിടത്തേത്. ഖത്തറിന്റെ പൊതുഗതാഗതമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതാണ് ഈ പദ്ധതി. ഖത്തറിലെ കടുത്ത ചൂടും ഹ്യുമിഡിറ്റിയും നേരിടാന്‍ തക്ക ശേഷിയുള്ളതാണ് എജ്യൂക്കേഷന്‍ സിറ്റി ട്രാമുകള്‍.
ക്ലൈമറ്റ് ചേംബറിനുള്ളില്‍ ഖത്തറിന്റെ വേനല്‍ക്കാലത്തെ താപനില സൃഷ്ടിച്ച്് പരീക്ഷണം നടത്തി ഇക്കാര്യം നിര്‍മാതാക്കളായ സീമെന്‍സ് കമ്പനി ഉറപ്പാക്കിയിരുന്നു. ട്രാമിനുള്ളില്‍ താപനില 25 ഡ്രിഗ്രിയില്‍ താഴെയാക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള എസി സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കടുത്ത വെയിലില്‍ നിന്നു ട്രാമിനെ സംരക്ഷിക്കാനായി ട്രാമിന്റെ മുകളില്‍ പ്രത്യേക സണ്‍ ഷേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ട്രാമില്‍ കൂടുതല്‍ പേരുമായി സഞ്ചരിക്കുമ്പോള്‍ താപനില ഉയരാതെ നോക്കുകയും ആവശ്യത്തിന് ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. എജ്യൂക്കേഷന്‍ സിറ്റിയിലെ തെക്കും വടക്കുമുള്ള സര്‍വകലാശാലകളും അഡ്മിനിസ്ട്രറ്റീവ് കെട്ടിടങ്ങളും ഹോസ്റ്റലുകളും ട്രാം സര്‍വീസ് വഴി ബന്ധിപ്പിക്കുന്നുണ്ട്. ട്രാമില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ക്ക് ഉപയോഗിക്കാനായി ഇലക്ട്രിക് സൈക്കിളും ഒരുക്കും. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഭാഗത്താണ് ദോഹ മെട്രോയുമായി ട്രാം സര്‍വീസ് ബന്ധിപ്പിക്കുക. ഇവിടെനിന്നും ദോഹ മെട്രോയിലേക്കും ട്രാമിലേക്കും മാറിക്കയറുന്നതിനുള്ള സൗകര്യമുണ്ടാകും. 11.5 കിലോമീറ്റര്‍ ട്രാക്കില്‍ ഒരു കിലോമീറ്റര്‍ ഒഴിച്ചുള്ളവ തറ നിരപ്പിലാണ്.
ഖത്തര്‍ ഫൗണ്ടേഷന്‍ ക്യാംപസിലെ ട്രാക്കെല്ലാം തറനിരപ്പിലാണ്. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിനെയും സിദ്ര മെഡിക്കല്‍ സെന്ററിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു കിലോമീറ്റര്‍ ‘വയഡക്ട്’ തറനിരപ്പിനു മുകളിലൂടെയാണ് പോകുക. ഇവിടെ രണ്ടു സ്റ്റേഷനുമുണ്ടാകും. ദുഖാന്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ക്യാംപസുകളെ ബന്ധിപ്പിച്ച് ടണലുമുണ്ടാകും. ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ ഒഴിവാക്കി അതിവേഗം ചാര്‍ജ് ചെയ്യുന്ന ബാറ്ററി സംവിധാനത്തിലാണ് ട്രാം പ്രവര്‍ത്തിക്കുക. ഒരോ സ്റ്റേഷനിലും എത്തുമ്പോള്‍ ചാര്‍ജ് ചെയ്യുകയും അവിടെ നിന്ന് അടുത്ത സ്റ്റേഷന്‍ വരെ ഈ ചാര്‍ജില്‍ ഓടുകയുമാണ് പദ്ധതി. ട്രാമിന്റെ മുകളില്‍ സ്ഥാപിക്കുന്ന ബാറ്ററി സംവിധാനം വഴിയാണ് ഒരോ സ്റ്റേഷനിലും ചാര്‍ജ് ചെയ്യുക. 20 സെക്കന്‍ഡ് കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. ഇതിനായി സീമന്‍സ് വികസിപ്പിച്ചെടുത്ത സിട്രാസ് ഹൈബ്രിഡ് എനര്‍ജി സ്റ്റോറേജ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇതു പരിസ്ഥിതി സൗഹൃദവും ഊര്‍ജം ലാഭിക്കുന്നതുമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജീവനക്കാരുടെ പാര്‍പ്പിടം, സിദ്ര, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലേക്കും ട്രാമിലൂടെ സഞ്ചരിക്കാം. ജിപിഎസ്്് ഉപയോഗിച്ചുള്ള ബൈക്ക്്്, ബസ്്് തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളല്ലാതെ ട്രാം ഉപയോഗിച്ചും യാത്ര ചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കാമ്പസിലെ വിവിധ സ്ഥലങ്ങളിലായി ചാര്‍ജിങ് സ്റ്റേഷനുകളുമുണ്ട്്്്. മികച്ച അറിവുകള്‍ പകര്‍ന്ന് കൊടുക്കുന്നതിനൊപ്പം ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള പരിസ്ഥിതിയെ സ്‌നേഹിക്കുകയെന്ന സന്ദേശം കാമ്പസില്‍ നിന്ന് രാജ്യത്തുടനീളം എത്തിക്കാനാണ് ട്രാം സര്‍വീസിലൂടെ അധികൃതര്‍ ശ്രമിക്കുന്നത്.
സോളാര്‍ പാനലുകളിലൂടെയും കാറ്റാടിയന്ത്രങ്ങളിലൂടെയും വൈദ്യുതി ഉത്പാദിപ്പിക്കുക, കാമ്പസില്‍ കാര്‍ സര്‍വീസുകള്‍ പൂര്‍ണമായും നിരോധിച്ച് കാര്‍ബണ്‍ പുറന്തള്ളുന്നത് തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിലെ ഗതാഗതസര്‍വീസായി ദോഹ ട്രാം പദ്ധതിയെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്.